59
March 25, 2010 Post By: സിനു

"അവന്‍ വരും..വരാതിരിക്കില്ല!!

കോളേജ് ഫെസ്റ്റ് അടുത്തതോടെ കലാപരിപാടിക്ക്‌ പേര് കൊടുത്ത വിദ്യാര്‍ത്ഥികളെല്ലാം റിഹേഴ്സല്‍ തിരക്കിലാണ്.! ഇത് കണ്ട ബാബുവിനും ഒരു നാടകത്തില്‍ അഭിനയിക്കണമെന്നു തോന്നി.
ബാബു സുഹൃത്തായ ഫൈസലിനോട് കാര്യം പറഞ്ഞു..!!

“നമുക്കും ഒരു നാടകത്തിനു പേര് കൊടുക്കാം. റിഹേഴ്സലിന്‍റെ പേരില്‍ പേടികൂടാതെ ക്ലാസ് കട്ട്‌ ചെയ്യാമല്ലോ…
ഫൈസലിനും സംഗതി കൊള്ളാമെന്നു തോന്നി.!!

അങ്ങിനെ ബാബുവും ഫൈസലും മറ്റു കൂട്ടുകാരുമായി ആലോചിച്ചു നാടകത്തിനു പേര് കൊടുത്തു.!
പിറ്റേ ദിവസം മുതല്‍ നാടകറിഹേഴ്സലിന്‍റെ പേരില്‍ അവര്‍ ക്ലാസ് കട്ട്‌ ചെയ്യാന്‍ തുടങ്ങി.!!
എല്ലാ ദിവസവും ക്ലാസ്സില്‍ നിന്നിറങ്ങി സിനിമാടാക്കീസുകള്‍ മാറി മാറി കയറീ എന്നല്ലാതെ നാടക റിഹേഴ്സലിനെ കുറിച്ച് അവര്‍ ചിന്തിച്ചതേയില്ല .!!

അങ്ങിനെ ഫെസ്റ്റിന്റെ ദിവസം അടുത്തെത്തി..!!
അപ്പോഴാണ് അവരെ നാടകം പഠിപ്പിക്കാമെന്ന് ഏറ്റിരുന്ന വാസു മാഷ്‌ കാലുമാറിയ വിവരം അവര്‍ അറിയുന്നത്.!!
ഇനി എങ്ങിനെ പ്രിന്‍സിപ്പാളിനോട് വിവരം പറയും..?
നാടകത്തിന്റെ പേരില്‍ എത്ര എത്ര ക്ലാസുകള്‍ കട്ട് ചെയ്തു. !!

പ്രിന്‍സിപ്പാള്‍ ആളൊരു ചൂടനാണ്‌..ദേഷ്യം വന്നാല്‍ അടിയല്ല നല്ല ഇടിയാണ് പതിവ്.!!

അതുകൊണ്ട് നാടകം പടിപ്പിക്കാമെന്ന് ഏറ്റ വാസു മാഷ്‌ കാലു മാറിയ വിവരം തുറന്നു പറയാനൊക്കില്ല.!! ഇനി എന്തു ചെയ്യും ?അവര്‍ ധര്‍മ്മ സങ്കടത്തിലായി.!!

കൂട്ടുകാരെല്ലാം ഭയന്ന് ബാബുവിന്‍റെ ചുറ്റും കൂടി കൂട്ടത്തില്‍ ധൈര്യശാലി ബാബു തന്നെയാണ്.
മാത്രവുമല്ല ഇതിനെല്ലാം കാരണക്കാരനും അവന്‍ തന്നെയല്ലെ...!

“നിങ്ങള്‍ വിഷമിക്കേണ്ട -അത് എനിക്ക് വിട്ടേക്ക് ഞാന്‍ കൈകാര്യം ചെയ്തോളാം..

തൊലിക്കട്ടിയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ലാത്ത ബാബു കൂട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്നു.!! അവര്‍ക്ക് സമാധാനമായി ബാബു എന്തെങ്കിലും ഐഡിയ കണ്ടുകൊള്ളും.!

അങ്ങിനെ കാത്തിരുന്ന ആ കലോത്സവ ദിവസം വന്നെത്തി..!!
വേദിയില്‍ കലാപരിപാടികള്‍ ഓരോന്നായി അരങ്ങേറികൊണ്ടിരുന്നു.! അടുത്തത് ബാബുവിന്‍റെയും കൂട്ടുകാരുടേയും നാടകം.!!

കര്‍ട്ടന്‍ മെല്ലെ മെല്ലെ ഉയര്‍ന്നു..!! ..നീളന്‍ ജുബ്ബയും മുണ്ടും വലിയൊരു കണ്ണടയും തോളില്‍ ഒരു സഞ്ചിയുമായ് ബാബു സ്റ്റേജില്‍ എത്തി ! വേദിയില്‍ പിന്നണി സംഗീതം മുഴങ്ങികൊണ്ടിരുന്നു.!!
ബാബു പതുക്കെ പതുക്കെ വേദിയിലുള്ള ബെഞ്ചില്‍ വന്നിരുന്നു. വലിയ ഒരു നാടക നടന്‍റെ ഭാവത്തില്‍.!! .കാണികളെല്ലാം ആകാംശയോടെ നോക്കിക്കൊണ്ടിരിക്കുന്നു.!!
ഫൈസലിനും മറ്റ് കൂട്ടുകാര്‍ക്കും ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.!!..ഇവനെന്താണാവോ ചെയ്യാന്‍ പോവുന്നത് എന്നോര്‍ത്ത്.!!!
വേദിയിലെ പിന്നണി സംഗീതവും ആസ്വദിച്ച് ബാബു അനങ്ങാതെ ഇരുന്നു. കുറച്ച് നേരം അതേ ഇരുത്തം പിന്നെ പതുക്കെ എഴുന്നേറ്റ് മൈക്ക് കെട്ടിയിട്ട ഭാഗത്തേക്ക് വന്നു ഒരൊറ്റ ഡയലോഗ്..

"അവന്‍ വരും..വരാതിരിക്കില്ല"!!!

ബാബു ഉച്ചത്തില്‍ പറഞ്ഞു. എന്നിട്ട് വീണ്ടും അതേ ബെഞ്ചില്‍ പോയിരുന്നു.!!


പിന്നെയും മിനുറ്റുകള്‍ക്ക് ശേഷം മൈക്കിനടുത്തേക്ക് വന്നു അതേ ഡയലോഗ് തന്നെ.!!.

“അവന്‍ വരും..വരാതിരിക്കില്ല!!

ബാബു ഒരു കൂസലുമില്ലാതെ വീണ്ടും അതേ ബെഞ്ചില്‍ പോയി ഇരുന്നു.!!

കാണികള്‍ മുറുമുറുപ്പും സംസാരവും തുടങ്ങി..!! പ്രിന്‍സിപ്പാള്‍ മുന്നില്‍ തന്നെ ഇരിപ്പുണ്ട്. കാണികളില്‍ ചിലര്‍ കൂവാന്‍ തുടങ്ങി.!!
ബാബു പതുക്കെ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു ..രണ്ടു ചെരിപ്പും തോളിലുള്ള സഞ്ചിയും കയ്യില്‍ പിടിച്ചു.എന്നിട്ട് കര്‍ട്ടന്‍ വലിക്കുന്ന കുമാരന്‍റെ അടുത്ത് ചെന്നു..

“വരുമെന്ന് കരുതിയിരുന്നു..പക്ഷെ..വരാമെന്ന് പറഞ്ഞ ആളെ കാണുന്നില്ല… നിങ്ങള്‍ കര്‍ട്ടന്‍ താഴ്ത്തിയേക്കൂ...


കുമാരന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ തുടങ്ങിയതും ബാബു കയ്യിലുള്ള ചെരിപ്പും സഞ്ചിയും പിടിച്ചു ഒരൊറ്റ ഓട്ടം.!!
ഫൈസലും കൂട്ടുകാരും മുകളിലത്തെ നിലയില്‍ നിന്നും എല്ലാം നോക്കികാണുകയായിരുന്നു.!! പിറ്റേ ദിവസം പ്രിന്‍സിപ്പാള്‍ ബാബുവിനെ ഓഫീസ് റൂമില്‍ വിളിപ്പിച്ചു.

“ നീ നാളെ രക്ഷിതാവിനെ കൊണ്ട് വന്ന് ക്ലാസ്സില്‍ കയറിയാല്‍ മതി..

പ്രന്‍സിപ്പാള്‍ ദേഷ്യത്തില്‍ തന്നെയാണ്..!!


“സാര്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്‍റെ ഭാഗം ഞാന്‍ നന്നായി അഭിനയിച്ചില്ലേ..?
വരാമെന്ന് പറഞ്ഞ ആ.,, കഴുവേറി മോന്‍ വരാത്തതിനു ഞാനെന്തു ചെയ്യാനാ ..

ബാബുവിന്‍റെ ഉത്തരം കേട്ട പ്രന്‍സിപ്പാള്‍…..വായ് പൊളിച്ചു നിന്നു പോയി.!!

59
March 4, 2010 Post By: സിനു

ഒരു പെരുന്നാള്‍ രാവിന്‍റെ ഓര്‍മയില്‍….

ഇരുപത്തിഒന്‍പത് ദിവസത്തെ വൃതത്തിനു വിരാമം അറിയിച്ചു കൊണ്ട് ആകാശത്ത് റംസാന്‍ ചന്ദ്രിക മിന്നി മറഞ്ഞു. പള്ളിയില്‍ ചെറിയപെരുന്നാള്‍ സന്ദേശം അറിയിച്ചു കൊണ്ട് തഖ്ബീര്‍ ധ്വനി മുഴങ്ങി.ചെറിയപെരുന്നാളിന്‍റെ ആഘോഷത്തിനു തുടക്കമായി . അയല്‍പക്കത്തെ കുട്ടികള്‍ കയ്യില്‍ മൈലാഞ്ചിയിട്ടും, പടക്കം പൊട്ടിച്ചും പെരുന്നാളാഘോഷം തുടങ്ങിക്കഴിഞ്ഞു. !
നേരം വെളുത്താല്‍ പെരുന്നാളാണ്.അരിയും സാധനങ്ങളും ഇതുവരെയും കിട്ടിയിട്ടില്ല . നഫീസുവിന്‍റെ മനസ്സിലെ തീ ആളിക്കത്തികൊണ്ടിരുന്നു. മാനുക്ക രാവിലെ പോയതാണ് ഇതുവരെയും വന്നിട്ടില്ല. സുബൈര്‍ പുതിയ കുപ്പായം കിട്ടാത്തത് കൊണ്ട് ചിണുങ്ങിയും കരഞ്ഞും ഇടയ്ക്കിടയ്ക്കു ഉപ്പ വരുന്നുണ്ടോ എന്ന് നോക്കി ഇടവഴിയിലേക്ക് കണ്ണും നട്ടിരിപ്പാണ്. നഫീസു ഓലപ്പുരയുടെ ഇറയത്തിറങ്ങി ഇടവഴിക്കപ്പുറത്തെ പാടവരമ്പിലേക്ക് നോക്കി . ഇല്ല മാനുക്കാനെ കാണുന്നില്ല..!!
“ഉമ്മാ ഉപ്പ വരുമ്പോ പുത്തന്‍കുപ്പായം കൊണ്ടരില്ലെ ?
സുബൈര്‍ ചിണുങ്ങികൊണ്ട് ഉമ്മന്‍റെ അരികിലേക്ക് ചെന്ന് ഉമ്മാടെ അരയില്‍ രണ്ട് കൈകൊണ്ടും വട്ടം ചുറ്റിപ്പിടിച്ചു. തേങ്ങി കൊണ്ട് ചോദിച്ചു.
“കൊണ്ടരും ഉമ്മാടെ കുട്ടിക്ക് ഉപ്പ വരുമ്പോ പുതിയ കുപ്പായം കൊണ്ടരും മുത്ത് കരയണ്ട..
സുബൈറിന്‍റെ തലയിലൂടെ സ്നേഹത്തോടെ കൈവിരല്‍ ഓടിച്ചു കൊണ്ട് നഫീസു മകനെ സമാധാനിപ്പിച്ചു !!.
മാനുക്കാക്ക് കാലിച്ചാക്കുകള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങി അത് തുന്നിക്കൂട്ടി വില്‍ക്കുന്ന ജോലിയാണ്.പുരയില്‍ നിന്നും അതിരാവിലെ പോയാല്‍ നേരം ഇരുട്ടിയിട്ടെ വരികയുള്ളൂ.. മാനു തിരിച്ച് വരുന്നത് വരെ നഫീസുവിന് ആദിയാണ്. ആസ്ത്മ രോഗമുള്ള ആളാണ് ഇടയ്ക്ക് ശ്വാസം വലിക്കാന്‍ മാനുക്ക പെടാപ്പാട് പെടും. ഇന്‍ഹേലര്‍ വായിലേക്കടിച്ചാല്‍ ശ്വാസം മുട്ടിനു സമാധാനം ഉണ്ടാവും എപ്പോഴും അതും കീശയിലിട്ടാണു നടപ്പ് . ചാക്ക് വിറ്റുകിട്ടുന്ന കാശില്‍ ഭൂരിഭാഗവും മരുന്നു വാങ്ങി കഴിയും എന്നാലും സന്തോഷത്തോടയാണ് അവരുടെ ജീവിതം. സുബൈറിലാണു അവരുടെ പ്രതീക്ഷ മുഴുവന്‍. അവനിപ്പോള്‍ മൂന്നാം ക്ലാസിലാണ് നന്നായി പഠിക്കാന്‍ മിടുക്കുള്ള കുട്ടിയാ എന്ന് നെടുങ്ങാടിമാഷ് മാനുവിനെ കാണുമ്പോഴെല്ലാം പറയാറുണ്ട്.
നോമ്പ് നോറ്റ് പോയതാ സാധാരണ വരുന്ന സമയവും കഴിഞ്ഞിരിക്കുന്നു. “പടച്ചോനെ എന്‍റെ മാനുക്കാനെ നീ കാക്കണേ.. നഫീസു നെടുവീര്‍പ്പോടെ മാനുക്കാനെ കാത്തിരുന്നു.
“ നഫീസൂ ,,,, മാനു വന്നില്ലെ ?
അയല്‍പകത്തെ റുഖിയത്തയാണ്. കയ്യില്‍ ഒരു സഞ്ചിയും ഉണ്ട് അതു നഫീസുവിന്‍റെ നേരെ നീട്ടി.
“ഇതാ ,,, ഫിത്വര്‍ ‍സക്കാത്തിന്‍റെ അരിയാണ്.”
നഫീസു സഞ്ചി വാങ്ങി റുഖിയത്തയോട് കയറിയിരിക്കാന്‍ പറഞ്ഞു.
“ഇല്ല ഇരിക്കുന്നില്ല പോവാണ് കുട്ടികള്‍ എല്ലാരും വന്നിട്ടുണ്ടവിടെ .
“ഇവനെന്തിനാ കരയുന്നത് ?
തിരിഞ്ഞു പോവാന്‍ തുനിഞ്ഞ റുഖിയത്ത സുബൈറിനെ നോക്കി ചോദിച്ചു.
നഫീസു മറുപടി ഒന്നും പറഞ്ഞില്ല . എങ്കിലും റുഖിയാത്തക്ക് കാര്യം മനസ്സിലായി പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല. സുബൈറിന്‍റെ നിഷ്കളങ്കമായ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു. സുബൈര്‍ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്ന കണ്ണുനീര്‍ പുറംകൈ കൊണ്ട് തുടച്ചു ഉമ്മാടെ അടുത്തേക്ക് കൂടുതല്‍ നീങ്ങി നിന്നു.റുഖിയത്ത യാത്ര പറഞ്ഞു പോയി. നഫീസു സുബൈറിനെയും വിളിച്ച് പുരക്കകത്തേക്ക് കയറി.
കിട്ടിയ ചാക്കുകള്‍ എല്ലാം കടയില്‍ കൊടുത്ത് അവിടന്ന് കിട്ടിയ കാശുമായി മാനു അടുത്ത് കണ്ട ടെക്സ്റ്റൈല്‍സിലേക്ക് കയറി . സുബൈറിന് ഒരു ഷര്‍ട്ടും ട്രൌസറും എടുത്തു.  നഫീസുവിനു ഒരു സാരിയും. എല്ലാ ചെറിയ പെരുന്നാള്‍ക്കും നഫീസുവിനു ഒരു സാരിയുണ്ടാവും പെരുന്നാള്‍ കഴിഞ്ഞാല്‍ നഫീസു അതു എടുത്ത് വെക്കും ബലിപെരുന്നാളുവരെ.. ബലി പെരുന്നാളിനു പുതിയത് വാങ്ങില്ല. മാനു വാങ്ങിക്കാം എന്നു പറഞ്ഞാലും ഭര്‍ത്താവിന്‍റെ കഷ്ടപ്പാട് ശരിക്കറിയുന്ന നഫീസു സമ്മതിക്കില്ല.
ബാക്കി വന്ന കാശുകൊണ്ട് അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങളും വാങ്ങി പെരുന്നാള്‍ തിരക്കില്‍ മുങ്ങിയ അങ്ങാടിയിൽ കൂടി മാനു പുരയിലേക്ക് നടന്നു. സുബൈര്‍ ഉറങ്ങുന്നതിനു മുന്‍പ് ചെല്ലണം രാവിലെ പോരുമ്പോള്‍ അവനോട് പുത്തന്‍ കുപ്പായവുമായി നേരത്തെ വരാം എന്നു പറഞ്ഞു പോന്നതാ. പ്രതീക്ഷിച്ചത്ര ചാക്കുകള്‍ കിട്ടിയില്ല സമയം ഒരുപാട് വൈകി .. പാവം കരയുന്നുണ്ടാവും.. മാനു നടത്തത്തിനു വേഗത കൂട്ടി.
“മാനൂ…. നില്‍ക്കൂ..ഞാനും ഉണ്ട്.
പിറകില്‍ സുകുമാരന്‍. പപ്പടകച്ചവടം കഴിഞ്ഞ് സുകുമാരന്‍ കാലിവട്ടിയുമായ് മാനുവിന്‍റെ അടുത്തേക്ക് ഓടി വന്നു . സാധാരണ തൃസന്ധ്യയാവുന്നതിനു മുമ്പ് വീടണയുന്ന സുകുമാരന്‍ പെരുന്നാള്‍ കച്ചവടമായത് കൊണ്ട് വൈകിയതാണ്. കൂട്ടിനു ആളെ നോക്കി വഴിയില്‍ നില്‍ക്കുവായിരുന്നു . അവര്‍ ഒരോരോ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് നടന്നു. ടാറിട്ട റോഡില്‍ നിന്നും ചെങ്കല്‍പാതയിലേക്ക് കയറി. ചെങ്കല്‍ പാത അവസാനിക്കുന്നിടത്ത് സുകുമാരന്‍റെ വീട്. പിന്നെ പാടവരമ്പിലൂടെ കുറച്ചു കൂടി നടന്ന് ഇടവഴിയില്‍ കയറിയാല്‍ മാനുവിന്‍റെ പുര.
സുകുമാരന്‍റെ വീടിന്‍റെ മുമ്പിൽ എത്തി.
“മാനൂ ഒരു ചൂട്ട് കത്തിച്ചിട്ട് പോവാം വരമ്പിലൂടെ പോവണ്ടതല്ലെ?
വീട്ടിലേക്ക് കയറും മുന്‍പ് സുകുമാരന്‍ മാനുവിനോട് പറഞ്ഞു.
“വേണ്ട.. കുട്ടിക്കാലം മുതല്‍ നടക്കുന്ന വരമ്പല്ലെ കണ്ണുചിമ്മി നടന്നാലും ഒരല്‍പ്പം പിഴക്കില്ല. സുകുമാരനെ നോക്കി ചിരിച്ചുകൊണ്ട് മാനു പറഞ്ഞു
ഇരുട്ടില്‍ പാടവരമ്പിലൂടെ മാനു നടന്നു . വരമ്പു കഴിഞ്ഞ് ഇടവഴിയിലേക്ക് കയറിയ മാനുവിന്‍റെ കാലില്‍ എന്തോ തട്ടിയത് പോലെ ..!! കാലിനടിയില്‍ കൂടി എന്തോ ഇഴഞ്ഞു പോവുകയും ചെയ്തു. മാനുവിന്‍റെ നെഞ്ച് പിടച്ചു..!! കയ്യില്‍ ഉണ്ടായിരുന്ന സഞ്ചികള്‍ താഴെയിട്ടു . .മാനു ഇടതുകാല്‍ കൂട്ടിപിടിച്ച് താഴെ ഇരുന്നു !!.. പടച്ചോനെ പാമ്പ്..!!
“നഫീസൂ....... മാനു ഉറക്കെ വിളിച്ചു..
സുബൈറിനു ചോറ് കൊടുത്ത് ഉറക്കാന്‍ കിടത്തി മാനുക്കാനെ കാത്തിരുന്നിരുന്ന നഫീസു വിളി കേട്ടു.. ചിമ്മിനി വിളക്കുമായി പുറത്തിറങ്ങി ഇടവഴിയില്‍ മാനുക്ക വീണുകിടക്കുന്നു നഫീസു ഓടിചെന്നു.
“നഫീസൂ,,, കാലില്‍…!!!
മാനു വാക്കുകള്‍ മുഴുവനാക്കുന്നതിനു മുന്‍പേ നഫീസു പൊട്ടിക്കരഞ്ഞു ബോധമറ്റ് താഴെ വീണു. ഇടവഴിയില്‍ നിന്നും ശബ്ദം കേട്ട് റുഖിയത്ത പുറത്തിറങ്ങി നോക്കി.ഇട വഴിയിലേക്ക് ഓടിചെന്നു. കൂടെ റുഖിയത്തയുടെ മകന്‍ ബഷീറും ഇടവഴിയില്‍ കിടന്ന് പുളയുന്ന മാനുവിനെ താങ്ങിയെടുത്തു തോളിലുണ്ടായിരുന്ന മുണ്ട്കൊണ്ട് കാലില്‍ വരിഞ്ഞ് കെട്ടി. റുഖിയത്തയും അയല്‍പക്കത്തെ മറ്റു പെണ്ണുങ്ങളും കൂടി നഫീസുവിനെ താങ്ങിയെടുത്ത് വീട്ടിനകത്തേക്ക് കൊണ്ട് പോയി. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ എല്ലാവരും കൂടി മാനുവിനെ ഒരു മരക്കസേരയില്‍ ഇരുത്തി താങ്ങിപ്പിടിച്ച് പാടവരമ്പിലൂടെ ഓടി.. താഴെ വീണുകിടന്നിരുന്ന സഞ്ചികള്‍ എല്ലാം കൂടി പെറുക്കിയെടുത്ത് റുഖിയത്തയുടെ മരുമകള്‍ നഫീസുവിന്‍റെ പുരക്കകത്ത് കൊണ്ട് വെച്ചു.
കുട്ടന്‍ വൈദ്യര്‍ നേരത്തെ കിടന്നുറക്കമായിരുന്നു പുറത്ത് ആളുകളുടെ കാല്‍ പെരുമാറ്റംകേട്ട് വൈദ്യര്‍ ഉണര്‍ന്നു വാതില്‍ തുറന്നു. മാനുവിനെ വരാന്തയില്‍ കിടന്നിരുന്ന മരക്കട്ടിലിലേക്ക് കിടത്തി.
“എന്ത് വിഷാ തീണ്ട്യാത്ന്നറിയോ ?
വൈദ്യര്‍ കൂടെ വന്നവരോട് ചോദിച്ചു. അവര്‍ പരസ്പ്പരം മുഖത്തോട് മുഖം നോക്കി.
“ഇല്ല ,, ആരും കണ്ടില്ല.
വൈദ്യര്‍ എന്തൊക്കയോ പച്ചമരുന്നുകള്‍ അരച്ചു മാനുവിന്‍റെ കാലില്‍ പുരട്ടി. മാനുവിന്‍റെ നില കൂടുതല്‍ വഷളായി തുടങ്ങി .. വായില്‍ കൂടി രക്തവും നുരയും കൂടി കലര്‍ന്നു പുറത്ത് വന്നുകൊണ്ടിരുന്നു.!! കണ്ണുകളില്‍ ഇരുട്ട് കയറി. അവ്യക്തമായ ശബ്ദത്തില്‍ നഫീസുവിനെയും സുബൈറിനെയും വിളിച്ച്കൊണ്ടിരുന്നു. പതിയെ പതിയെ ഓര്‍മ നഷടമായി തുടങ്ങി.!!
“രക്ഷയില്ല.. കൂടിയ ഇനമാ…
വൈദ്യര്‍ തന്‍റെ നിസ്സഹായാവസ്ഥ കൂടെ വന്ന ഒരാളെ വിളിച്ച് രഹസ്യമായ് പറഞ്ഞു.

ഓര്‍മ തിരിച്ചു കിട്ടിയ നഫീസു മാനുക്കാനെ വിളിച്ചു കരഞ്ഞു. ഉമ്മാടെ കരച്ചില്‍ കേട്ട് സുബൈര്‍ ഉണര്‍ന്നു കാര്യമറിയാതെ അവന്‍ പകച്ചിരുന്നു. നഫീസു മകനെ കെട്ടിപ്പിടിച്ച് പൊട്ടിപൊട്ടികരഞ്ഞു.സുബൈറും കരയാന്‍ തുടങ്ങി. അടുത്ത് നില്‍ക്കുന്ന പെണ്ണുങ്ങള്‍ എങ്ങനെ അവരെ സമാധാനിപ്പിക്കണം എന്നറിയാതെ വിശമിച്ചു. നേരം പുലരാന്‍ അധികം സമയമില്ല മാനുക്കാടെ കൂടെ പോയിരുന്ന ബഷീര്‍ തിരിച്ചു വന്നു റുഖിയാത്താനെ പുറത്തേക്ക് വിളിച്ചു.
“ഉമ്മാ…. മാനുക്ക……. മാനുക്ക പോയി,!!!
റുഖിയത്ത തരിച്ചിരുന്നു. എങ്ങനെ നഫീസുവിനെ അറിയിക്കും.!!
പള്ളിയില്‍‍ സുബ്ഹി ബാങ്ക് മുഴങ്ങി.. മാനുവിന്‍റെ പൊതിഞ്ഞുകെട്ടിയ ശരീരം പുരയുടെ ഉമ്മറത്ത് എത്തി. നഫീസു വാവിട്ടു കരഞ്ഞു. അവിടെ കൂടിയവരുടെയെല്ലാം കണ്ണില്‍ വെള്ളം നിറഞ്ഞു.!!
മാനുവിന്‍റെ മരണ വിവരം അറിയിച്ചുകൊണ്ട് കുഞ്ഞിമുഹമ്മദിന്‍റെ ജീപ്പ് നാട്ടിലൂടെ തലങ്ങും വിലങ്ങും ഓടി. പെരുന്നാള്‍ നമസ്ക്കാരത്തിന്‍റെ സമയം ആയെന്നറിയിച്ചു കൊണ്ട് പള്ളിയില്‍ തഖ്ബീര്‍ മുഴങ്ങികൊണ്ടിരുന്നു.!!


“സുബൈര്‍ എന്താ സ്വപ്നം കണ്ടിരിക്കുന്നത് ?
മുമ്പില്‍ ഹക്കീം സാര്‍.
“ഹെയ് ഒന്നുമില്ല ചുമ്മാ പഴയകാര്യങ്ങള്‍ ഓരോന്ന്…...
“നിന്നെ ബോസ് വിളിക്കുന്നുണ്ട്. നിന്‍റെ ലീവ് ശരിയായിട്ടുണ്ടെന്നു തോന്നുന്നു.
“ഉമ്മ ഇന്നു രാവിലെ വിളിച്ചപ്പോഴും ചോദിച്ചു പെരുന്നാളിനു വരുന്നില്ലെ എന്ന്. രണ്ട് വര്‍ഷം കഴിഞ്ഞില്ലെ അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. ഇപ്പ്രാവശ്യം കുറച്ച് കൂടുതല്‍ നിന്നതുകൊണ്ട് വീടു പണി തീര്‍ക്കാന്‍ പറ്റി .
“വീടോ,,, അതിനു വീടെന്നാണോ പറയണ്ടത് കൊട്ടാരം എന്നു പറയൂ.. ഉമ്മ ഒറ്റയ്ക്കല്ലെ വീട്ടില്‍ ഉള്ളൂ ഇനി ഒരു കല്ല്യാണം ആവാം അല്ലെ ?
ഹക്കീംസാര്‍ സുബൈറിന്‍റെ തോളില്‍ തട്ടികൊണ്ട് പറഞ്ഞു. മരുഭൂമിയിലെ കണക്കുകളുടെയും പ്രൊജക്റ്റുകളുടെയും ഇടയില്‍ നിന്നും ഒരു താത്കാലിക മോചനം. സുബൈര്‍ ഹക്കീംസാറിനെ നോക്കി പുഞ്ചിരിച്ചു.
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ പെരുന്നാള്‍ രാവിന്‍റെ ഓര്‍മയില്‍ അടുത്ത പെരുന്നാള്‍ ഉമ്മാന്‍റെ കൂടെ കഴിയാം എന്ന സന്തോഷത്തില്‍ സുബൈര്‍ ബോസിന്‍റെ കാബിനിലേക്ക് നടന്നു.

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ