56
December 15, 2009 Post By: സിനു

മണ്ണാത്തന്‍

ഓരോരോ സ്ഥലങ്ങളിലും അവര്‍ക്ക് അവരുടെതായ ഭാഷാ ശൈലികളുണ്ടാവുമല്ലോ...... ഇതുകാരണം എന്റെവിവാഹം കഴിഞ്ഞ ആദ്യ നാളുകളില്‍ അടുക്കളയില്‍ ഒത്തിരി അബദ്ധങ്ങള്‍ എനിക്ക് പറ്റിയിട്ടുണ്ട്. അതില്‍ ആദ്യ അനുഭവം എന്റെ ബ്ലോഗില്‍ ആദ്യ പോസ്റ്റായി ഇട്ടിട്ടുണ്ടായിരുന്നു.

ഇന്നിവിടെ കുറിക്കാന്‍ പോവുന്നതും എനിക്ക് പറ്റിയ ഒരു ചെറിയ അബദ്ധമാ...
വിവാഹം കഴിഞ്ഞു കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവിന്റെ വീട്ടില്‍ ഒരു വൈകുന്നേരം.....

ഉമ്മ(ഭര്‍ത്താവിന്റെ)വൈകുന്നേര ചായക്കായി പലഹാരമുണ്ടാക്കാന്‍ മാവ് കലക്കി കൊണ്ടിരിക്കുന്ന തിരക്കിലാണ്. അതേസമയം ഞാന്‍ ചീനച്ചട്ടി എടുത്ത് അടുപ്പില്‍ വെക്കാന്‍ ഒരുങ്ങുമ്പോഴാണ് കഴുകിയില്ലല്ലോ എന്ന ഓര്മ വന്നത്. കഴുകാനായി ഞാന്‍ ചട്ടി പൈപ്പിന്‍ ചുവട്ടിലേക്ക്‌ കാണിക്കുമ്പോ പുറകീന്ന് ഉമ്മയുടെ വിളി

'മോളെ'...പുറത്ത് മണ്ണാത്തന്‍ ഉണ്ടോ എന്നു നോക്കൂട്ടോ
ശരി.! നോക്കാമെന്ന് വെച്ചു ചട്ടി അവിടെ വെച്ച് ഞാന്‍ അടുക്കളയുടെ വാതിലിനടുത്തേക്ക് വന്നു പുറത്തേക്കു എത്തിനോക്കി.!

പക്ഷെ..ഞാനാരേയും കണ്ടില്ല. പിന്നെ അടുക്കളയില്‍ നിന്നും രണ്ടു പടികളിറങ്ങി മുറ്റത്തെത്തി കണ്ണുകള്‍കൊണ്ട് ചുറ്റും പരതി നോക്കി അപ്പോഴും ആരെയും കണ്ടില്ല.

തിരിച്ചു അടുക്കളയിലെത്തി ഞാന്‍ പറഞ്ഞു പുറത്ത് ആരുമില്ലാലോ ഉമ്മാ.. ഇത് കേട്ട എന്റെ ഭര്‍ത്താവും ഉമ്മയും ചിരിക്കുന്നു. എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. ചിരി നിര്‍ത്തി ഭര്‍ത്താവ് എന്നോട് ചോദിച്ചു..'നീ ആരെ തിരഞ്ഞാ പുറത്തേക്കു പോയത്'..?
ഞാന്‍ പറഞ്ഞു പുറത്ത് മണ്ണാത്തനുണ്ടോന്നു ഉമ്മ നോക്കാന്‍ പറഞ്ഞു അവരെ തിരഞ്ഞാണ് പുറത്തേക്കു പോയതെന്നു. അയ്യോ..അത് കേട്ടതും അവിടെ കൂട്ടച്ചിരി ആയി.എനിക്കൊന്നും പിടുത്തം കിട്ടിയില്ല. ഇവര്‍ എന്തിനാവും ചിരിക്കുന്നെ എന്നാലോചിച്ചു അന്ധാളിച്ചു നില്‍ക്കുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു

'നിങ്ങളെന്തിനാ ചിരിക്കുന്നത്'..?

ചിരിക്കിടയില്‍ ഉമ്മ പറഞ്ഞു മോളെ നിന്നോട് ചട്ടിയുടെ പുറത്ത് മണ്ണാത്തന്‍വല ഉണ്ടോ എന്ന് നോക്കാനെല്ലേ ഞാന്‍ പറഞ്ഞേന്ന്.!

വല എന്ന് കേട്ടപ്പോള്‍ എനിക്ക് ഏകദേശം ഒരു രൂപം കിട്ടി.
ചട്ടിയുടെ പുറത്ത് എട്ടുകാലിയുടെ വല ആണല്ലോ ഉണ്ടാവുന്നെന്ന്.! ഞാന്‍ ചോദിച്ചു എട്ടുകാലിക്കാണോ മണ്ണാത്തന്‍ എന്ന് പറഞ്ഞത്.? ഭര്‍ത്താവ് പറഞ്ഞു അതെ മണ്ണാത്തന്‍ എന്നാണ്‌ ഞങ്ങള്‍ പറയാറ്.!  എനിക്കറിയില്ലല്ലോ എട്ടുകാലിക്ക് ഇവര്‌ മണ്ണാത്തന്‍ എന്നാണ് പറയുന്നതെന്ന്.
ഞാന്‍ മണ്ണാത്തന്‍ എന്ന് കേട്ടപ്പോള്‍ ആരുടെയെങ്കിലും പേരാണെന്നാ കരുതിയത് അതെല്ലേ പുറത്തു പോയി നോക്കിയത്..!

അത് കഴിഞ്ഞു പിറ്റേ ദിവസം...!

വൈകീട്ട് അലക്കിയിട്ട തുണികള്‍ എടുത്ത് കൊണ്ടിരിക്കായിരുന്നു. ഓരോ ഡ്രസ്സും കയ്യിലേക്ക് അടുക്കി വെക്കുന്നതിനിടയിലാണ് ഇത്താത്താന്റെ ഡ്രസ്സില്‍ കാക്ക കാഷ്ട്ടിച്ചത് കണ്ടത്.ഞാന്‍ എല്ലാ തുണികളും എടുത്തു അഴുക്കായത് ഒരു ഒരുഭാഗത്തെക്ക് നീക്കി..ഇത് കൊണ്ട് പോയി വെച്ചിട്ട് വെള്ളത്തിലിടാമെന്ന് കരുതി തുണികളുമായി അകത്തേക്ക് കയറുമ്പോള്‍ ഇത്താത്തെയെ കണ്ടു.
ഇത്താത്തയോട് പറഞ്ഞു നിങ്ങളെ ഡ്രസ്സില്‍ കാക്കേയി കാഷ്ടിച്ചിട്ടുണ്ട് അ തെടുത്തില്ലെട്ടോ..
ഇത് കേട്ടപ്പോള്‍  ഇത്താത്താക്ക് ഒന്നും മനസ്സിലാവാത്ത പോലെ എന്റെ മുഖത്തേക്ക് തന്നെ നോക്കി.
അന്നേരം ഞാന്‍ ആദ്യം പറഞ്ഞത് തന്നെ ഒന്നും കൂടി ആവര്‍ത്തിച്ചു പറഞ്ഞു.
മറുപടിയായി ഇത്താത്ത ചോദിച്ചു "എന്താ ഈ കാക്കെയി"..?
ഇന്നലെത്തെ സംഭവം എന്റെ മനസ്സിലേക്ക് ഓടിയെത്തി. മണ്ണാത്തനെ മനസ്സിലാവാത്ത  പോലെ കാക്കെയിയെ ഇത്താത്തെക്കും മനസ്സിലായില്ലെന്ന്.
ഞാന്‍ ക്രോ ക്രോന്നു കുറുകുന്ന നമ്മുടെ കാക്കയെ ഇത്താത്തെക്ക് പരിച്ചയയപ്പെടുത്തി.

അപ്പോള്‍ ഇത്താത്ത ചോദിക്കുന്നു കാക്കക്കാണോ നീ 'കാക്കെയി' എന്ന് പറഞ്ഞത്..?
അതെ.. എന്ന് പറഞ്ഞപ്പോള്‍ ഇത്താത്ത പറയാ....അപ്പോള്‍ നിങ്ങള്‍ പൂച്ചക്ക് 'പൂച്ചേയി' എന്നാണോ പറയുന്നതെന്ന്.............!!!

16
November 26, 2009 Post By: സിനു

ഒരോ൪മ്മ



















എല്ലാ ബ്ലോഗ്‌ വായനകാര്‍ക്കും എന്റെ ഈദ് മുബാറക്ക്‌.!

ആഘോഷങ്ങള്‍ വരുമ്പോഴാണല്ലോ നാട് കൂടുതല്‍ മിസ്‌ ചെയ്യുന്നത്. ഇവിടെ എന്ത് പെരുന്നാള്‍ ഈ ഫ്ലാറ്റിന്റെ അടച്ചിട്ട മുറിക്കുള്ളില്‍ എന്താഘോഷം.!
കുടുമ്പങ്ങള്‍ കൂടെയില്ലാത്ത പലരും പെരുന്നാള്‍ ദിവസം ഇവിടെ ഉറങ്ങി തീര്‍ക്കാരാണ് പതിവ്.
ജോലിക്കും, ടെന്‍ഷനും, വിരഹത്തിനുമിടയില്‍ ആകെ കിട്ടുന്ന ഒഴിവു ദിനമല്ലേ പാവങ്ങള്‍ ഉറങ്ങട്ടെ...!

നാട്ടില്‍ കുട്ടിക്കാലത്തൊക്കെ തറവാട്ടില്‍ പെരുന്നാള്‍ ദിവസം എന്ത് രസമായിരുന്നു. വീട്ടിലെ കുട്ടികളും അടുത്ത വീട്ടിലെ കൂട്ടുകാരികളുമൊന്നിച്ചു ഏതെങ്കിലും വേലക്കരികിലേക്ക് മൈലാഞ്ചി ഇല ഊരിയെടുക്കാന്‍ പോകും. ഇല ഊരിയിടാന്‍ എല്ലാവരുടെ കയ്യിലും ഒരു കവറും ഉണ്ടാകും..
ഇല കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വീട്ടിലുള്ള ഉമ്മമാര്‌ക്ക് ഒരു സ്വസ്ഥതയും കൊടുക്കില്ല. അത് അരച്ച് തരാത്തതിലുള്ള ബഹളമായിരിക്കും.

ചക്ക ഉണ്ടാവുന്ന കാലത്ത് വലിയുമ്മ വെളഞ്ഞിന്‍ (ചക്കയുടെ കറ) കൊള്ളിയില്‍ ചുറ്റി വീടിന്റെ ഇറയത്ത് തിരുകി സൂക്ഷിക്കും. പെരുന്നാള്‍ തലേന്നാണ് വെളഞ്ഞിന്‍ കൊള്ളി ഇറയത്തു നിന്നും ഇറങ്ങുന്നത്.

പിന്നെ അത് ഉരുക്കി ചൂടോടെ ഊതി ഊതി ഉമ്മമാര്‍ ഓരോരുത്തര്‍ക്കും കയ്യില്‍ ഡിസൈന്‍ ചെയ്തു തരും. മുകളില്‍ അരച്ചെടുത്ത മൈലാഞ്ചി പരത്തിയിടും. മൈലാഞ്ചി മേലാവാതിരിക്കാന്‍ കൈ ഒരു കവറിനുള്ളിലാക്കിയാണ് രാത്രി കിടന്നുറങ്ങുന്നത്.

പിറ്റേന്ന് രാവിലെ തന്നെ അടുത്ത വീട്ടിലെ കൂട്ടുകാരൊക്കെ വരും ആരുടെ കൈ ആണ് കൂടുതല്‍ ചുവന്നതെന്നറിയാന്‍ ആ മൈലാഞ്ചി കൈകള്‍ക്ക് എന്തൊരു വാസനനയായിരുന്നു. പിന്നെ മേലാകെ എണ്ണ തേച്ചുള്ള കുളിയും പുത്തനുടുപ്പു ധരിക്കലും...

വീടിലുള്ളവര്‍ പള്ളിയില്‍ പോയി തിരിച്ചു വന്നാല്‍ പിന്നെ ഊണ് കഴിക്കാനുള്ള ഒരുക്കമാവും. കൊച്ചുള്ളിയും ഉലുവയുമിട്ട തെങ്ങാചോറും,കോഴിക്കറിയും,ബീഫ് വരട്ടിയതും കൂട്ടത്തില്‍ വലിയൊരു പപ്പടവും ഉണ്ടാകും..

നിലത്തു പായ വിരിച്ചു എല്ലാരും കൂടെ ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. പെരുന്നാള്‍ ദിവസമാണ് രാവിലെ പത്തു മണി ആകുമ്പോഴേക്ക് ഊണ് കഴിക്കുന്നത്.

പിന്നീട് ബന്ധു വീടുകളില്‍ പോവലും തിരിച്ചു ബന്ധുക്കള്‍ വിരുന്നിനു വരുന്നതും പടക്കം പൊട്ടിക്കലും കളിയും ചിരിയും കഥ പറയലും വര്‍ത്തമാനവുമായി എന്ത് രസമായിരുന്നു അന്നത്തെ പെരുന്നാള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നുമറിയില്ല. അവര്‍ക്കെന്നും പെരുന്നാള്‍ ദിവസം തന്നെ....!
       

  

9
November 19, 2009 Post By: സിനു

കിനാവ്

എന്റെ ഹൈസ്കൂള്‍ പഠനം ഉമ്മയുടെ വീട്ടില്‍ നിന്നുകൊണ്ടായിരുന്നു. ഉമ്മയുടെ ചേട്ടന്റെ (അമ്മാവന്റെ)വീട്ടിലായിരുന്നു താമസം. അവിടെ മൂന്നുപെണ്കുട്ടികളുണ്ട് ഏറ്റവും ഇളയവളോടായിരുന്നു എനിക്ക് നല്ലകൂട്ട്. കളിയുംചിരിയുമായി ഓരോദിവസവും ഞങ്ങള്‍ക്ക് നല്ല രസമായിരുന്നു.

അങ്ങിനെയിരിക്കേ ഞാന്‍ പത്താം തരത്തില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഞാ൯ സ്കൂള്‍ വിട്ടു തനിച്ച് നടന്നുപോവുകയാണ്. എന്തോ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടു കള്ളന്മാര്‍ എന്നെ പിടിക്കാനായി എന്നെ പിന്തുടര്‍ന്ന് വരുന്നു.. ഇതുകണ്ട ഞാ൯ രക്ഷപ്പെടാനായി ഓടി. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവരും എന്നെ പിന്തുടര്‍ന്ന് ഓടുന്നതായാണ് കണ്ടത്. എന്നെ ഇപ്പോള്‍ പിടിക്കുമെന്ന ഭയത്തില്‍ സര്‍വ്വ ശക്തിയുമെടുത്തു ഞാനും ഓടി....

അങ്ങിനെ ഓടിയോടി ഒരു വലിയ മതിലിനടുത്താണ് എത്തിയത്. ഞാ൯ ആ മതിലില്‍ അള്ളിപ്പിടിച്ച് കയറി.. മതിലിനു മുകളിലെത്തി താഴേക്ക് നോക്കിയപ്പോള്‍  ഒരു ഇടവഴി.!
പിന്നെ ഒന്നും ആലോചിച്ചില്ല. മതിലിനു മുകളില്‍ നിന്നും താഴെ ഇടവഴിയിലേക്ക് എടുത്തു ചാടി.!! 

ഞാന്‍ ചാടിയതും പെട്ടെന്നൊരു അരല൪ച്ച 'അയ്യോ.....എന്റുമ്മാ'.....!

ആ വലിയ ശബ്ദം കേട്ട് ഞാ൯ തട്ടിക്കുടഞ്ഞെഴുന്നേറ്റു നോക്കിയപ്പോള്‍ നല്ല ഇരുട്ട്.
ഇരുട്ടത്ത്‌ എന്റെടുത്ത് നിന്നും വീണ്ടും നിലവിളി. ലൈറ്റ് ഇടെടീന്നും പറഞ്ഞായിരുന്നു ആ നിലവിളി ശബ്ദം.!

അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാ൯ ഇടവഴിയാണന്നു കരുതി ചാടിയത് ഉറക്കത്തില്‍ കട്ടിലില്നിന്നും താഴേക്കാണ്..!

താഴെ എന്റെ അമ്മാവന്റെ മകള്‍ കിടക്കുന്നുണ്ടായിരുന്നു. ചൂടു കാരണം അവള് താഴേക്ക് കിടന്നത് ഞാനറിഞ്ഞിട്ടില്ലായിരുന്നു. അവളുടെ മുകളിലേക്കാണ് ചക്ക പോലെ ഞാന്‍ വീണത്‌..

അതുകഴിഞ്ഞു അന്ന് രാവിലെ ഞാ൯ സ്കൂളിലേക്കു പോയി. ഉച്ചയൂണിനുവേണ്ടി വീട്ടിലേക്ക് വന്നപ്പോള്‍ അവളെ അവിടെങ്ങും കണ്ടില്ല. അവളെവിടെ എന്നു തിരക്കിയപ്പോഴാണ് അവള്‍ക്കു നെഞ്ചുവേദന ആയിട്ട് അമ്മായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നറിഞ്ഞത്. 

അതറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു. തലേന്നത്തെ സംഭവം എന്റെ ഓര്‍മ്മയില്‍ വന്നു. അതുകൊണ്ടായിരിക്കുമോ നെഞ്ചുവേദന വന്നത് എന്ന് ഞാ൯ എന്നോടുതെന്നെ ചോദിക്കുകയായിരുന്നു.

വീടിലുള്ള എല്ലാവരെയും ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ അവരാരും ഒന്നും അറിഞ്ഞ ഭാവം കാണുന്നില്ല. സ്കൂള്‍ വിട്ടു വന്ന് ഇക്കാര്യം പറഞ്ഞു ചിരിക്കണം എന്ന് കരുതിയതായിരുന്നു ഞാന്‍  പിന്നെ ഞാനൊന്നും മിണ്ടിയില്ല. 

ഊണുകഴിഞ്ഞ് വിശമത്തോടെയാണ് അന്ന് ഞാന്‍ സ്കൂളിലേക്ക് പോയത്. സ്കൂളിലെത്തിയിട്ടും എന്റെ മനസ്സിലെ ചിന്തകള്‍ മുഴുവനും അവളെ കുറിച്ചായിരുന്നു. അവള്‍ക്ക് എന്തായിരിക്കും പറ്റിയിട്ടുണ്ടാവുക എന്നുള്ള ഭയമായിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടു പേടിയോടെയാണ് ഞാ൯ വീട്ടിലേക്കു നടന്നുനീങ്ങിയത്..

വീടിനു മുമ്പിലെത്തിയപ്പോള്‍ ഉമ്മറപ്പടിയില്‍ ചിരിച്ചുകൊണ്ട് അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അവളോട് കാര്യങ്ങള് തിരക്കി..!

ഞാന്‍ നിന്റെ മുകളിലേക്ക് വീണതുകൊണ്ടാണോ നിനക്കു നെഞ്ചുവേദന വന്നത്? ഹോസ്പിറ്റലില്‍ പോയിട്ട് എന്തുപറഞ്ഞു? അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ ഇടയ്ക്കു കേറിപറഞ്ഞു.

നീ വീണതുകാരണമൊന്നുമല്ല വേദന വന്നത്. നീര് കാരണമാണ് നെഞ്ചുവേദനയെന്നു ഡോക്ടര്‍ പറഞ്ഞെന്നും അവള്‍ പറഞ്ഞപ്പോഴാണ് എനിക്കെന്റെ നെഞ്ചിന്റെ പുകച്ചില്‍ മാറിയത്.!!

10
October 31, 2009 Post By: സിനു

ചമ്മിയ ഒരോര്‍മ്മയുമായി..

അന്ന്........ എന്റെ വിവാഹപിറേറ ദിവസം.!

രാവിലെ ഓരോരുത്തരും ഓരോ ജോലിത്തിരക്കിലാണ്. പുതു പെണ്ണായതോണ്ട് എന്നെ ഒരു ജോലിയും ചെയ്യാന്‍ സമ്മതിക്കുന്നില്ല. അതിനാല്‍ ഞാനിത്തിരി നാണത്തോടെ അടുക്കളയുടെ ഒരു മൂലയില് എന്തു ചെയ്യണം എങ്ങിനെ ചെയ്യണമെന്നറിയാതെ എന്റെ വീട്ടുകാരെകുറിച്ചുളള ചിന്തിയിലായി ഇരിക്കുമ്പോഴാണ്‌ ഉമ്മ(ഭറ്ത്താവിന്റെ ഉമ്മ)എന്നോട് പറഞ്ഞത്.
മോളെ--അവിടേയുളള ചിമ്മിനി പാത്രം ഒന്ന് എടുത്തു തരാവോന്നു.
ബോറടിച്ചിരിക്കുന്നതിനിടയില്‍ ഒരു ജോലി കിട്ടിയ ആശ്വാസത്തില്‍ ഞാന്‍ ചോദിച്ചു. എവിടെയാ ഉമ്മാ പാത്രം?
അടുക്കളയില്‍ നിന്ന് ഒന്നുനീട്ടിയ ഒരു കുഞ്ഞു റൂമുണ്ട്. ഉമ്മ മുററത്തു നിന്ന് ആ റൂമിലോട്ട് കൈ ചൂണ്ടി സ്ഥലം കാണിച്ചു. ഞാന്‍ ചിമ്മിനി പാത്രം തിരഞ്ഞു ഉമ്മ കാണിച്ച സ്ഥലത്ത് നോക്കുമ്പോള്‍ കല്യാണത്തിന് ബിരിയാണി വെച്ച വലിയൊരു എടുത്താ പൊങ്ങാത്ത ചെമ്പിന്റെ കലവും, പിന്നെയൊരു മണ്ണണ്ണ ടിന്നും, അല്ലറ ചില്ലറ സാധനങളും ഉണ്ട്.

ശരിക്കും പറഞ്ഞാല്‍ ഈ ചിമ്മിനി പാത്രം എന്താണന്ന് എനിക്ക് മനസ്സിലായിട്ടില്ല.
ഞാന്‍ മണ്ണെണ്ണയുടെ ടിന്നിലോട്ട് ഒന്നു നോക്കിയപ്പോള്‍ എന്റെ മനസ്സ് പറഞ്ഞു 'ഏയ്' ഇതായിരിക്കില്ല. കാരണം ഉമ്മ എന്നോട് ചോദിച്ചത് ചിമ്മിനി പാത്രം ആണല്ലോ.. ഇത് ടിന്നല്ലെ.! അല്ലെങ്കില്‍ കന്നാസ് എന്നുപറയൂലേ..

പിന്നീട്‌ എന്റെ കണ്ണുപോയത് ബിരിയാണി കലത്തിലേക്കാണ് ഞാന്‍ വേറൊന്നും ചിന്തിച്ചില്ല.!
ഈ കലം തെന്നേ...! എന്നുറപ്പിച്ചു അതുമ്മയ്ക്ക് കൊടുക്കാന്‍ വേണ്ടി ഞാനാ കലം പൊക്കാന്‍ തുടങ്ങി പക്ഷെ.. ചെമ്പിന്റേതായതുകൊണ്ട് നല്ല ഭാരം.!

എടുത്താല്‍ പൊങ്ങാത്ത കലവും കൊണ്ട് ഞാന്‍ പിച്ച പിച്ച നടന്നു.. അടക്കളയിലെത്തിയപ്പോള്‍ എന്റെ കലം പിടിച്ചുളള വരവു കണ്ട് എല്ലാവരും വലിയ ചിരിയോട്ചിരി...

എനിക്ക് കാര്യമൊന്നും മനസ്സിലായില്ല. പൊങ്ങാത്ത ചെമ്പും കൊണ്ട് വരുന്നത് കണ്ടിട്ടാവുമെന്നാ ഞാന്‍ കരുതിയത്. ചിരി കണ്ടപ്പോ എനിക്ക് ചെറുതായി വിശമം തോന്നി. എന്റെ വിഷമം കണ്ടിട്ടാവണം ഉമ്മ പറഞ്ഞു. ചിമ്മിനി എന്നു പറഞ്ഞാല്‍  മണ്ണെണ്ണയാണ്. മണ്ണെണ്ണ ടിന്നാണ് ഉമ്മ എന്നോട് എടുക്കാന്‍ പറഞ്ഞതെന്ന്..

അത് കേട്ടപ്പോഴാണ് ഞാന്‍ ശരിക്കും ചമ്മിയത്--! ഈ സംഭവം എപ്പോഴും എന്റെ മനസ്സില്‍ തെളിയാറുണ്ട്. അന്നേരം അന്നവര് ചിരിച്ചപോലെ ഇപ്പൊ എനിക്കും ചിരിയാണ് വരിക---

0
October 30, 2009 Post By: സിനു

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ