നിരപരാധി
നീണ്ടമൂക്കും വിശാലമായ നെറ്റിയുമുള്ള മീരടീച്ചര്‍ ക്ലാസെടുക്കാന്‍ വന്നാല്‍ ക്ലാസുമുറികളില്‍ നിശബ്ദത തളം കെട്ടി നില്ക്കും കാരണം ടിച്ചറെ എല്ലാ കുട്ടികള്‍ക്കും ഭയമാണ് പുരുഷന്മാരുടെ ശബ്ദത്തെ വെല്ലുന്ന ടീച്ചറുടെ ശബ്ദം മാത്രമേ ക്ലാസ് മുറികളില്‍ കേള്‍ക്കുകയുള്ളൂ.. !! പതിവു പോലെ ഒരു ദിവസം രാമായണവുമായി ബന്ധപ്പെട്ട ഒരു പാഠം ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ. പിറകില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍ അഞ്ചുകുട്ടികളില്‍ നടുവില്‍ ഇരുന്നിരുന്ന സുബൈര്‍ ഡസ്ക്കില്‍ തലവെച്ചു ഉറങ്ങുന്നത് ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടത്.!!
ടീച്ചര്‍ക്ക് ദേഷ്യം വന്നു കയ്യില്‍ ഉണ്ടായിരുന്ന ചോക്ക് സുബൈറിനു നേരെ എറിഞ്ഞു.!! ഏറ് തലയില്‍ കൊണ്ട സുബൈര്‍ ചാടി എഴുന്നേറ്റു. ചുറ്റുപാടും നോക്കി. വായില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്ന തേന്‍ ഇടതുകൈ കൊണ്ട് തുടച്ചു.!
ക്ലാസില്‍ ഇരുന്നുറങ്ങുന്നോ.. എന്നും ചോദിച്ച് ടീച്ചര്‍ അടുത്ത് വന്നു.അപ്പോഴും സുബൈറിനു താന്‍ എവിടയാ എന്നുള്ള ബോധം വന്നിരുന്നില്ല..!!
“രാമായണം എഴുതിയത് ആരാ…?
ടീച്ചറുടെ ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം സുബൈറിന്റെ നേരെ..സുബൈര്‍ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി അവരെല്ലാം വായ പൊത്തിചിരിക്കുന്നു. എന്തോ അപരാധം തന്റെ പേരില്‍ നടന്നിരിക്കുന്നു. !! സുബൈര്‍ തന്റെ നിരപരാധിത്വം ടീച്ചറോട് പറഞ്ഞു.
“ടീച്ചറെ ഞാനല്ല..!!
ടീച്ചറുടെ ദേഷ്യം ഇരട്ടിച്ചു.!! സുബൈറിന്റെ ചെവിയില്‍ പിടിച്ചു പുറത്തേക്ക് വലിച്ചു. സുബൈറിന്റെ കണ്ണില്‍ പൊന്നീച്ചപാറി. !!ചെവിയില്‍ പിടിച്ചു കൊണ്ട് തന്നെ സുബൈറിനെ ടീച്ചര്‍ ക്ലാസിന്റെ പുറത്താക്കി.!!
ഇനി രക്ഷിതാവിനെ വിളിച്ചു കൊണ്ട് വന്ന് ക്ലാസില്‍ കയറിയാല്‍ മതി എന്നും പറഞ്ഞു.!! പാവം..സുബൈര്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയ വിഷമത്തില്‍ വീട്ടില്‍ ചെന്ന് ഉപ്പയോട് കാര്യം പറഞ്ഞു..!! പറമ്പില്‍ തെങ്ങിന് തടം കെട്ടികൊണ്ടിരുന്ന ഉപ്പ ചെയ്യാത്ത കുറ്റത്തിനു മകനെ പുറത്താക്കിയ ടീച്ചറോടുള്ള ദേഷ്യം മനസ്സില്‍ വെച്ചു. !!പിറ്റേ ദിവസം സുബൈറിന്റെ കൂടെ സ്കൂളില്‍ ചെന്നു.!!
“എന്തിനാ ടീച്ചറെ ഇവനെ പുറത്താക്കിയത്?
മനസ്സിലുള്ള ദേഷ്യം പുറത്തുകാണിക്കാതെ ഉപ്പ ടിച്ചറോട് ചോദിച്ചു.!!
“ഇവന് വന്നു വന്നു ക്ലാസില്‍ ഒരു ശ്രദ്ധയും ഇല്ലാതെ വഷളായിക്കൊണ്ടിരിക്കാ..
ഇന്നലെ ഞാന്‍ ക്ലാസ് എടുക്കുന്നതിനിടെ ഇവനോട് ചോദിച്ചു ആരാ..രാമായണം എഴുതിയതെന്നു..അതിനു ഇവന് ഉത്തരം പറഞ്ഞത് 'ഞാനല്ല ടീച്ചറെ'..എന്നാ….
ടിച്ചര്‍ സുബൈറിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഉപ്പയോട് പറഞ്ഞു.!!
ഇത് കേട്ട ഉടനെ..ഉപ്പ പറഞ്ഞു..!! “
“ടീച്ചറെ..ഞമ്മന്റെ മകനായത് കൊണ്ട് പറയല്ല..ഇവനതു ചെയ്യൂലാ അതെനിക്കുറപ്പാ ഇബന്റെ മൂത്തോന് ഒരുത്തനുണ്ട് ഷുക്കൂര്‍ ..അവനാവും ചിലപ്പോള്‍ എഴുതിയത്!
മിനിഞ്ഞാന്ന് രാത്രി ഷുക്കൂര്‍ ഇരുന്നു എന്തോ..എഴുതുന്നത് ഞമ്മളും കണ്ടതാ ടീച്ചറെ…ഇവന് അങ്ങിനെയൊന്നും ചെയ്യില്ലാന്നു മാത്രമല്ല..മിനിയാന്ന് ഇവന് പുരയില്‍ ഉണ്ടായിരുന്നിട്ടെ ഇല്ല ഓന്റെ ഉമ്മാന്റെ കുടീലായിരുന്നു. പിന്നെ എങ്ങിനെയാ..ടീച്ചറെ.. സുബൈര്‍ രാമായണം എഴുതാ..?
ഉപ്പയുടെ മറുപടിയും ചോദ്യവും കേട്ട മീരടീച്ചര്‍ ഞെട്ടിത്തരിച്ചു..!!
“ഉപ്പാ..നിങ്ങള്‍ പോയിക്കോളൂ..ഞാന്‍ സുബൈറിനെ ക്ലാസ്സില്‍ കയറ്റിക്കൊള്ളാം..
പുറത്തേക്ക് വന്ന പൊട്ടിച്ചിരി പാട് പെട്ട് കടിച്ചമര്‍ത്തി.സുബൈറിന്റെ ഉപ്പയെ നോക്കി ടീച്ചര്‍ പറഞ്ഞു!
സുബൈര്‍ പറഞ്ഞിട്ട് വിശ്വസിക്കാത്ത ടീച്ചര്‍ ഉപ്പയുടെ വാക്കുകള്‍ വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ ഉപ്പ സുബൈറിനെ ഒന്ന് തലോടി വീട്ടിലേക്ക് മടങ്ങി. !! തന്റെ നിരപരാധിത്വം തെളിയിച്ചു എന്ന അഹംഭാവത്തില്‍ സുബൈര്‍ നെഞ്ച് വിരിച്ച് ക്ലാസ് മുറിയിലേക്കും കയറി.!!
എവിടെയോ കേട്ട് മറന്ന ഒരു നര്‍മ്മം
എന്റെ ഭാവനയില്‍ എഴുതിയപ്പോള്‍..!!