71
June 9, 2010 Post By: സിനു

"കദീസുവിന്റെ മൂക്കുസ്മാന്‍"...

ട്ര്‍ണീം..ട്ര്‍ണീം..ഫോണ്‍ നില്‍ക്കാതെ ബെല്ലടിക്കാന്‍ തുടങ്ങി. അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തപ്പോഴേക്കും അത് കട്ടായി.
വീണ്ടും അടിക്കുന്നതും കാത്തു കദീസു ഫോണിന്റെ അടുത്ത് തന്നെ നിന്നു. മേശപ്പുറത്തിരിക്കുന്ന ഉസ്മാന്റെ ഫോട്ടോയിലേക്ക് നോക്കി.
ചിന്തകള്‍ കദീസുവിനെ വിട്ടു ഭൂതകാലത്തേക്ക് മടങ്ങിപ്പോയി..!

പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കണ ഉസ്മാന് ഓരോ ദിവസവും നേരം പുലരുന്നത് കദീസുവിന്റെ മൊഞ്ച് ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
കദീസുവിനെ ഒരു നോക്ക് കാണാന്‍ നേരം വെളുത്താല്‍ മാറ്റി ഒരുങ്ങി സ്കൂളിനടുത്തെ ബാലന്റെ തയ്യല്‍ കടയിലെത്തും കദീസു വരുന്നതും കാത്ത്..
കദീസു സ്കൂളിലേക്ക് തിരിയും വരെ അവളുടെ കുണുങ്ങികൊണ്ടുള്ള നടപ്പും കണ്ടു ഉസ്മാന്‍ പരിസര ബോധമില്ലാതെ നോക്കി നില്‍ക്കും!

ഉസ്മാന്റെ ഹൃദയത്തില്‍ തന്നോടുള്ള സ്നേഹം കൂട് കൂട്ടിയത് കദീസുവിന് ഒരിക്കലും അറിയില്ലായിരുന്നു..
അവളോട തന്റെ അനുരാഗം പറയാനുള്ള അവസരം കിട്ടിയിട്ടുമില്ല. കാരണം അവളെ കാണുമ്പോഴെല്ലാം വാല് പോലെ അവളുടെ ബാപ്പസൈതാലി ഹാജി കൂടെ ഉണ്ടാകും.

ദിവസങ്ങള്‍ കഴിയും തോറും ഉസ്മാന് കദീസുവിനോടുള്ള സ്നേഹം അണപൊട്ടി ഒഴുകാന്‍ തുടങ്ങി. ഹൃദയത്തില്‍ നിന്നും സ്നേഹം തൊണ്ടക്കുഴിയില്‍ എത്തിയപ്പോള്‍ ഉസ്മാന് ശ്വാസം കിട്ടാതെയായി തനിക്കു കദീസുവിനോടുള്ള സ്നേഹം മറച്ചു വെക്കാതെ ഉമ്മയോട് പറയാന്‍ തീരുമാനിച്ചു..
അടുക്കളപ്പുറത്ത് പാത്രം കഴുകിക്കൊണ്ടിരികുന്ന ഉമ്മയുടെ അടുത്ത് ചെന്ന് സ്നേഹത്തോടെ ഉമ്മാന്റെ അരികില്‍ ഇരുന്നു പാത്രങ്ങള്‍ ഉമ്മാക്ക് എടുത്തു കൊടുത്ത്ഉമ്മാനെ സഹായിക്കാന്‍ തുടങ്ങി..
പതിവില്ലാത്ത സ്നേഹവും പെരുമാറ്റവും കണ്ടപ്പോള്‍ ഉമ്മ ജമീലാത്ത ഉസ്മാനോടു ചോദിച്ചു..
"ന്താ..ഉസ്മാനെ അനക്ക് പറ്റിയെ...തിന്ന പാത്രം കൂടി നീക്കി വെക്കാത്ത ഇജ്ജ് ന്റൊപ്പം പാത്രം മോറാന്‍ കൂടേണ്ട"..

ഉസ്മാന്‍ ഉമ്മാ..ഉമ്മാന്നു വിളിച്ചു കൊണ്ട് കുണുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ജമീലാത്താക്ക് ദേഷ്യം വന്നു.
"ഇജ്ജ് കാര്യം പറയ്‌ ഉസ്മാനെ...ഇച്ച് അടുപ്പത്ത് നൂറൂട്ടം പണിള്ളതാ".........

"ഉമ്മാ.....നിക്ക് പാറപ്പറമ്പിലെ കദീസൂനെ പെരുത്തിഷ്ട്ടാ....ങ്ങള് ബാപ്പനോട് പറഞ്ഞിട്ട് ഓളെ ച്ച്..കെട്ടിച്ചെരണം"

ഉസ്മാന്റെ വാക്കുകള്‍ കേട്ട ജമീലാത്താക്ക് അരിശം കയറി..കഴുകിക്കൊണ്ടിരുന്ന അലൂമിനിയം പാത്രം നിലത്തേക്കിട്ടു.
കട കട ശബ്ദത്തോടെ ഉരുണ്ടു വന്ന പാത്രം ഉസ്മാന്റെ കാലില്‍ തട്ടി നിന്നു.

"അനക്കെന്താ ഉസ്മാനെ...പിരാന്താ....?
പണിം കൂലീം ഇല്ലാതെ തെക്കോട്ടും ബടക്കൊട്ടും നടക്കണ അനക്ക് ആരെങ്കിലും പെണ്ണ് തരോ...?
ബാപ്പാന്റൊപ്പം ഒന്ന് പീടീല് പോയിരുന്നോ..ബാപ്പാക്കൊരു കൈസഹായം ആവൂലെന്നു പറയുമ്പം ഇജ് കേക്കൂല..
അല്ലെങ്കിലും പാറപ്പറമ്പില് ഉള്ളോര് കായിക്കാരെല്ലേ..ഓല്‍ക്ക് ഞമ്മളെ പറ്റോ?
ന്റെ മോളെ പത്താം തരം വരെ പഠിപ്പിക്കും ഇന്നട്ട് ഗള്‍ഫ്‌കാര്‍ക്കെ കേട്ടിക്കൂന്ന് ഓളെമ്മ എപ്പളും പറയിണത് ഞാന്‍ എത്രട്ടം കേട്ടതാ....

ജമീലാത്താന്റെ വാക്കുകള്‍ കലന്തന്‍ഹാജിയുടെ മരമില്ലിലെ മരം ഈരുന്ന വാളുപോലെ ഉസ്മാന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു !
ഹൃദയ വേദന ഒരു വിധം കടിച്ചു പിടിക്കുമ്പോള്‍ അവന്റെ മനസ്സില്‍ ഗള്‍ഫില്‍ പോയി പാറപ്പറമ്പുകാരേക്കാള്‍ വലിയ കാശ് കാരനാവണം എന്ന മോഹമായിരുന്നു.
ഗള്‍ഫില്‍ പോയി പൈസക്കാരനായി വന്നാല്‍ കദീസൂനെ ആരെയും കൂസാതെ ഞെളിഞ്ഞു നിന്ന് ചോദിക്കാലോ എന്നായിരുന്നു മനസ്സില്‍...

ഉമ്മാടെ കുടുംബത്തീന്നു ഓഹരി കിട്ടിയ അഞ്ചു സെന്റ്‌ ഭൂമി വിറ്റ് ആ..കാശ് ആമിന ട്രാവല്‍സ് നടത്തുന്ന കുഞ്ഞാണിയുടെ കയ്യില്‍ വിസക്ക് വേണ്ടി കൊടുത്തു.
തികയാതെ വന്ന കാശ് ഉമ്മാന്റെ കാതിലെ ചിറ്റും അരഞ്ഞാണവും വിറ്റുണ്ടാക്കി..!
ഏറെ കാത്തിരിക്കേണ്ടി വന്നില്ല..ഉസ്മാനുള്ള വിസ വിമാനത്തിന്റെ ഫോട്ടോയുള്ള ആമിന ട്രാവല്‍സിന്റെ വെളുത്ത കവറില്‍ കുഞ്ഞാണി ഉസ്മാന്റെ കയ്യില്‍ കൊടുത്തു. ഉസ്മാന്‍ ആ കവറിലുള്ള വിമാനത്തിലേക്കൊന്നു നോക്കി..അറബിക്കുപ്പായവുമിട്ട് കദീസുവിന്റെ വീടിന്റെ ഉമ്മറത്ത്‌ പോയി കദീസുവിനെ ഇറക്കി കൊണ്ട് വരുന്നത് സ്വപ്നം കണ്ടു.!

ഗള്‍ഫിലേക്ക് പോവാനുള്ള ആഹ്ലാദത്തില്‍ മതി മറന്ന ഉസ്മാന്‍...കൂട്ടുകാരന്റെ ബൈക്ക് കടം വാങ്ങി ദൂര ഭാഗങ്ങളിലുള്ള ബന്ധു വീടുകളില്‍ യാത്ര പറയാന്‍ പോവാനോരുങ്ങി.
വീടിന്റെ മുറ്റത്തുനിന്നും ബൈക്ക് സ്റ്റാര്‍ട്ടാക്കി വേലിക്കരികിലെത്തിയപ്പോ ദേ..കെടക്കണ് ഉസ്മാനും ബൈക്കും താഴെ..!!
ശബ്ദം കേട്ട് ഉമ്മ ജമീലാത്തയും ബാപ്പ മൂസാക്കയും ഓടി ഉമ്മറത്തെത്തി നോക്കുമ്പോള്‍ ഉസ്മാന്‍ താഴെയും ബൈക്ക് മുകളിലും..
"എന്താടാ ഉസ്മാനെ...എന്താ ഒരൊച്ച... അനക്കെന്താ അതിന്റെ ചോട്ടില് പണി?
ബൈക്കിനടിയില്‍ കിടക്കുന്ന ഉസ്മാനെ നോക്കി ബാപ്പ ചോദിച്ചു
"ഇതുപ്പാ..കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയാ".. ബാപ്പാന്റെ ചോദ്യത്തിന് മുന്നിലും ഉസ്മാന്‍ വിട്ടു കൊടുത്തില്ല!
"ഇമ്മാതിരി ബണ്ടിമേലോന്നും ഇജ്ജ് പോണ്ട..! നടക്കാന്‍ കാലില്ലെ ഹംക്കേ അനക്ക്"...
ഉപ്പാന്റെ ബാക്കി നാടന്‍ തെറിയും കൂടെ കേള്‍ക്കാന്‍ നില്‍ക്കാതെ.. ഉസ്മാന്‍ ഒരുവിധം ബൈക്ക് താങ്ങിപ്പിടിച്ചുയര്‍ത്തി സ്റ്റാര്‍ട്ടാക്കി മുന്നിലേക്കെടുത്തു നേരെ പോയത് ബഷീറിന്റെ ബാര്‍ബര്‍ ഷോപ്പിലേക്കാണ്...
ബഷീറിനു വലതു കണ്ണിനെ കാഴ്ചയോള്ളൂ..ഇടത്തേ കണ്ണിനു പൂര്‍ണ്ണമായിട്ടും കാഴ്ചയില്ല!
ഉസ്മാന്റെ താടി വടിച്ചു മീശ വെട്ടുന്നതിനിടയിലാണ് മൂക്കിലെ പുറത്തേക്കു വന്ന രോമം ബഷീറിന്റെ വലത്തേ കണ്ണില്‍ പെട്ടത്.. കറങ്ങുന്ന കസേര പിടിച്ചു തിരിച്ചിട്ടു ഉസ്മാന്റെ മൂക്കിനു നേരെ ബഷീര്‍ കത്രിക അടുപ്പിച്ചു.
"എന്റുമ്മാ"..... ഒരലര്‍ച്ച കേട്ട് ബാര്‍ബര്‍ ഷോപ്പില്‍ സിനിമാ വാരിക വായിക്കാന്‍ വന്നിരുന്നിരുന്ന അങ്ങാടിപ്പിള്ളേര് നോക്കിയപ്പോള്‍ ഉസ്മാന്റെ മൂക്കിന്റെ രണ്ടു ദ്വാരം വേര്‍തിരിക്കുന്ന മദ്യ ഭാഗമാണ് കണ്ണ് കാണാത്ത ബഷീര്‍ കട്ട് ചെയ്തത്!!
അങ്ങിനെ അന്ന് മുതല്‍ തല തെറിച്ച അങ്ങാടിപ്പിള്ളേര് ഉസ്മാനെ മൂക്കുസ്മാന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അത് പിന്നെപ്പിന്നെ..നാട്ടില്‍ പരക്കുകയും ചെയ്തു.

മൂക്കിന്റെ മുറിവെല്ലാം ഉണങ്ങി ഒരു ബന്ധു വീട്ടില്‍ യാത്ര പറഞ്ഞു വരുമ്പോള്‍ വഴിയില്‍ കണ്ട പള്ളിയില്‍ കയറി അസര്‍ നിസ്ക്കരിക്കാന്‍ തീരുമാനിച്ചു
ഗള്‍ഫില്‍ ചെന്നാല്‍ നിസ്ക്കാരം ഒഴിവാക്കാന്‍ പറ്റില്ല എന്ന് കാരണവന്മാര്‍ പറയുന്നത് കേട്ടപ്പോള്‍ ഒരു പ്രക്ടീസാവാന്‍ വേണ്ടി അത് വരെ നിസ്ക്കാരമില്ലാതിരുന്ന ഉസ്മാന്‍.. നിസ്ക്കാരം തുടങ്ങിയതാണ്‌!
വുളു എടുത്തു പള്ളിക്കകത്ത്‌ കയറിയ ഉസ്മാന് ആകെ കണ്‍ഫ്യൂഷനായി..
നിസ്ക്കാരപ്പള്ളി ആയതു കാരണം ഖിബല (നിസ്ക്കരിക്കാന്‍ തിരിഞ്ഞു നില്‍ക്കേണ്ട വശം) അടയാളം ഒന്നുമുണ്ടായിരുന്നില്ല.
ഉസ്മാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ലതാനും... രണ്ടും കല്പിച്ചു ഏതോ ഒരു ഭാഗത്തേക്ക് തിരിഞ്ഞു നിസ്ക്കാരം തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോഴാണ് ബാക്കില്‍ നിന്നും കുശു കുശു ശബ്ദം കേട്ടത്........
ഉസ്മാന്‍ പാടുപെട്ടു ബാക്കിലേക്ക് ഇടക്കണ്ണിട്ടു നോക്കിയപ്പോള്‍ തന്നെ പിന്തുടര്‍ന്ന് ഒരുപാട് പേര്‍ നിസ്ക്കരിക്കുന്നു
പിന്നീട് കയറി വന്ന ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു ഇമാം(നിസ്ക്കാരത്തിന് നേതൃത്വം കൊടുക്കുന്നയാള്‍) തിരിഞ്ഞു നില്‍ക്കുന്ന ഭാഗം ശരിയെല്ലെന്ന്!
ഇത് കേട്ട ഉസ്മാന്‍ ഒരൊറ്റ ഡയലോഗ്!!
"എബൌട്ടെന്‍"
ഇത് കേട്ടതും തന്നെ പിന്തുടരുന്ന നിസ്ക്കാരക്കാര്‍ എല്ലാം പിന്നിലേക്ക്‌തിരിഞ്ഞു
ഇമാം ആയി നിന്ന ഉസ്മാന്‍ നോക്കുമ്പോള്‍ തന്നെ പിന്‍തുടര്ന്നവരെല്ലാം മുന്നിലും ഇമാം ആയ താന്‍ ബാക്കിലും!
ഇനിയിപ്പോള്‍ തന്റെ ആവശ്യമില്ലല്ലോ...! ഉസ്മാന്‍ അവിടെ നിന്നും തടിയൂരി..

അങ്ങിനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.....മൂക്ക്ഉസ്മാന്‍ ഗള്‍ഫിലേക്ക് പറന്നു....
എല്ലാവരെയും പോലെ തന്നെ..ഏറെ പ്രതീക്ഷകളുമായാണ് മൂക്കുസ്മാനും പ്രവാസ ലോകത്തേക്ക് കാലെടുത്തു വെച്ചത്.
വകയിലെ ഒരളിയന്റെ റൂമിലേക്കായിരുന്നു ഉസ്മാന്‍ പോയത്.. റൂമിലെത്തുവോളം ഒരു ഫൈവ് സ്റ്റാര്‍ സെറ്റപ്പായിരുന്നു ഉസ്മാന്റെ മനം നിറയെ..
പക്ഷെ..അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഉസ്മാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല..!പത്തിരുപതു പേര്‍ ഒരേ മുറിയില്‍ ഒന്നിച്ചുറങ്ങുന്നു!
പല ട്യൂണിലുള്ള കൂര്‍ക്കം വലികളും കേള്‍ക്കാമായിരുന്നു..അവരുടെ കൂടെ ഒരു വിധം ഉസ്മാനും ആ രാത്രി തള്ളി നീക്കി..
രാവിലെ എണീറ്റപ്പോള്‍ ഉസ്മാന്‍ അളിയനോടായി പറഞ്ഞു..
"അളിയാ ഇന്നലെ രാത്രി ഞാനൊരു പോള കണ്ണടച്ചിട്ടില്ല.. ഒന്ന് തിരിഞ്ഞു കിടക്കാന്‍ ഞാന്‍ പെട്ട പാടെ..!പുറത്തു പോയി തിരിഞ്ഞു വന്നാണ് ഞാനൊന്ന് തിരിഞ്ഞു കിടന്നത്"!

ദിവസങ്ങള്‍ കടന്നു പോയി.....ഒരു ദിവസം അളിയന്‍ വന്നത് ഉസ്മാനുള്ള ജോലിയുമായാണ്‌..
പുതിയ ജോലി കിട്ടിയതറിഞ്ഞു ഒരുങ്ങിയിറങ്ങിയ ഉസ്മാനെ കണ്ട അളിയന്‍ പറഞ്ഞു.." രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെയത് പയ്യെ.. ശരിയായിക്കൊള്ളും!
"നാട്ടിലെ ബുദ്ധിമുട്ട് കാരണമാണ് ഇങ്ങോട്ട് പോന്നത്..ഇവിടെയും ബുദ്ധിമുട്ടോ..?അളിയന്റെ സംസാരത്തില്‍ നീരസം തോന്നിയ ഉസ്മാന്‍ ചോദിച്ചു.
"എന്നാല്‍ പിന്നെ ആ.. രണ്ടു ദിവസത്തെ ബുദ്ധിമുട്ട് കഴിഞ്ഞു പോയാല്‍ പോരെ അളിയാ"...ഉസ്മാന്‍ കളിയാക്കിക്കൊണ്ട് മറുപടി കൊടുത്തു!

ജോലി പിടിച്ചില്ലെങ്കിലും ജോലി സ്ഥലത്തു താമസിക്കുന്ന റൂം ഉസ്മാന് നന്നായി പിടിച്ചു...അളിയന്റെ റൂമിലെ പോലെ തിരിഞ്ഞു കിടക്കാന്‍ പുറത്തു പോയി വരേണ്ട ആവശ്യമില്ല...അത് തന്നെ മഹാ ഭാഗ്യം!!
കൂടെ താമസിക്കുന്നവരെല്ലാം സുഹൃത്തുക്കളായി.. കയ്യില്‍ കാശ് കിട്ടിത്തുടങ്ങി... വീട്ടിലെ പ്രാരാബ്ധങ്ങളും കുറഞ്ഞു വന്നു..
ഓലമേഞ്ഞ പുര പാറപ്പറമ്പുകാരേക്കാള്‍ വലിയ ടെറസായി മാറി..ഇതിനിടയില്‍ കദീസുവിനെ ഉസ്മാന്‍ മറന്നു തുടങ്ങിയിരുന്നു!
മൂക്കുസ്മാന്‍ ശരിക്കും ഗള്‍ഫുകാരനായി മാറി. എന്നാലും തനിക്കു കിട്ടിയ പേര് മാത്രം ആരും മാറ്റി വിളിച്ചില്ല.

വര്‍ഷങ്ങള്‍ രണ്ടു കൊഴിഞ്ഞു...........മൂക്കുസ്മാന്‍ ലീവിന് നാട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തി ഒന്നുറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഉമ്മ ജമീലാത്ത വാതിലിനു മുട്ടിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റു കണ്ണ് തിരുമ്മി മുറിയില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ മുന്നില്‍ ബ്രോക്കെര്‍ കുഞ്ഞിപ്പാത്തു!
മുഖം കഴുകി വന്നപ്പോഴേക്കും ജമീലാത്ത മൂന്നു ഫോട്ടോകള്‍ ഉസ്മാന്റെ മുന്നിലേക്ക്‌ നീട്ടി.. മനസ്സിലാ മനസ്സോടെ പ്രാകി കൊണ്ട് ഉസ്മാന്‍ ഫോട്ടോ വാങ്ങി നോക്കി.. രണ്ടാമത് നോക്കിയ ഫോട്ടോ കണ്ടപ്പോ..ഉസ്മാന്‍ ഒരു നിമിഷം പതറി!
"താന്‍ സ്നേഹിച്ച ഒരുകാലത്ത് തന്റെ സ്വപ്നമായിരുന്ന കദീസു!!

പിറ്റേന്ന് തന്നെ ഉസ്മാന്‍ കദീസുവിനെ പെണ്ണ് കാണാനുള്ള ഒരുക്കത്തിലായിരുന്നു..അപ്പോഴാ കൂട്ടുകാരെല്ലാം പറഞ്ഞത് ആദ്യമായി പെണ്ണ് കാണാന്‍ പോവുമ്പോള്‍ വലിയ ബേജാറാ..! പെണ്ണിനെ കാണുമ്പോള്‍ വിറക്കും ഒന്നും ചോദിക്കാന്‍ കിട്ടില്ലാ..കദീസൂനെ നിനക്കറിയാമെങ്കിലും അവള്‍ക് നിന്നെ കുറിച്ച് അറിയില്ലല്ലോ..
ഉസ്മാന്‍ ഏതായാലും പോവുന്നതിനു മുന്പ് അഡ്വാന്‍സായി കുറച്ചു ചോദ്യങ്ങള്‍ പഠിച്ചു വെക്കാന്‍ തീരുമാനിച്ചു..
ആദ്യമായി പേര്! രണ്ടാമത് എത്രയിലാ പഠിക്കണേ..
പിന്നെ നമ്മുടെ കദീസുവല്ലേ..നിനക്ക് എന്നെ ഇഷ്ട്ടായോ..എനിക്ക് നിന്നെ ഇഷ്ട്ടായി..ഇത്രയും ഉസ്മാന്‍ മനപ്പാടമാക്കി!

പാറപ്പറമ്പില്‍ സൈതാലി ഹാജിയുടെ വീട്ടിലെ കോലായയില്‍ മൂക്കുസ്മാന്‍ ഞെളിഞ്ഞിരുന്നു.
ചായയും പലഹാരങ്ങളും എത്തി..ചായ കുടിച്ചപ്പോള്‍ സൈതാലി ഹാജി ചോദിച്ചു..
"പെണ്ണിനെ കാണേണ്ടേ.. ?
ഉസ്മാന് ആദ്യം നാണമായി പിന്നെ നാണം മാറി ബേജാറായി..
ഉസ്മാന്റെ മുന്നില്‍ തന്റെ ഒരു കാലത്തെ സ്വപ്നമായിരുന്ന കദീസു നില്‍ക്കുന്നു!
വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഇത് സ്വപ്നമോ,യഥാര്‍ത്ഥമോ? ഉസ്മാന്‍ തന്റെ കൈത്തണ്ടയില്‍ ഒന്ന് പിച്ചി നോക്കി..വേദന തോന്നിയപ്പോള്‍ മനസ്സിലായി ഇത് സ്വപ്നമല്ല. കദീസു പഴയതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു.
ഉസ്മാന്‍ കദീസുവിനെ ഒന്ന് നോക്കി വിളറിയ പുഞ്ചിരി സമാനിച്ചു കൊണ്ട് ആദ്യ ചോദ്യം ചോദിച്ചു
"എത്രയിലാ പേര്"..
പഠിച്ചു വെച്ച ചോദ്യങ്ങള്‍ ആദ്യത്തെതും രണ്ടാമത്തെതും മിക്സഡ്‌ ആയി ചോദിച്ചപ്പോള്‍..
പക്ഷെ.. കദീസു പതറിയില്ല.. അവള്‍ ഉടന്‍ ഉത്തരം കൊടുത്തു.
"പത്തില്‍ കദീസു"
ഉസ്മാന്‍ വീണ്ടും മൂന്നാമത്തെയും നാലാമത്തെയും ചോദ്യം കുഴച്ചു മറച്ചു ഒരുമിച്ചു ചോദിച്ചു.
"എനിക്ക് എന്നെ ഇഷ്ട്ടായി..നിനക്ക് നിന്നെ ഇഷ്ട്ടായോ"??
ഈ ചോദ്യത്തിന് മുന്‍പില്‍ കദീസു ഒരു നിമിഷം ആലോചിച്ചുനിന്നു എന്നിട്ട് മറുപടി കൊടുത്തു..
"അത് വലിയ കഷ്ട്ടായി"......
ഇന്റെര്‍വ്യൂ കഴിഞ്ഞപ്പോഴേക്കും കദീസു ഉസ്മാന് ചേര്‍ന്ന പെണ്ണ് തന്നെ എന്ന തീരുമാനെത്തില്‍ എത്തിക്കഴിഞ്ഞിരുന്നു അവന്‍.
വളരെ ആര്‍ഭാടപൂര്‍വം അവരുടെ വിവാഹം കഴിഞ്ഞു. കുറഞ്ഞ മാസങ്ങള്‍ ഒരുമിച്ചു ജീവിച്ചപ്പോഴേക്കും മൂക്കുസ്മാന്റെ ലീവ് കഴിയാറായി.
മൂക്കുസ്മാന്‍ ഗള്‍ഫിലേക്ക് തിരിച്ചു. കദീസു ദിവസങ്ങളും എണ്ണി നാട്ടില്‍ കാത്തിരിപ്പായി...

ട്ര്‍ണീം..ട്ര്‍ണീം..ഫോണിന്റെ ശബ്ദം കദീസുവിനെ ചിന്തയില്‍ നിന്നുണര്‍ത്തി മറു തലക്കല്‍ ഉസ്മാന്‍ തന്നെ..
എന്നെത്തെയും പോലെത്തന്നെ ഇന്റര്‍നെറ്റ്‌ ഫോണില്‍ നിന്നുള്ള ക്ലിയറില്ലാത്ത കോള്‍..!

69
May 19, 2010 Post By: സിനു

നിന്നേയും കാത്ത്..

കാല ചക്രത്തിന്‍ കറക്കത്താല്‍

മാറി മറയുന്നു വേനലും വര്‍ഷവും.
ഏകാന്ത പഥികയായി ഞാനെന്നുമീ
ജീവിത യാത്രയില്‍..!

മോഹങ്ങള്‍ ചിതലരിക്കും മുമ്പേ..
നീയെത്തുമോ എന്നരികിലായ്.
ഓര്‍മ്മകള്‍ ആര്‍ദ്രമാക്കുന്നീ മിഴികളെ..
സ്നേഹ ലാളനം നിനക്കായ്-
ഒരുക്കി വെച്ചു ഞാന്‍..!

തുടിക്കുമെന്‍ നെഞ്ചകം നിന്‍ വരവിനായ്
താരാട്ട് പാടി മാറില്‍ ചേര്‍ത്തുറക്കാനായ്
മുടിയിഴകളില്‍ തഴുകി തലോടാനായ്
കാത്തിരിപ്പൂ നിനക്കായ് ഞാന്‍.!

നീ വരുമെന്ന പ്രതീക്ഷയുമായ്..
എന്നില്‍ ജീവവായു നിറച്ചീടുവാന്‍
എന്‍ വേദനകള്‍ ആരോടും ഉര ചെയ്യാതെ..
ഹൃദയത്തില്‍ ഒതുക്കി ഞാന്‍
എന്നും ഒരു തേങ്ങലായി..!!

61
April 20, 2010 Post By: സിനു

നിരപരാധി

നീണ്ടമൂക്കും വിശാലമായ നെറ്റിയുമുള്ള മീരടീച്ചര്‍ ക്ലാസെടുക്കാന്‍ വന്നാല്‍ ക്ലാസുമുറികളില്‍ നിശബ്ദത തളം കെട്ടി നില്‍ക്കും കാരണം ടിച്ചറെ എല്ലാ കുട്ടികള്‍ക്കും ഭയമാണ് പുരുഷന്മാരുടെ ശബ്ദത്തെ വെല്ലുന്ന ടീച്ചറുടെ ശബ്ദം മാത്രമേ ക്ലാസ് മുറികളില്‍ കേള്‍ക്കുകയുള്ളൂ.. !! പതിവു പോലെ ഒരു ദിവസം രാമായണവുമായി ബന്ധപ്പെട്ട ഒരു പാഠം ടീച്ചര്‍ ക്ലാസെടുത്തുകൊണ്ടിരിക്കെ. പിറകില്‍ നിന്നും രണ്ടാമത്തെ ബെഞ്ചില്‍ അഞ്ചുകുട്ടികളില്‍ ‍ നടുവില്‍ ഇരുന്നിരുന്ന സുബൈര്‍ ഡസ്ക്കില്‍ തലവെച്ചു ഉറങ്ങുന്നത് ടീച്ചറുടെ ശ്രദ്ധയില്‍ പെട്ടത്.!!
ടീച്ചര്‍ക്ക് ദേഷ്യം വന്നു കയ്യില്‍ ഉണ്ടായിരുന്ന ചോക്ക് സുബൈറിനു നേരെ എറിഞ്ഞു.!! ഏറ് തലയില്‍ കൊണ്ട സുബൈര്‍ ചാടി എഴുന്നേറ്റു. ചുറ്റുപാടും നോക്കി. വായില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്ന തേന്‍ ഇടതുകൈ കൊണ്ട് തുടച്ചു.!

ക്ലാസില്‍ ഇരുന്നുറങ്ങുന്നോ.. എന്നും ചോദിച്ച് ടീച്ചര്‍ അടുത്ത് വന്നു.അപ്പോഴും സുബൈറിനു താന്‍ എവിടയാ എന്നുള്ള ബോധം വന്നിരുന്നില്ല..!!

“രാമായണം എഴുതിയത് ആരാ…?

ടീച്ചറുടെ ഓര്‍ക്കാപ്പുറത്തുള്ള ചോദ്യം സുബൈറിന്‍റെ നേരെ..സുബൈര്‍ അടുത്തിരിക്കുന്ന കുട്ടികളെ നോക്കി അവരെല്ലാം വായ പൊത്തിചിരിക്കുന്നു. എന്തോ അപരാധം തന്‍റെ പേരില്‍ നടന്നിരിക്കുന്നു. !! സുബൈര്‍ തന്‍റെ നിരപരാധിത്വം ടീച്ചറോട് പറഞ്ഞു.

“ടീച്ചറെ ഞാനല്ല..!!

ടീച്ചറുടെ ദേഷ്യം ഇരട്ടിച്ചു.!! സുബൈറിന്‍റെ ചെവിയില്‍ പിടിച്ചു പുറത്തേക്ക് വലിച്ചു. സുബൈറിന്‍റെ കണ്ണില്‍ പൊന്നീച്ചപാറി. !!ചെവിയില്‍ പിടിച്ചു കൊണ്ട് തന്നെ സുബൈറിനെ ടീച്ചര്‍ ക്ലാസിന്‍റെ പുറത്താക്കി.!!

ഇനി രക്ഷിതാവിനെ വിളിച്ചു കൊണ്ട് വന്ന് ക്ലാസില്‍ കയറിയാല്‍ മതി എന്നും പറഞ്ഞു.!! പാവം..സുബൈര്‍ ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടിയ വിഷമത്തില്‍ വീട്ടില്‍ ചെന്ന് ഉപ്പയോട്‌ കാര്യം പറഞ്ഞു..!! പറമ്പില്‍ തെങ്ങിന് തടം കെട്ടികൊണ്ടിരുന്ന ഉപ്പ ചെയ്യാത്ത കുറ്റത്തിനു മകനെ പുറത്താക്കിയ ടീച്ചറോടുള്ള ദേഷ്യം മനസ്സില്‍ വെച്ചു. !!പിറ്റേ ദിവസം സുബൈറിന്‍റെ കൂടെ സ്കൂളില്‍ ചെന്നു.!!

“എന്തിനാ ടീച്ചറെ ഇവനെ പുറത്താക്കിയത്?

മനസ്സിലുള്ള ദേഷ്യം പുറത്തുകാണിക്കാതെ ഉപ്പ ടിച്ചറോട് ചോദിച്ചു.!!

“ഇവന്‍ വന്നു വന്നു ക്ലാസില്‍ ഒരു ശ്രദ്ധയും ഇല്ലാതെ വഷളായിക്കൊണ്ടിരിക്കാ..
ഇന്നലെ ഞാന്‍ ക്ലാസ് എടുക്കുന്നതിനിടെ ഇവനോട് ചോദിച്ചു ആരാ..രാമായണം എഴുതിയതെന്നു..അതിനു ഇവന്‍ ഉത്തരം പറഞ്ഞത് 'ഞാനല്ല ടീച്ചറെ'..എന്നാ….

ടിച്ചര്‍ സുബൈറിനെ ദേഷ്യത്തോടെ നോക്കി കൊണ്ട് ഉപ്പയോട് പറഞ്ഞു.!!


ഇത് കേട്ട ഉടനെ..ഉപ്പ പറഞ്ഞു..!! “

“ടീച്ചറെ..ഞമ്മന്‍റെ മകനായത് കൊണ്ട് പറയല്ല..ഇവനതു ചെയ്യൂലാ അതെനിക്കുറപ്പാ ഇബന്‍റെ മൂത്തോന്‍ ഒരുത്തനുണ്ട് ഷുക്കൂര്‍ ..അവനാവും ചിലപ്പോള്‍ എഴുതിയത്!
മിനിഞ്ഞാന്ന് രാത്രി ഷുക്കൂര്‍ ഇരുന്നു എന്തോ..എഴുതുന്നത്‌ ഞമ്മളും കണ്ടതാ ടീച്ചറെ…ഇവന്‍ അങ്ങിനെയൊന്നും ചെയ്യില്ലാന്നു മാത്രമല്ല..മിനിയാന്ന് ഇവന്‍ പുരയില്‍ ഉണ്ടായിരുന്നിട്ടെ ഇല്ല ഓന്‍റെ ഉമ്മാന്റെ കുടീലായിരുന്നു. പിന്നെ എങ്ങിനെയാ..ടീച്ചറെ.. സുബൈര്‍ രാമായണം എഴുതാ..?

ഉപ്പയുടെ മറുപടിയും ചോദ്യവും കേട്ട മീരടീച്ചര്‍ ഞെട്ടിത്തരിച്ചു..!!

“ഉപ്പാ..നിങ്ങള്‍ പോയിക്കോളൂ..ഞാന്‍ സുബൈറിനെ ക്ലാസ്സില്‍ കയറ്റിക്കൊള്ളാം..

പുറത്തേക്ക് വന്ന പൊട്ടിച്ചിരി പാട് പെട്ട് കടിച്ചമര്‍ത്തി.സുബൈറിന്‍റെ ഉപ്പയെ നോക്കി ടീച്ചര്‍ പറഞ്ഞു!
സുബൈര്‍ പറഞ്ഞിട്ട് വിശ്വസിക്കാത്ത ടീച്ചര്‍ ഉപ്പയുടെ വാക്കുകള്‍ വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ ഉപ്പ സുബൈറിനെ ഒന്ന് തലോടി വീട്ടിലേക്ക് മടങ്ങി. !! തന്‍റെ നിരപരാധിത്വം തെളിയിച്ചു എന്ന അഹംഭാവത്തില്‍ സുബൈര്‍ നെഞ്ച് വിരിച്ച് ക്ലാസ് മുറിയിലേക്കും കയറി.!!


59
March 25, 2010 Post By: സിനു

"അവന്‍ വരും..വരാതിരിക്കില്ല!!

കോളേജ് ഫെസ്റ്റ് അടുത്തതോടെ കലാപരിപാടിക്ക്‌ പേര് കൊടുത്ത വിദ്യാര്‍ത്ഥികളെല്ലാം റിഹേഴ്സല്‍ തിരക്കിലാണ്.! ഇത് കണ്ട ബാബുവിനും ഒരു നാടകത്തില്‍ അഭിനയിക്കണമെന്നു തോന്നി.
ബാബു സുഹൃത്തായ ഫൈസലിനോട് കാര്യം പറഞ്ഞു..!!

“നമുക്കും ഒരു നാടകത്തിനു പേര് കൊടുക്കാം. റിഹേഴ്സലിന്‍റെ പേരില്‍ പേടികൂടാതെ ക്ലാസ് കട്ട്‌ ചെയ്യാമല്ലോ…
ഫൈസലിനും സംഗതി കൊള്ളാമെന്നു തോന്നി.!!

അങ്ങിനെ ബാബുവും ഫൈസലും മറ്റു കൂട്ടുകാരുമായി ആലോചിച്ചു നാടകത്തിനു പേര് കൊടുത്തു.!
പിറ്റേ ദിവസം മുതല്‍ നാടകറിഹേഴ്സലിന്‍റെ പേരില്‍ അവര്‍ ക്ലാസ് കട്ട്‌ ചെയ്യാന്‍ തുടങ്ങി.!!
എല്ലാ ദിവസവും ക്ലാസ്സില്‍ നിന്നിറങ്ങി സിനിമാടാക്കീസുകള്‍ മാറി മാറി കയറീ എന്നല്ലാതെ നാടക റിഹേഴ്സലിനെ കുറിച്ച് അവര്‍ ചിന്തിച്ചതേയില്ല .!!

അങ്ങിനെ ഫെസ്റ്റിന്റെ ദിവസം അടുത്തെത്തി..!!
അപ്പോഴാണ് അവരെ നാടകം പഠിപ്പിക്കാമെന്ന് ഏറ്റിരുന്ന വാസു മാഷ്‌ കാലുമാറിയ വിവരം അവര്‍ അറിയുന്നത്.!!
ഇനി എങ്ങിനെ പ്രിന്‍സിപ്പാളിനോട് വിവരം പറയും..?
നാടകത്തിന്റെ പേരില്‍ എത്ര എത്ര ക്ലാസുകള്‍ കട്ട് ചെയ്തു. !!

പ്രിന്‍സിപ്പാള്‍ ആളൊരു ചൂടനാണ്‌..ദേഷ്യം വന്നാല്‍ അടിയല്ല നല്ല ഇടിയാണ് പതിവ്.!!

അതുകൊണ്ട് നാടകം പടിപ്പിക്കാമെന്ന് ഏറ്റ വാസു മാഷ്‌ കാലു മാറിയ വിവരം തുറന്നു പറയാനൊക്കില്ല.!! ഇനി എന്തു ചെയ്യും ?അവര്‍ ധര്‍മ്മ സങ്കടത്തിലായി.!!

കൂട്ടുകാരെല്ലാം ഭയന്ന് ബാബുവിന്‍റെ ചുറ്റും കൂടി കൂട്ടത്തില്‍ ധൈര്യശാലി ബാബു തന്നെയാണ്.
മാത്രവുമല്ല ഇതിനെല്ലാം കാരണക്കാരനും അവന്‍ തന്നെയല്ലെ...!

“നിങ്ങള്‍ വിഷമിക്കേണ്ട -അത് എനിക്ക് വിട്ടേക്ക് ഞാന്‍ കൈകാര്യം ചെയ്തോളാം..

തൊലിക്കട്ടിയുടെ കാര്യത്തില്‍ ഒരു കുറവും ഇല്ലാത്ത ബാബു കൂട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്നു.!! അവര്‍ക്ക് സമാധാനമായി ബാബു എന്തെങ്കിലും ഐഡിയ കണ്ടുകൊള്ളും.!

അങ്ങിനെ കാത്തിരുന്ന ആ കലോത്സവ ദിവസം വന്നെത്തി..!!
വേദിയില്‍ കലാപരിപാടികള്‍ ഓരോന്നായി അരങ്ങേറികൊണ്ടിരുന്നു.! അടുത്തത് ബാബുവിന്‍റെയും കൂട്ടുകാരുടേയും നാടകം.!!

കര്‍ട്ടന്‍ മെല്ലെ മെല്ലെ ഉയര്‍ന്നു..!! ..നീളന്‍ ജുബ്ബയും മുണ്ടും വലിയൊരു കണ്ണടയും തോളില്‍ ഒരു സഞ്ചിയുമായ് ബാബു സ്റ്റേജില്‍ എത്തി ! വേദിയില്‍ പിന്നണി സംഗീതം മുഴങ്ങികൊണ്ടിരുന്നു.!!
ബാബു പതുക്കെ പതുക്കെ വേദിയിലുള്ള ബെഞ്ചില്‍ വന്നിരുന്നു. വലിയ ഒരു നാടക നടന്‍റെ ഭാവത്തില്‍.!! .കാണികളെല്ലാം ആകാംശയോടെ നോക്കിക്കൊണ്ടിരിക്കുന്നു.!!
ഫൈസലിനും മറ്റ് കൂട്ടുകാര്‍ക്കും ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.!!..ഇവനെന്താണാവോ ചെയ്യാന്‍ പോവുന്നത് എന്നോര്‍ത്ത്.!!!
വേദിയിലെ പിന്നണി സംഗീതവും ആസ്വദിച്ച് ബാബു അനങ്ങാതെ ഇരുന്നു. കുറച്ച് നേരം അതേ ഇരുത്തം പിന്നെ പതുക്കെ എഴുന്നേറ്റ് മൈക്ക് കെട്ടിയിട്ട ഭാഗത്തേക്ക് വന്നു ഒരൊറ്റ ഡയലോഗ്..

"അവന്‍ വരും..വരാതിരിക്കില്ല"!!!

ബാബു ഉച്ചത്തില്‍ പറഞ്ഞു. എന്നിട്ട് വീണ്ടും അതേ ബെഞ്ചില്‍ പോയിരുന്നു.!!


പിന്നെയും മിനുറ്റുകള്‍ക്ക് ശേഷം മൈക്കിനടുത്തേക്ക് വന്നു അതേ ഡയലോഗ് തന്നെ.!!.

“അവന്‍ വരും..വരാതിരിക്കില്ല!!

ബാബു ഒരു കൂസലുമില്ലാതെ വീണ്ടും അതേ ബെഞ്ചില്‍ പോയി ഇരുന്നു.!!

കാണികള്‍ മുറുമുറുപ്പും സംസാരവും തുടങ്ങി..!! പ്രിന്‍സിപ്പാള്‍ മുന്നില്‍ തന്നെ ഇരിപ്പുണ്ട്. കാണികളില്‍ ചിലര്‍ കൂവാന്‍ തുടങ്ങി.!!
ബാബു പതുക്കെ ബെഞ്ചില്‍ നിന്നും എഴുന്നേറ്റു ..രണ്ടു ചെരിപ്പും തോളിലുള്ള സഞ്ചിയും കയ്യില്‍ പിടിച്ചു.എന്നിട്ട് കര്‍ട്ടന്‍ വലിക്കുന്ന കുമാരന്‍റെ അടുത്ത് ചെന്നു..

“വരുമെന്ന് കരുതിയിരുന്നു..പക്ഷെ..വരാമെന്ന് പറഞ്ഞ ആളെ കാണുന്നില്ല… നിങ്ങള്‍ കര്‍ട്ടന്‍ താഴ്ത്തിയേക്കൂ...


കുമാരന്‍ കര്‍ട്ടന്‍ താഴ്ത്താന്‍ തുടങ്ങിയതും ബാബു കയ്യിലുള്ള ചെരിപ്പും സഞ്ചിയും പിടിച്ചു ഒരൊറ്റ ഓട്ടം.!!
ഫൈസലും കൂട്ടുകാരും മുകളിലത്തെ നിലയില്‍ നിന്നും എല്ലാം നോക്കികാണുകയായിരുന്നു.!! പിറ്റേ ദിവസം പ്രിന്‍സിപ്പാള്‍ ബാബുവിനെ ഓഫീസ് റൂമില്‍ വിളിപ്പിച്ചു.

“ നീ നാളെ രക്ഷിതാവിനെ കൊണ്ട് വന്ന് ക്ലാസ്സില്‍ കയറിയാല്‍ മതി..

പ്രന്‍സിപ്പാള്‍ ദേഷ്യത്തില്‍ തന്നെയാണ്..!!


“സാര്‍ ഞാനൊരു തെറ്റും ചെയ്തിട്ടില്ല. എന്‍റെ ഭാഗം ഞാന്‍ നന്നായി അഭിനയിച്ചില്ലേ..?
വരാമെന്ന് പറഞ്ഞ ആ.,, കഴുവേറി മോന്‍ വരാത്തതിനു ഞാനെന്തു ചെയ്യാനാ ..

ബാബുവിന്‍റെ ഉത്തരം കേട്ട പ്രന്‍സിപ്പാള്‍…..വായ് പൊളിച്ചു നിന്നു പോയി.!!

59
March 4, 2010 Post By: സിനു

ഒരു പെരുന്നാള്‍ രാവിന്‍റെ ഓര്‍മയില്‍….

ഇരുപത്തിഒന്‍പത് ദിവസത്തെ വൃതത്തിനു വിരാമം അറിയിച്ചു കൊണ്ട് ആകാശത്ത് റംസാന്‍ ചന്ദ്രിക മിന്നി മറഞ്ഞു. പള്ളിയില്‍ ചെറിയപെരുന്നാള്‍ സന്ദേശം അറിയിച്ചു കൊണ്ട് തഖ്ബീര്‍ ധ്വനി മുഴങ്ങി.ചെറിയപെരുന്നാളിന്‍റെ ആഘോഷത്തിനു തുടക്കമായി . അയല്‍പക്കത്തെ കുട്ടികള്‍ കയ്യില്‍ മൈലാഞ്ചിയിട്ടും, പടക്കം പൊട്ടിച്ചും പെരുന്നാളാഘോഷം തുടങ്ങിക്കഴിഞ്ഞു. !
നേരം വെളുത്താല്‍ പെരുന്നാളാണ്.അരിയും സാധനങ്ങളും ഇതുവരെയും കിട്ടിയിട്ടില്ല . നഫീസുവിന്‍റെ മനസ്സിലെ തീ ആളിക്കത്തികൊണ്ടിരുന്നു. മാനുക്ക രാവിലെ പോയതാണ് ഇതുവരെയും വന്നിട്ടില്ല. സുബൈര്‍ പുതിയ കുപ്പായം കിട്ടാത്തത് കൊണ്ട് ചിണുങ്ങിയും കരഞ്ഞും ഇടയ്ക്കിടയ്ക്കു ഉപ്പ വരുന്നുണ്ടോ എന്ന് നോക്കി ഇടവഴിയിലേക്ക് കണ്ണും നട്ടിരിപ്പാണ്. നഫീസു ഓലപ്പുരയുടെ ഇറയത്തിറങ്ങി ഇടവഴിക്കപ്പുറത്തെ പാടവരമ്പിലേക്ക് നോക്കി . ഇല്ല മാനുക്കാനെ കാണുന്നില്ല..!!
“ഉമ്മാ ഉപ്പ വരുമ്പോ പുത്തന്‍കുപ്പായം കൊണ്ടരില്ലെ ?
സുബൈര്‍ ചിണുങ്ങികൊണ്ട് ഉമ്മന്‍റെ അരികിലേക്ക് ചെന്ന് ഉമ്മാടെ അരയില്‍ രണ്ട് കൈകൊണ്ടും വട്ടം ചുറ്റിപ്പിടിച്ചു. തേങ്ങി കൊണ്ട് ചോദിച്ചു.
“കൊണ്ടരും ഉമ്മാടെ കുട്ടിക്ക് ഉപ്പ വരുമ്പോ പുതിയ കുപ്പായം കൊണ്ടരും മുത്ത് കരയണ്ട..
സുബൈറിന്‍റെ തലയിലൂടെ സ്നേഹത്തോടെ കൈവിരല്‍ ഓടിച്ചു കൊണ്ട് നഫീസു മകനെ സമാധാനിപ്പിച്ചു !!.
മാനുക്കാക്ക് കാലിച്ചാക്കുകള്‍ കുറഞ്ഞ വിലയ്ക്കു വാങ്ങി അത് തുന്നിക്കൂട്ടി വില്‍ക്കുന്ന ജോലിയാണ്.പുരയില്‍ നിന്നും അതിരാവിലെ പോയാല്‍ നേരം ഇരുട്ടിയിട്ടെ വരികയുള്ളൂ.. മാനു തിരിച്ച് വരുന്നത് വരെ നഫീസുവിന് ആദിയാണ്. ആസ്ത്മ രോഗമുള്ള ആളാണ് ഇടയ്ക്ക് ശ്വാസം വലിക്കാന്‍ മാനുക്ക പെടാപ്പാട് പെടും. ഇന്‍ഹേലര്‍ വായിലേക്കടിച്ചാല്‍ ശ്വാസം മുട്ടിനു സമാധാനം ഉണ്ടാവും എപ്പോഴും അതും കീശയിലിട്ടാണു നടപ്പ് . ചാക്ക് വിറ്റുകിട്ടുന്ന കാശില്‍ ഭൂരിഭാഗവും മരുന്നു വാങ്ങി കഴിയും എന്നാലും സന്തോഷത്തോടയാണ് അവരുടെ ജീവിതം. സുബൈറിലാണു അവരുടെ പ്രതീക്ഷ മുഴുവന്‍. അവനിപ്പോള്‍ മൂന്നാം ക്ലാസിലാണ് നന്നായി പഠിക്കാന്‍ മിടുക്കുള്ള കുട്ടിയാ എന്ന് നെടുങ്ങാടിമാഷ് മാനുവിനെ കാണുമ്പോഴെല്ലാം പറയാറുണ്ട്.
നോമ്പ് നോറ്റ് പോയതാ സാധാരണ വരുന്ന സമയവും കഴിഞ്ഞിരിക്കുന്നു. “പടച്ചോനെ എന്‍റെ മാനുക്കാനെ നീ കാക്കണേ.. നഫീസു നെടുവീര്‍പ്പോടെ മാനുക്കാനെ കാത്തിരുന്നു.
“ നഫീസൂ ,,,, മാനു വന്നില്ലെ ?
അയല്‍പകത്തെ റുഖിയത്തയാണ്. കയ്യില്‍ ഒരു സഞ്ചിയും ഉണ്ട് അതു നഫീസുവിന്‍റെ നേരെ നീട്ടി.
“ഇതാ ,,, ഫിത്വര്‍ ‍സക്കാത്തിന്‍റെ അരിയാണ്.”
നഫീസു സഞ്ചി വാങ്ങി റുഖിയത്തയോട് കയറിയിരിക്കാന്‍ പറഞ്ഞു.
“ഇല്ല ഇരിക്കുന്നില്ല പോവാണ് കുട്ടികള്‍ എല്ലാരും വന്നിട്ടുണ്ടവിടെ .
“ഇവനെന്തിനാ കരയുന്നത് ?
തിരിഞ്ഞു പോവാന്‍ തുനിഞ്ഞ റുഖിയത്ത സുബൈറിനെ നോക്കി ചോദിച്ചു.
നഫീസു മറുപടി ഒന്നും പറഞ്ഞില്ല . എങ്കിലും റുഖിയാത്തക്ക് കാര്യം മനസ്സിലായി പിന്നെ ഒന്നും ചോദിക്കാന്‍ നിന്നില്ല. സുബൈറിന്‍റെ നിഷ്കളങ്കമായ മുഖത്ത് നോക്കി ഒന്നു പുഞ്ചിരിച്ചു. സുബൈര്‍ കണ്ണില്‍ നിന്നും ഒലിച്ചിറങ്ങിയിരുന്ന കണ്ണുനീര്‍ പുറംകൈ കൊണ്ട് തുടച്ചു ഉമ്മാടെ അടുത്തേക്ക് കൂടുതല്‍ നീങ്ങി നിന്നു.റുഖിയത്ത യാത്ര പറഞ്ഞു പോയി. നഫീസു സുബൈറിനെയും വിളിച്ച് പുരക്കകത്തേക്ക് കയറി.
കിട്ടിയ ചാക്കുകള്‍ എല്ലാം കടയില്‍ കൊടുത്ത് അവിടന്ന് കിട്ടിയ കാശുമായി മാനു അടുത്ത് കണ്ട ടെക്സ്റ്റൈല്‍സിലേക്ക് കയറി . സുബൈറിന് ഒരു ഷര്‍ട്ടും ട്രൌസറും എടുത്തു.  നഫീസുവിനു ഒരു സാരിയും. എല്ലാ ചെറിയ പെരുന്നാള്‍ക്കും നഫീസുവിനു ഒരു സാരിയുണ്ടാവും പെരുന്നാള്‍ കഴിഞ്ഞാല്‍ നഫീസു അതു എടുത്ത് വെക്കും ബലിപെരുന്നാളുവരെ.. ബലി പെരുന്നാളിനു പുതിയത് വാങ്ങില്ല. മാനു വാങ്ങിക്കാം എന്നു പറഞ്ഞാലും ഭര്‍ത്താവിന്‍റെ കഷ്ടപ്പാട് ശരിക്കറിയുന്ന നഫീസു സമ്മതിക്കില്ല.
ബാക്കി വന്ന കാശുകൊണ്ട് അത്യാവശ്യം വേണ്ട വീട്ടു സാധനങ്ങളും വാങ്ങി പെരുന്നാള്‍ തിരക്കില്‍ മുങ്ങിയ അങ്ങാടിയിൽ കൂടി മാനു പുരയിലേക്ക് നടന്നു. സുബൈര്‍ ഉറങ്ങുന്നതിനു മുന്‍പ് ചെല്ലണം രാവിലെ പോരുമ്പോള്‍ അവനോട് പുത്തന്‍ കുപ്പായവുമായി നേരത്തെ വരാം എന്നു പറഞ്ഞു പോന്നതാ. പ്രതീക്ഷിച്ചത്ര ചാക്കുകള്‍ കിട്ടിയില്ല സമയം ഒരുപാട് വൈകി .. പാവം കരയുന്നുണ്ടാവും.. മാനു നടത്തത്തിനു വേഗത കൂട്ടി.
“മാനൂ…. നില്‍ക്കൂ..ഞാനും ഉണ്ട്.
പിറകില്‍ സുകുമാരന്‍. പപ്പടകച്ചവടം കഴിഞ്ഞ് സുകുമാരന്‍ കാലിവട്ടിയുമായ് മാനുവിന്‍റെ അടുത്തേക്ക് ഓടി വന്നു . സാധാരണ തൃസന്ധ്യയാവുന്നതിനു മുമ്പ് വീടണയുന്ന സുകുമാരന്‍ പെരുന്നാള്‍ കച്ചവടമായത് കൊണ്ട് വൈകിയതാണ്. കൂട്ടിനു ആളെ നോക്കി വഴിയില്‍ നില്‍ക്കുവായിരുന്നു . അവര്‍ ഒരോരോ കാര്യങ്ങള്‍ സംസാരിച്ചു കൊണ്ട് നടന്നു. ടാറിട്ട റോഡില്‍ നിന്നും ചെങ്കല്‍പാതയിലേക്ക് കയറി. ചെങ്കല്‍ പാത അവസാനിക്കുന്നിടത്ത് സുകുമാരന്‍റെ വീട്. പിന്നെ പാടവരമ്പിലൂടെ കുറച്ചു കൂടി നടന്ന് ഇടവഴിയില്‍ കയറിയാല്‍ മാനുവിന്‍റെ പുര.
സുകുമാരന്‍റെ വീടിന്‍റെ മുമ്പിൽ എത്തി.
“മാനൂ ഒരു ചൂട്ട് കത്തിച്ചിട്ട് പോവാം വരമ്പിലൂടെ പോവണ്ടതല്ലെ?
വീട്ടിലേക്ക് കയറും മുന്‍പ് സുകുമാരന്‍ മാനുവിനോട് പറഞ്ഞു.
“വേണ്ട.. കുട്ടിക്കാലം മുതല്‍ നടക്കുന്ന വരമ്പല്ലെ കണ്ണുചിമ്മി നടന്നാലും ഒരല്‍പ്പം പിഴക്കില്ല. സുകുമാരനെ നോക്കി ചിരിച്ചുകൊണ്ട് മാനു പറഞ്ഞു
ഇരുട്ടില്‍ പാടവരമ്പിലൂടെ മാനു നടന്നു . വരമ്പു കഴിഞ്ഞ് ഇടവഴിയിലേക്ക് കയറിയ മാനുവിന്‍റെ കാലില്‍ എന്തോ തട്ടിയത് പോലെ ..!! കാലിനടിയില്‍ കൂടി എന്തോ ഇഴഞ്ഞു പോവുകയും ചെയ്തു. മാനുവിന്‍റെ നെഞ്ച് പിടച്ചു..!! കയ്യില്‍ ഉണ്ടായിരുന്ന സഞ്ചികള്‍ താഴെയിട്ടു . .മാനു ഇടതുകാല്‍ കൂട്ടിപിടിച്ച് താഴെ ഇരുന്നു !!.. പടച്ചോനെ പാമ്പ്..!!
“നഫീസൂ....... മാനു ഉറക്കെ വിളിച്ചു..
സുബൈറിനു ചോറ് കൊടുത്ത് ഉറക്കാന്‍ കിടത്തി മാനുക്കാനെ കാത്തിരുന്നിരുന്ന നഫീസു വിളി കേട്ടു.. ചിമ്മിനി വിളക്കുമായി പുറത്തിറങ്ങി ഇടവഴിയില്‍ മാനുക്ക വീണുകിടക്കുന്നു നഫീസു ഓടിചെന്നു.
“നഫീസൂ,,, കാലില്‍…!!!
മാനു വാക്കുകള്‍ മുഴുവനാക്കുന്നതിനു മുന്‍പേ നഫീസു പൊട്ടിക്കരഞ്ഞു ബോധമറ്റ് താഴെ വീണു. ഇടവഴിയില്‍ നിന്നും ശബ്ദം കേട്ട് റുഖിയത്ത പുറത്തിറങ്ങി നോക്കി.ഇട വഴിയിലേക്ക് ഓടിചെന്നു. കൂടെ റുഖിയത്തയുടെ മകന്‍ ബഷീറും ഇടവഴിയില്‍ കിടന്ന് പുളയുന്ന മാനുവിനെ താങ്ങിയെടുത്തു തോളിലുണ്ടായിരുന്ന മുണ്ട്കൊണ്ട് കാലില്‍ വരിഞ്ഞ് കെട്ടി. റുഖിയത്തയും അയല്‍പക്കത്തെ മറ്റു പെണ്ണുങ്ങളും കൂടി നഫീസുവിനെ താങ്ങിയെടുത്ത് വീട്ടിനകത്തേക്ക് കൊണ്ട് പോയി. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ എല്ലാവരും കൂടി മാനുവിനെ ഒരു മരക്കസേരയില്‍ ഇരുത്തി താങ്ങിപ്പിടിച്ച് പാടവരമ്പിലൂടെ ഓടി.. താഴെ വീണുകിടന്നിരുന്ന സഞ്ചികള്‍ എല്ലാം കൂടി പെറുക്കിയെടുത്ത് റുഖിയത്തയുടെ മരുമകള്‍ നഫീസുവിന്‍റെ പുരക്കകത്ത് കൊണ്ട് വെച്ചു.
കുട്ടന്‍ വൈദ്യര്‍ നേരത്തെ കിടന്നുറക്കമായിരുന്നു പുറത്ത് ആളുകളുടെ കാല്‍ പെരുമാറ്റംകേട്ട് വൈദ്യര്‍ ഉണര്‍ന്നു വാതില്‍ തുറന്നു. മാനുവിനെ വരാന്തയില്‍ കിടന്നിരുന്ന മരക്കട്ടിലിലേക്ക് കിടത്തി.
“എന്ത് വിഷാ തീണ്ട്യാത്ന്നറിയോ ?
വൈദ്യര്‍ കൂടെ വന്നവരോട് ചോദിച്ചു. അവര്‍ പരസ്പ്പരം മുഖത്തോട് മുഖം നോക്കി.
“ഇല്ല ,, ആരും കണ്ടില്ല.
വൈദ്യര്‍ എന്തൊക്കയോ പച്ചമരുന്നുകള്‍ അരച്ചു മാനുവിന്‍റെ കാലില്‍ പുരട്ടി. മാനുവിന്‍റെ നില കൂടുതല്‍ വഷളായി തുടങ്ങി .. വായില്‍ കൂടി രക്തവും നുരയും കൂടി കലര്‍ന്നു പുറത്ത് വന്നുകൊണ്ടിരുന്നു.!! കണ്ണുകളില്‍ ഇരുട്ട് കയറി. അവ്യക്തമായ ശബ്ദത്തില്‍ നഫീസുവിനെയും സുബൈറിനെയും വിളിച്ച്കൊണ്ടിരുന്നു. പതിയെ പതിയെ ഓര്‍മ നഷടമായി തുടങ്ങി.!!
“രക്ഷയില്ല.. കൂടിയ ഇനമാ…
വൈദ്യര്‍ തന്‍റെ നിസ്സഹായാവസ്ഥ കൂടെ വന്ന ഒരാളെ വിളിച്ച് രഹസ്യമായ് പറഞ്ഞു.

ഓര്‍മ തിരിച്ചു കിട്ടിയ നഫീസു മാനുക്കാനെ വിളിച്ചു കരഞ്ഞു. ഉമ്മാടെ കരച്ചില്‍ കേട്ട് സുബൈര്‍ ഉണര്‍ന്നു കാര്യമറിയാതെ അവന്‍ പകച്ചിരുന്നു. നഫീസു മകനെ കെട്ടിപ്പിടിച്ച് പൊട്ടിപൊട്ടികരഞ്ഞു.സുബൈറും കരയാന്‍ തുടങ്ങി. അടുത്ത് നില്‍ക്കുന്ന പെണ്ണുങ്ങള്‍ എങ്ങനെ അവരെ സമാധാനിപ്പിക്കണം എന്നറിയാതെ വിശമിച്ചു. നേരം പുലരാന്‍ അധികം സമയമില്ല മാനുക്കാടെ കൂടെ പോയിരുന്ന ബഷീര്‍ തിരിച്ചു വന്നു റുഖിയാത്താനെ പുറത്തേക്ക് വിളിച്ചു.
“ഉമ്മാ…. മാനുക്ക……. മാനുക്ക പോയി,!!!
റുഖിയത്ത തരിച്ചിരുന്നു. എങ്ങനെ നഫീസുവിനെ അറിയിക്കും.!!
പള്ളിയില്‍‍ സുബ്ഹി ബാങ്ക് മുഴങ്ങി.. മാനുവിന്‍റെ പൊതിഞ്ഞുകെട്ടിയ ശരീരം പുരയുടെ ഉമ്മറത്ത് എത്തി. നഫീസു വാവിട്ടു കരഞ്ഞു. അവിടെ കൂടിയവരുടെയെല്ലാം കണ്ണില്‍ വെള്ളം നിറഞ്ഞു.!!
മാനുവിന്‍റെ മരണ വിവരം അറിയിച്ചുകൊണ്ട് കുഞ്ഞിമുഹമ്മദിന്‍റെ ജീപ്പ് നാട്ടിലൂടെ തലങ്ങും വിലങ്ങും ഓടി. പെരുന്നാള്‍ നമസ്ക്കാരത്തിന്‍റെ സമയം ആയെന്നറിയിച്ചു കൊണ്ട് പള്ളിയില്‍ തഖ്ബീര്‍ മുഴങ്ങികൊണ്ടിരുന്നു.!!


“സുബൈര്‍ എന്താ സ്വപ്നം കണ്ടിരിക്കുന്നത് ?
മുമ്പില്‍ ഹക്കീം സാര്‍.
“ഹെയ് ഒന്നുമില്ല ചുമ്മാ പഴയകാര്യങ്ങള്‍ ഓരോന്ന്…...
“നിന്നെ ബോസ് വിളിക്കുന്നുണ്ട്. നിന്‍റെ ലീവ് ശരിയായിട്ടുണ്ടെന്നു തോന്നുന്നു.
“ഉമ്മ ഇന്നു രാവിലെ വിളിച്ചപ്പോഴും ചോദിച്ചു പെരുന്നാളിനു വരുന്നില്ലെ എന്ന്. രണ്ട് വര്‍ഷം കഴിഞ്ഞില്ലെ അവധി കഴിഞ്ഞ് തിരിച്ചെത്തിയിട്ട്. ഇപ്പ്രാവശ്യം കുറച്ച് കൂടുതല്‍ നിന്നതുകൊണ്ട് വീടു പണി തീര്‍ക്കാന്‍ പറ്റി .
“വീടോ,,, അതിനു വീടെന്നാണോ പറയണ്ടത് കൊട്ടാരം എന്നു പറയൂ.. ഉമ്മ ഒറ്റയ്ക്കല്ലെ വീട്ടില്‍ ഉള്ളൂ ഇനി ഒരു കല്ല്യാണം ആവാം അല്ലെ ?
ഹക്കീംസാര്‍ സുബൈറിന്‍റെ തോളില്‍ തട്ടികൊണ്ട് പറഞ്ഞു. മരുഭൂമിയിലെ കണക്കുകളുടെയും പ്രൊജക്റ്റുകളുടെയും ഇടയില്‍ നിന്നും ഒരു താത്കാലിക മോചനം. സുബൈര്‍ ഹക്കീംസാറിനെ നോക്കി പുഞ്ചിരിച്ചു.
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആ പെരുന്നാള്‍ രാവിന്‍റെ ഓര്‍മയില്‍ അടുത്ത പെരുന്നാള്‍ ഉമ്മാന്‍റെ കൂടെ കഴിയാം എന്ന സന്തോഷത്തില്‍ സുബൈര്‍ ബോസിന്‍റെ കാബിനിലേക്ക് നടന്നു.

33
February 26, 2010 Post By: സിനു

ഒട്ടകത്തിനെതിരെ കേസ്

ആടിനെ തൊഴിച്ച ഒട്ടകത്തിനെതിരെ സൌദി പൌരന്‍ കോടതിയെ സമീപിച്ചു.
ആദ്യമായാണ്‌ സൌദി കോടതിയില്‍ ഇത്തരമൊരു കേസ്.
വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലെ മരുഭൂമിയില്‍ താമസിക്കുന്ന സൌദി പൌരനാണ് പരാതിക്കാരന്‍.
മേഞ്ഞു നടക്കുന്നതിനിടെ അയല്‍വാസിയുടെ ഒട്ടകം തന്റെ ആടിനെ തൊഴിച്ചെന്ന പരാതിയുമായി
ലീന മര്‍കസ് പോലീസിനെയാണ് സൌദി പൌരന്‍ ആദ്യം സമീപിച്ചത്.
തൊഴിയേറ്റ് ആടിന്റെ വാരിയെല്ല് ഒടിഞ്ഞു.ആടിന് നടക്കാന്‍ കഴിയുന്നില്ല.
അയല്‍വാസിയില്‍ നിന്ന് നഷ്ട്ടപരിഹാരം ഈടാക്കിത്തരണം എന്നായിരുന്നു സൌദി പൌരന്റെ ആവശ്യം.
എതിര്‍ കക്ഷിയെ പോലീസ് സ്റെഷനിലെത്തിച്ചു നടത്തിയ ചോദ്യം ചെയ്യലില്‍ ഇങ്ങനെയൊരു സംഭവമുണ്ടായതായി
തനിക്കറിയില്ലെന്ന് അയാള്‍ വാദിച്ചു.തുടര്‍ന്ന് കേസ് കോടതിക്ക് കൈമാറാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു.
എങ്ങിനെ യുണ്ട് ഈ കേസ്.........?
ഇന്ന് മലയാളം ന്യുസില്‍ വന്ന ഒരു ചെറിയ വാര്‍ത്തയാണിത്.
വായിച്ചപ്പോള്‍ എന്തോ...ഒരു രസം തോന്നി.
എന്നാ പിന്നെ..ഇതൊന്നു പോസ്റ്റിയേക്കാം എന്ന് തീരുമാനിച്ചു.
വായിക്കാത്തവര്‍ വായിച്ചോളൂ...വായിച്ചവര്‍ക്ക് വീണ്ടും വായിക്കാം....

54
January 21, 2010 Post By: സിനു

വിനയായ വിനാഗിരി

ഉച്ച ഭക്ഷണം കഴിഞ്ഞു കൈയും മുഖവും കഴുകി വരുമ്പോഴാ...ഫോണ്‍ ബെല്ലടിക്കുന്ന ശബ്ദം കേട്ടത്.
ഞാന്‍ ഫോണെടുത്തു
ഹലോ....
സിനൂ ...ഇത് ഞാനാ...
ശബ്ദം കേട്ടപ്പോള്‍ എനിക്ക് മനസ്സിലായി ഫരീദ ഇത്താത്തയാണെന്ന്-
എന്തെ...ഇത്താത്താ...
ഇത്താത്ത പറഞ്ഞു..ശനിയാഴ്ച ശഹീദ വരുന്നുണ്ട്.
അവള്‍ നാട്ടില്‍ പോയിട്ട് നാലഞ്ചു മാസം ആയില്ലേ-
റൂമൊക്കെ പൊടിപിടിച്ചു കിടക്കായിരിക്കും.ഒന്ന് പോയി വൃത്തിയാക്കണം-
നീ വരുന്നോ..?
ശരി..ഞാനും വരാമെന്ന് സമ്മതിച്ചു.
അങ്ങിനെ...വ്യാഴായ്ച്ച വൈകുന്നേരം ഞങ്ങള്‍ ശഹീദ ഇത്തയുടെ വീട്ടിലേക്ക് പോയി.
അവിടെ ചെന്ന് പൊടി തട്ടലും വൃത്തിയാക്കലും എല്ലാം കഴിഞ്ഞപ്പോള്‍ നല്ല വിശപ്പ്..
ഇത്താത്ത മകനെ കടയിലേക്ക് പറഞ്ഞയച്ചു കപ്പയും മീനും വാങ്ങിപ്പിച്ചു.
അങ്ങിനെ...ഭക്ഷണം ഉണ്ടാക്കല്‍ കഴിഞ്ഞു വിളംബാന്‍ ഒരുങ്ങുമ്പോഴാണ് ചമ്മന്തി കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നിയത്.
പെട്ടന്ന് ഒരു ചമ്മന്തിയും തട്ടിക്കൂട്ടി.
ചമ്മന്തിയില്‍ ഒഴിക്കാനായി വിനാഗിരി അവിടെയെല്ലാം തപ്പി.ഒടുവില്‍ കുറച്ചു വിനാഗിരി ഉള്ള ഒരു കുപ്പി കിട്ടി-
അത് ചമ്മന്തിയില്‍ ഒഴിച്ച് ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്തു.
അന്നേരം..ഇത്താത്ത ആ ഒഴിഞ്ഞ കുപ്പിയില്‍ നോക്കികൊണ്ട് പറഞ്ഞു.
നമുക്ക് ഈ കുപ്പിയില്‍ പച്ചവെള്ളം ഒഴിച്ച് വെച്ച് ശഹീദയെ ഒന്ന് പറ്റിക്കാം..
അങ്ങിനെ ആ കുപ്പിയുടെ മുക്കാല്‍ ഭാഗം ഞങ്ങള്‍ വെള്ളം ഒഴിച്ച് അത് കിട്ടിയ സ്ഥലത്ത് തന്നെ കൊണ്ട് വെച്ചു.
രാത്രി ഞങ്ങള്‍ അവരവരുടെ റൂമിലോട്ട് പോന്നു.
ശഹീദ ഇത്ത നാട്ടില്‍ നിന്നും ശനിയാഴ്ച വന്നു.
ആഴ്ചകള്‍ രണ്ടുമൂന്നു കഴിഞ്ഞു...
ഒരു വെള്ളിയാഴ്ച ഉച്ചക്ക് ഞങ്ങളെല്ലാവരും ശഹീദ ഇത്തയുടെ വീട്ടില്‍ കൂടി-
അന്ന് ഉച്ചക്ക് ബിരിയാണിയിലേക്ക് ചമ്മന്തി ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ ശഹീദ ഇത്ത പറഞ്ഞു.
നിങ്ങള്‍ക്കറിയോ?ഇവിടെ ഒരു സംഭവം ഉണ്ടായിട്ടോ...
കേള്‍ക്കാനുള്ള ആകാംക്ഷയില്‍ ഞാനും ഫരീദ ഇത്തയും ഒരുമിച്ചു ചോദിച്ചു.
എന്താ സംഭവിച്ചേ...?
ശഹീദ ഇത്ത വിവരിച്ചു തന്നു-
അത് ഇങ്ങിനെ....
എല്ലാ വെള്ളിയാഴ്ചയും പോലെത്തന്നെ ഇത്താത്ത ബിരിയാണി വെച്ച് അതിലേക്കു ചമ്മന്തിയും ഉണ്ടാക്കി.
ഒടുവില്‍ ചമ്മന്തിയിലേക്ക് വിനാഗിരി ഒഴിക്കാനായി കുപ്പി എടുത്തു-
ചമ്മന്തിയിലേക്ക് കുറച്ചു ഒഴിച്ച് ഇത്താത്ത രുചിച്ചു നോക്കി.
ചമ്മന്തിക്ക് വിനാഗിരിയുടെ ഒരു രുചിയും വന്നിട്ടില്ല..
വീണ്ടും കുറച്ചു കൂടെ ഒഴിച്ചു രുചിച്ചു നോക്കി.ഏയ്‌ ..പഴയ പടി തന്നെ ഒരു മാറ്റവും തോന്നിയില്ല-
മൂന്നാമതും ഒഴിച്ച് രുചിച്ചു നോക്കി.ചമ്മന്തി പഴയതിനേക്കാള്‍ മോശമായി....ചമ്മന്തി പാത്രത്തില്‍ കാല്‍ ഭാഗം വെള്ളം.
ഇത്താത്ത ഒമ്പതാം തരത്തില്‍ പഠിക്കുന്ന മകനെ വിളിച്ചു-
മോനെ...ഒന്ന് വന്നെ..
അവന്‍ വന്നു.
ഇത്താത്ത പറഞ്ഞു..ഈ ചമ്മന്തി ഒന്നു രുചിച്ചു നോക്കൂ..വിനാഗിരി എത്ര ഒഴിച്ചിട്ടും ഒരു പുളിയും തോന്നുന്നില്ല.
ഇനി എന്റെ വായക്കു എന്തെങ്കിലും പറ്റിയോ ആവോ..?
അവന്‍ ചമ്മന്തി രുചിച്ചു നോക്കി.ഉമ്മച്ചീടെ വായക്കു കുഴപ്പം ഇല്ലാന്ന് അവനു മനസ്സിലായി.
അവന്‍ വിനാഗിരികുപ്പി എടുത്ത് വാസനിച്ചു നോക്കി-
എന്നിട്ട് അത്ഭുതത്തോടെ..പറഞ്ഞു.
ഇത് അതു തെന്നെയാ...ഇത് അത് തെന്നെ ആയിരിക്കും-
ഇത്താത്തക്ക് ഒന്നും മനസ്സിലായില്ല.
എന്താ മോനെ...എന്താ നീയീ പറയുന്നേ...
എനിക്കൊന്നും മനസ്സിലായില്ലല്ലോ..?
അന്നേരം അവന്‍ പറഞ്ഞു.
ഉമ്മാ..നിങ്ങള്‍ കേട്ടിട്ടില്ലേ..വിനാഗിരി ഒത്തിരി നാള്‍ വെച്ചാല്‍ കള്ള് ആവുമെന്ന്-
അങ്ങിനെ ആയ കള്ള് ആണിത്.
കേട്ടപ്പോള്‍ ഇത്താത്തക്കും തോന്നി മകന്‍ പറഞ്ഞത് നേരായിരിക്കുമെന്ന്...
ഇത്താത്ത വേഗം ചമ്മന്തിപ്പാത്രവും വിനാഗിരി കുപ്പിയും എടുത്തു വേസ്റ്റ്ലേക്ക് ഇട്ടു.
ഇത്താത്ത പറഞ്ഞു തുടങ്ങിയപ്പോഴേ ഞങ്ങള്‍ക്ക് കാര്യം മനസ്സിലായി.
ഞങ്ങള്‍ വെള്ളം ഒഴിച്ച് വെച്ച കുപ്പിയാ ഇത്താത്ത എടുത്തത് എന്ന്..
ഞാനും ഫരീദ ഇത്തയും കള്ളച്ചിരിയോടെ മുഖത്തോട് മുഖം നോക്കുകയായിരുന്നു.
ശഹീദ ഇത്ത പറഞ്ഞു തീര്‍ന്നപ്പോള്‍ ഞങ്ങള്‍ നടന്ന കാര്യങ്ങളെല്ലാം തുറന്നു പറയുകയായിരുന്നു...
പറഞ്ഞു തീരും മുമ്പേ...ശഹീദ ഇത്ത ഞങ്ങളുടെ രണ്ടു പേരുടെയും മുഖത്തേക്ക് മാറി മാറി നോക്കി.
എടീ...............നിങ്ങളെ ഞാന്‍......................

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ