54
January 21, 2010 Post By: സിനു

വിനയായ വിനാഗിരി

ഉച്ച ഭക്ഷണം കഴിഞ്ഞു കൈയും മുഖവും കഴുകി വരുമ്പോഴാ...ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്.
ഞാന്‍ ഫോണെടുത്തു
ഹലോ....
സിനൂ ...ഇത് ഞാനാ...
ശബ്ദം കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി ഫരീദ ഇത്താത്തയാണെന്ന്-
എന്തെ...ഇത്താത്താ...
ഇത്താത്ത പറഞ്ഞു..ശനിയാഴ്ച ശഹീദ വരുന്നുണ്ട്.
അവള്‍ നാട്ടില്‍ പോയിട്ട് നാലഞ്ചു മാസം ആയില്ലേ-
റൂമൊക്കെ പൊടിപിടിച്ചു കിടക്കായിരിക്കും.ഒന്ന് പോയി വൃത്തിയാക്കണം-
നീ വരുന്നോ..?
ശരി..ഞാനും വരാമെന്ന് സമ്മതിച്ചു.
അങ്ങിനെ...വ്യാഴായ്ച്ച വൈകുന്നേരം ഞങ്ങള്‍ ശഹീദ ഇത്തയുടെ വീട്ടിലേക്ക് പോയി.
അവിടെ ചെന്ന് പൊടി തട്ടലും വൃത്തിയാക്കലും എല്ലാം കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്..
ഇത്താത്ത മകനെ കടയിലേക്ക് പറഞ്ഞയച്ചു കപ്പയും മീനും വാങ്ങിപ്പിച്ചു.
അങ്ങിനെ...ഭക്ഷണം ഉണ്ടാക്കല്‍ കഴിഞ്ഞു വിളംബാന്‍ ഒരുങ്ങുമ്പോഴാണ് ചമ്മന്തി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയത്.
പെട്ടന്ന് ഒരു ചമ്മന്തിയും തട്ടിക്കൂട്ടി.
ചമ്മന്തിയില്‍ ഒഴിക്കാനായി വിനാഗിരി അവിടെയെല്ലാം തപ്പി.ഒടുവില്‍ കുറച്ചു വിനാഗിരി ഉള്ള ഒരു കുപ്പി കിട്ടി-
അത് ചമ്മന്തിയില്‍ ഒഴിച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.
അന്നേരം..ഇത്താത്ത ആ ഒഴിഞ്ഞ കുപ്പിയില്‍ നോക്കികൊണ്ട് പറഞ്ഞു.
നമുക്ക് ഈ കുപ്പിയില്‍ പച്ചവെള്ളം ഒഴിച്ച് വെച്ച് ശഹീദയെ ഒന്ന് പറ്റിക്കാം..
അങ്ങിനെ ആ കുപ്പിയുടെ മുക്കാല്‍ ഭാഗം ഞങ്ങള്‍ വെള്ളം ഒഴിച്ച് അത് കിട്ടിയ സ്ഥലത്ത് തന്നെ കൊണ്ട് വെച്ചു.
രാത്രി ഞങ്ങള്‍ അവരവരുടെ റൂമിലോട്ട് പോന്നു.
ശഹീദ ഇത്ത നാട്ടില്‍ നിന്നും ശനിയാഴ്ച വന്നു.
ആഴ്ചകള്‍ രണ്ടുമൂന്നു കഴിഞ്ഞു...
ഒരു വെള്ളിയാഴ്ച ഉച്ചക്ക് ഞങ്ങളെല്ലാവരും ശഹീദ ഇത്തയുടെ വീട്ടില്‍ കൂടി-
അന്ന് ഉച്ചക്ക് ബിരിയാണിയിലേക്ക് ചമ്മന്തി ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ ശഹീദ ഇത്ത പറഞ്ഞു.
നിങ്ങള്‍ക്കറിയോ?ഇവിടെ ഒരു സംഭവം ഉണ്ടായിട്ടോ...
കേള്‍ക്കാനുള്ള ആകാംക്ഷയില്‍ ഞാനും ഫരീദ ഇത്തയും ഒരുമിച്ചു ചോദിച്ചു.
എന്താ സംഭവിച്ചേ...?
ശഹീദ ഇത്ത വിവരിച്ചു തന്നു-
അത് ഇങ്ങിനെ....
എല്ലാ വെള്ളിയാഴ്ചയും പോലെത്തന്നെ ഇത്താത്ത ബിരിയാണി വെച്ച് അതിലേക്കു ചമ്മന്തിയും ഉണ്ടാക്കി.
ഒടുവില്‍ ചമ്മന്തിയിലേക്ക് വിനാഗിരി ഒഴിക്കാനായി കുപ്പി എടുത്തു-
ചമ്മന്തിയിലേക്ക് കുറച്ചു ഒഴിച്ച് ഇത്താത്ത രുചിച്ചു നോക്കി.
ചമ്മന്തിക്ക് വിനാഗിരിയുടെ ഒരു രുചിയും വന്നിട്ടില്ല..
വീണ്ടും കുറച്ചു കൂടെ ഒഴിച്ചു രുചിച്ചു നോക്കി.ഏയ്‌ ..പഴയ പടി തന്നെ ഒരു മാറ്റവും തോന്നിയില്ല-
മൂന്നാമതും ഒഴിച്ച് രുചിച്ചു നോക്കി.ചമ്മന്തി പഴയതിനേക്കാള്‍ മോശമായി....ചമ്മന്തി പാത്രത്തില്‍ കാല്‍ ഭാഗം വെള്ളം.
ഇത്താത്ത ഒമ്പതാം തരത്തില്‍ പഠിക്കുന്ന മകനെ വിളിച്ചു-
മോനെ...ഒന്ന് വന്നെ..
അവന്‍ വന്നു.
ഇത്താത്ത പറഞ്ഞു..ഈ ചമ്മന്തി ഒന്നു രുചിച്ചു നോക്കൂ..വിനാഗിരി എത്ര ഒഴിച്ചിട്ടും ഒരു പുളിയും തോന്നുന്നില്ല.
ഇനി എന്റെ വായക്കു എന്തെങ്കിലും പറ്റിയോ ആവോ..?
അവന്‍ ചമ്മന്തി രുചിച്ചു നോക്കി.ഉമ്മച്ചീടെ വായക്കു കുഴപ്പം ഇല്ലാന്ന് അവനു മനസ്സിലായി.
അവന്‍ വിനാഗിരികുപ്പി എടുത്ത് വാസനിച്ചു നോക്കി-
എന്നിട്ട് അത്ഭുതത്തോടെ..പറഞ്ഞു.
ഇത് അതു തെന്നെയാ...ഇത് അത് തെന്നെ ആയിരിക്കും-
ഇത്താത്തക്ക് ഒന്നും മനസ്സിലായില്ല.
എന്താ മോനെ...എന്താ നീയീ പറയുന്നേ...
എനിക്കൊന്നും മനസ്സിലായില്ലല്ലോ..?
അന്നേരം അവന്‍ പറഞ്ഞു.
ഉമ്മാ..നിങ്ങള്‍ കേട്ടിട്ടില്ലേ..വിനാഗിരി ഒത്തിരി നാള്‍ വെച്ചാല്‍ കള്ള് ആവുമെന്ന്-
അങ്ങിനെ ആയ കള്ള് ആണിത്.
കേട്ടപ്പോള്‍ ഇത്താത്തക്കും തോന്നി മകന്‍ പറഞ്ഞത് നേരായിരിക്കുമെന്ന്...
ഇത്താത്ത വേഗം ചമ്മന്തിപ്പാത്രവും വിനാഗിരി കുപ്പിയും എടുത്തു വേസ്റ്റ്ലേക്ക് ഇട്ടു.
ഇത്താത്ത പറഞ്ഞു തുടങ്ങിയപ്പോഴേ ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി.
ഞങ്ങള്‍ വെള്ളം ഒഴിച്ച് വെച്ച കുപ്പിയാ ഇത്താത്ത എടുത്തത് എന്ന്..
ഞാനും ഫരീദ ഇത്തയും കള്ളച്ചിരിയോടെ മുഖത്തോട് മുഖം നോക്കുകയായിരുന്നു.
ശഹീദ ഇത്ത പറഞ്ഞു തീര്‍ന്നപ്പോള്‍ ഞങ്ങള്‍ നടന്ന കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു...
പറഞ്ഞു തീരും മുമ്പേ...ശഹീദ ഇത്ത ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
എടീ...............നിങ്ങളെ ഞാന്‍......................

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ