0
December 11, 2011 Post By: സിനു

നിനക്കായ്....


11/12/2011
ജിദ്ദ

എന്റെ പ്രിയ കൂട്ടുകാരീ..

നിന്റെ മൌനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. നിന്നെയോര്‍ത്ത് എന്റെ മനസ്സ് തേങ്ങുകയാണ്. ഞാന്‍ നിന്നെ കുറിച്ച്ചോര്‍ക്കാത്ത ദിനങ്ങളില്ല. എന്നെ നീ മറന്നു പോയോ..? ഓരോ ദിവസവും മണിക്കൂറുകളോളം സംസാരിച്ചിരുന്ന നമ്മള്‍ ഒന്ന് നേരില്‍ കണ്ടിട്ടും മിണ്ടിയിട്ടും നാളെത്രയായി..എത്ര തിരക്കിലായിരുന്നാലും ഓടി വന്നു നീയെനിക്ക് വിളിക്കാറുണ്ടായിരുന്നില്ലേ, ഇടക്കെങ്കിലും തമ്മില്‍ കണ്ടില്ലെങ്കില്‍ എന്തൊശ്വസ്ഥതയായിരുന്നു നമുക്ക്.. ഇത്തിരി നാളായി നിനക്കെന്തു പറ്റി..?

നീ തിരക്കിലാണെന്നെനിക്കറിയാം നിന്റെ തിരക്കിനിടയില്‍ എന്നെ നീ ഓര്‍ക്കേണ്ടാ.. എനിക്ക് പരിഭവമില്ല. നിന്നെ ഞാന്‍ മനസ്സിലാക്കുന്നു.. പക്ഷെ ഒത്തിരി തവണ നീയെന്നെ കണ്ടിട്ടും ഒരു വാക്കുപോലും പറയാതെ എന്നില്‍ നിന്നകന്നു നില്‍ക്കുന്നു. നീ മിണ്ടാതെ പോവുമ്പോ എന്റെ ഹൃദയം എത്രമാത്രം വേദനിച്ചിട്ടുണ്ടെന്നറിയോ... ആരോടും പറയാതെ ആരുമറിയാതെ കരഞ്ഞിട്ടുണ്ട് ഒരുപാട് ഞാന്‍ അതിന്റെ പേരില്‍.. കാണുമ്പോള്‍ നിന്റെ ഒരു ചെറു പുഞ്ചിരി മാത്രം മതിയെനിക്ക് എങ്കില്‍ എനിക്കാശ്വസമായേനെ.. എനിക്ക് നിന്നോടുള്ള സ്നേഹം ഒരു കൂട്ടുകാരിയോട് തോന്നുന്നത് മാത്രമായിരുന്നില്ല. എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന് ഞാനാഗ്രഹിച്ച എന്റെ സഹോദരിയോടെന്ന പോലെയായിരുന്നു..അതുകൊണ്ടാവണം നിന്റെ മൌനം എന്നെ ഇത്രയേറെ വേദനിപ്പിക്കുന്നത്.

ഈ ഫ്ളാറ്റിനകത്തെ നിറഞ്ഞ ഏകാന്തതയില്‍ സൌഹൃദം എനിക്ക് വലിയൊരാശ്വാസം തന്നെയാണ്. മരുഭൂമിയിലെ മഴത്തുള്ളികളായി കിട്ടിയ എന്റെ സുഹൃത്തുക്കളില്‍ ഞാനേറെ സ്നേഹിച്ചതും നിന്നെ തന്നെയായിരുന്നു. നിദ്രയില്‍ പോലും നീയെന്റെ കൂടെയുണ്ടാവാറുണ്ട്, നമ്മള്‍ ഒരുപാട് സംസാരിക്കാറുണ്ട്. എനിക്കറിയാം നീയുമെന്നെ സ്നേഹിച്ചിരുന്നെന്നു..എന്താണ് കൂട്ടുകാരീ എന്നില്‍ നിന്നകലാന്‍ കാരണം? എവിടെയാണ് എനിക്ക് തെറ്റ് പറ്റിയത്..? എന്നില്‍ നിന്നും വാക്ക് കൊണ്ടോ പ്രവര്‍ത്തികൊണ്ടോ എപ്പോഴെങ്കിലും നിന്നെ വേദനിപ്പിച്ചുവോ? അറിഞ്ഞു കൊണ്ട് ഞാനാരേയും വേദനിപ്പിക്കാന്‍ ശ്രമിച്ചിട്ടില്ല..എന്നില്‍ നിന്നും ഇഷ്ട്ടപ്പെടാത്തതായി എന്തെങ്കിലും തോന്നിയിരുന്നുവെങ്കില്‍ ഒരു കൂടെപ്പിറപ്പിനോടെന്ന പോലെ എന്നോട് പറയാമായിരുന്നില്ലേ ? ഞാന്‍ തിരുത്തുമായിരുന്നല്ലോ....!

കണ്ടിട്ടും നീ മിണ്ടാതെ പോകുമ്പോള്‍ എന്റെ കൂട്ട് നിനക്കിഷ്ട്ടമാവുന്നില്ല എന്ന തോന്നല്‍ കൊണ്ടാണ് ഞാന്‍ നിന്നെ വിളിക്കാന്‍ ഭയപ്പെടുന്നത്. നിന്റെ സുഖ വിവരങ്ങളറിയാനായി ഞാന്‍ നിനക്കൊരു മെയില്‍ അയച്ചു ഇത്തിരി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മറുപടി വരാതായപ്പോ തിരക്കിലായതിനാല്‍ നീ കണ്ടില്ലെന്നു തോന്നിയപ്പോഴാ നിന്റെ മൊബൈലിലേക്ക് എസ് എം എസ് വിട്ടത് . നീ തിരിച്ചു വിളിക്കുമെന്ന് പ്രതീക്ഷിച്ചു.. വിളിച്ചില്ലെങ്കിലും നീയെനിക്ക് മറുപടി തന്നു. അതെന്നെ ഒരുപാട് സന്തോഷിപ്പിച്ചു. എന്റെ ഹൃദയ നൊമ്പരം ഇത്തിരി കുറഞ്ഞ പോലെ തോന്നി...

അറിയില്ല എനിക്കും നിനക്കുമിടയില്‍ എന്താണ് സംഭവിച്ചതെന്ന് . എന്നെങ്കിലും നീയിതു വായിക്കുകയാണെങ്കില്‍ ഒന്നേ എനിക്ക് നിന്നോട് പറയാനൊള്ളൂ ..ഞാന്‍ എന്നും നിന്റെ കൂടെ ഉണ്ടാവും,എന്റെ കൊച്ചു ഹൃദയം നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കും വെറുക്കാനെനിക്ക് കഴിയില്ല. നീയെന്നെ ഒരിക്കലും വെറുക്കരുത്. അറിഞ്ഞോ അറിയാതെയോ ഞാന്‍ നിന്നെ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ്...........!!!


സ്നേഹത്തോടെ
സ്വന്തം സുഹൃത്ത്

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ