February 3, 2012 Post By: സിനു

ഓര്‍മ്മകളുടെ കുന്നിക്കുരുമണികള്‍


പുറത്തു ചാറ്റല്‍മഴ പെയ്തിറങ്ങുന്നു.. മിഴി പൂട്ടാനെനിക്ക് കഴിയുന്നില്ല നിമിഷങ്ങള്‍ക്ക് പോലും വര്‍ഷങ്ങളുടെ ദൂരം...വിരഹത്തെ പിന്നിലേക്ക്‌ തള്ളിവിട്ടു എന്നേയും നിന്നരികിലേക്ക് കൊണ്ടുപോവാനുള്ള അനുമതിപത്രവുമായി നീയെത്താറായെന്നു പറഞ്ഞപ്പോള്‍ പടിവാതില്‍ കടന്നു നീ വരുമ്പോള്‍ നിന്നരികിലേക്ക് ഓടിയെത്താന്‍ വെമ്പുകയായിരുന്നു എന്‍ മനസ്സ്.

ഞാന്‍ തനിച്ചായപ്പോള്‍ എന്റെ ദുഖങ്ങളില്‍ എനിക്ക് കൂട്ടായി നിന്റെ ഓര്‍മ്മകള്‍ മാത്രമായിരുന്നു. പറയാനൊരുപാടുണ്ടായിരുന്നെനിക്ക്. നീ പോയതുമുതല്‍ എന്നരികിലെത്തുന്ന നാളുകളെണ്ണി നിന്റെ വരവിന്റെ ദിനവും സ്വപ്നം കണ്ടിരിക്കുകയായിരുന്നു ഞാന്‍
നിമിഷങ്ങള്‍ നീങ്ങുന്നില്ലെന്നു തോന്നിയപ്പോള്‍ വെളുത്ത ജാലകവിരി നീക്കി ജാലകം തുറന്നു നീ വരുന്നതും കാത്തു ഞാന്‍ പുറത്തേക്കു നോക്കിയിരുന്നപ്പോള്‍ മഴയില്‍ നനഞ്ഞു നില്‍ക്കുന്ന മരങ്ങളും,ഇലത്തുമ്പില്‍ നിന്നും ഇറ്റിവീഴാന്‍ മടിക്കുന്ന ജലകണങ്ങളും,മഴമുത്തുകള്‍ കൈ  കുമ്പിളിലാക്കി നില്‍ക്കുന്ന ചേമ്പിലയും കാണാമായിരുന്നു.


പ്രണയം ഉള്ളിലൊളിപ്പിച്ചു ഒരു പുഞ്ചിരിമാത്രമെനിക്ക് സമ്മാനിച്ചുകൊണ്ട് എന്നരികിലൂടെ നീ ഒരുപാടുതവണ കടന്നു പോയി... പിന്നെയൊരു പുതുമഴയില്‍ നനഞ്ഞോടിവന്നു നീയെന്റെ കുടക്കീഴില്‍ കയറിയതും അന്നാദ്യമായ്‌ ഇഷ്ട്ടമാണെന്നു എന്റെ കാതില്‍ മൊഴിഞ്ഞതും ഞാനെന്നുമോര്‍ക്കാറുണ്ട്. മധുവൊഴുകുന്ന ശബ്ധത്തില്‍ നീയെന്നെ ഇഷ്ട്ടമാണെന്നു പറഞ്ഞപ്പോഴും എന്റെ നോട്ടം നിന്റെ തേജസ്സാര്‍ന്ന കണ്ണുകളിലേക്കായിരുന്നു.എന്‍ കണ്പോളകള്‍ ചേര്‍ത്തടക്കാതെ ഒരുപാട് നേരം ആ മിഴിയിലേക്ക് തന്നെ നോക്കിയിരിക്കാന്‍ ഞാനാഗ്രഹിച്ചു..പക്ഷെ അപ്പോഴേക്കും എന്നോടുള്ള ഇഷ്ട്ടം മൊഴിഞ്ഞു നീ നടന്നകന്നിരുന്നു. അന്നു നീ മഴനനഞ്ഞ് നടന്നു കയറിയത് എന്റെ ഹൃദയത്തിലേക്കായിരുന്നു.!

പിന്നീടുള്ള ഉറക്കം വരാത്ത രാത്രികള്‍ക്ക് നിന്റെ മുഖമായിരുന്നു. ഉറങ്ങിയാല്‍ കാണുന്ന സ്വപ്നങ്ങളില്‍ നിറയെ നീ മാത്രമായിരുന്നു.എത്രയെത്ര സ്വപ്നങ്ങളാ ഞാന്‍ നിനക്കായ് നെയ്തുകൂട്ടിയത്. ആ രാത്രി തീരാതിരുന്നെങ്കിലെന്നു ഞാനാശിച്ചു പോവാറുണ്ടായിരുന്നു.

പിന്നേയൊരു മഴക്കാലത്തായിരുന്നുവല്ലോ എന്റെ കഴുത്തില്‍ നീ മഹര്‍മാലണിയിച്ചതും നമ്മളൊരുമിച്ചു ജീവിതം തുടങ്ങിയതും..! പരസ്പരം സ്നേഹിച്ചും കണ്ടും കൊതിതീരും മുമ്പേ എനിക്ക് കൂട്ടായിരുന്ന നിന്നെ പ്രവാസം തേടിയെത്തി.എന്നെ മാറോടടുക്കി മിഴികള്‍ ഈറനണിയിച്ചു നീയെന്നോട് യാത്ര ചോദിച്ചപ്പോഴും ഹൃദയം പൊട്ടി നിശബ്ദമായി കരഞ്ഞു നിന്നെ ഞാന്‍ യാത്രയാക്കി.

ഇന്നീ പ്രവാസ മരുഭൂമിയില്‍ നനുത്ത ചാറ്റല്‍മഴ പെയ്തപ്പോള്‍ നീയും ഞാനുമടങ്ങിയ നമ്മുടെ കൊച്ചുലോകമായ ഫ്ലാറ്റിന്റെ അകത്തളത്തിലിരുന്നു എന്റെ മടിത്തട്ടില്‍ നിന്റെ തലചായ്ച്ചു മുടിയിഴകളില്‍ എന്‍ വിരലുകളോടിച്ചു സ്വപ്നം മയങ്ങുന്ന നിന്റെ കണ്ണുകളിലേക്കു നോക്കിയിരുന്നപ്പോള്‍ മനസ്സ് അറിയാതെ ഓര്‍മ്മകളുടെ കുന്നിക്കുരുമണികള്‍ പെറുക്കി..!!



‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ