16
November 26, 2009 Post By: സിനു

ഒരോ൪മ്മഎല്ലാ ബ്ലോഗ്‌ വായനകാര്‍ക്കും എന്റെ ഈദ് മുബാറക്ക്‌.!

ആഘോഷങ്ങള്‍ വരുമ്പോഴാണല്ലോ നാട് കൂടുതല്‍ മിസ്‌ ചെയ്യുന്നത്. ഇവിടെ എന്ത് പെരുന്നാള്‍ ഈ ഫ്ലാറ്റിന്റെ അടച്ചിട്ട മുറിക്കുള്ളില്‍ എന്താഘോഷം.!
കുടുമ്പങ്ങള്‍ കൂടെയില്ലാത്ത പലരും പെരുന്നാള്‍ ദിവസം ഇവിടെ ഉറങ്ങി തീര്‍ക്കാരാണ് പതിവ്.
ജോലിക്കും, ടെന്‍ഷനും, വിരഹത്തിനുമിടയില്‍ ആകെ കിട്ടുന്ന ഒഴിവു ദിനമല്ലേ പാവങ്ങള്‍ ഉറങ്ങട്ടെ...!

നാട്ടില്‍ കുട്ടിക്കാലത്തൊക്കെ തറവാട്ടില്‍ പെരുന്നാള്‍ ദിവസം എന്ത് രസമായിരുന്നു. വീട്ടിലെ കുട്ടികളും അടുത്ത വീട്ടിലെ കൂട്ടുകാരികളുമൊന്നിച്ചു ഏതെങ്കിലും വേലക്കരികിലേക്ക് മൈലാഞ്ചി ഇല ഊരിയെടുക്കാന്‍ പോകും. ഇല ഊരിയിടാന്‍ എല്ലാവരുടെ കയ്യിലും ഒരു കവറും ഉണ്ടാകും..
ഇല കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വീട്ടിലുള്ള ഉമ്മമാര്‌ക്ക് ഒരു സ്വസ്ഥതയും കൊടുക്കില്ല. അത് അരച്ച് തരാത്തതിലുള്ള ബഹളമായിരിക്കും.

ചക്ക ഉണ്ടാവുന്ന കാലത്ത് വലിയുമ്മ വെളഞ്ഞിന്‍ (ചക്കയുടെ കറ) കൊള്ളിയില്‍ ചുറ്റി വീടിന്റെ ഇറയത്ത് തിരുകി സൂക്ഷിക്കും. പെരുന്നാള്‍ തലേന്നാണ് വെളഞ്ഞിന്‍ കൊള്ളി ഇറയത്തു നിന്നും ഇറങ്ങുന്നത്.

പിന്നെ അത് ഉരുക്കി ചൂടോടെ ഊതി ഊതി ഉമ്മമാര്‍ ഓരോരുത്തര്‍ക്കും കയ്യില്‍ ഡിസൈന്‍ ചെയ്തു തരും. മുകളില്‍ അരച്ചെടുത്ത മൈലാഞ്ചി പരത്തിയിടും. മൈലാഞ്ചി മേലാവാതിരിക്കാന്‍ കൈ ഒരു കവറിനുള്ളിലാക്കിയാണ് രാത്രി കിടന്നുറങ്ങുന്നത്.

പിറ്റേന്ന് രാവിലെ തന്നെ അടുത്ത വീട്ടിലെ കൂട്ടുകാരൊക്കെ വരും ആരുടെ കൈ ആണ് കൂടുതല്‍ ചുവന്നതെന്നറിയാന്‍ ആ മൈലാഞ്ചി കൈകള്‍ക്ക് എന്തൊരു വാസനനയായിരുന്നു. പിന്നെ മേലാകെ എണ്ണ തേച്ചുള്ള കുളിയും പുത്തനുടുപ്പു ധരിക്കലും...

വീടിലുള്ളവര്‍ പള്ളിയില്‍ പോയി തിരിച്ചു വന്നാല്‍ പിന്നെ ഊണ് കഴിക്കാനുള്ള ഒരുക്കമാവും. കൊച്ചുള്ളിയും ഉലുവയുമിട്ട തെങ്ങാചോറും,കോഴിക്കറിയും,ബീഫ് വരട്ടിയതും കൂട്ടത്തില്‍ വലിയൊരു പപ്പടവും ഉണ്ടാകും..

നിലത്തു പായ വിരിച്ചു എല്ലാരും കൂടെ ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. പെരുന്നാള്‍ ദിവസമാണ് രാവിലെ പത്തു മണി ആകുമ്പോഴേക്ക് ഊണ് കഴിക്കുന്നത്.

പിന്നീട് ബന്ധു വീടുകളില്‍ പോവലും തിരിച്ചു ബന്ധുക്കള്‍ വിരുന്നിനു വരുന്നതും പടക്കം പൊട്ടിക്കലും കളിയും ചിരിയും കഥ പറയലും വര്‍ത്തമാനവുമായി എന്ത് രസമായിരുന്നു അന്നത്തെ പെരുന്നാള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നുമറിയില്ല. അവര്‍ക്കെന്നും പെരുന്നാള്‍ ദിവസം തന്നെ....!
       

  

9
November 19, 2009 Post By: സിനു

കിനാവ്

എന്റെ ഹൈസ്കൂള്‍ പഠനം ഉമ്മയുടെ വീട്ടില്‍ നിന്നുകൊണ്ടായിരുന്നു. ഉമ്മയുടെ ചേട്ടന്റെ (അമ്മാവന്റെ)വീട്ടിലായിരുന്നു താമസം. അവിടെ മൂന്നുപെണ്കുട്ടികളുണ്ട് ഏറ്റവും ഇളയവളോടായിരുന്നു എനിക്ക് നല്ലകൂട്ട്. കളിയുംചിരിയുമായി ഓരോദിവസവും ഞങ്ങള്‍ക്ക് നല്ല രസമായിരുന്നു.

അങ്ങിനെയിരിക്കേ ഞാന്‍ പത്താം തരത്തില്‍ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഞാ൯ സ്കൂള്‍ വിട്ടു തനിച്ച് നടന്നുപോവുകയാണ്. എന്തോ ഒരു ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയപ്പോള്‍ രണ്ടു കള്ളന്മാര്‍ എന്നെ പിടിക്കാനായി എന്നെ പിന്തുടര്‍ന്ന് വരുന്നു.. ഇതുകണ്ട ഞാ൯ രക്ഷപ്പെടാനായി ഓടി. ഇടക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ അവരും എന്നെ പിന്തുടര്‍ന്ന് ഓടുന്നതായാണ് കണ്ടത്. എന്നെ ഇപ്പോള്‍ പിടിക്കുമെന്ന ഭയത്തില്‍ സര്‍വ്വ ശക്തിയുമെടുത്തു ഞാനും ഓടി....

അങ്ങിനെ ഓടിയോടി ഒരു വലിയ മതിലിനടുത്താണ് എത്തിയത്. ഞാ൯ ആ മതിലില്‍ അള്ളിപ്പിടിച്ച് കയറി.. മതിലിനു മുകളിലെത്തി താഴേക്ക് നോക്കിയപ്പോള്‍  ഒരു ഇടവഴി.!
പിന്നെ ഒന്നും ആലോചിച്ചില്ല. മതിലിനു മുകളില്‍ നിന്നും താഴെ ഇടവഴിയിലേക്ക് എടുത്തു ചാടി.!! 

ഞാന്‍ ചാടിയതും പെട്ടെന്നൊരു അരല൪ച്ച 'അയ്യോ.....എന്റുമ്മാ'.....!

ആ വലിയ ശബ്ദം കേട്ട് ഞാ൯ തട്ടിക്കുടഞ്ഞെഴുന്നേറ്റു നോക്കിയപ്പോള്‍ നല്ല ഇരുട്ട്.
ഇരുട്ടത്ത്‌ എന്റെടുത്ത് നിന്നും വീണ്ടും നിലവിളി. ലൈറ്റ് ഇടെടീന്നും പറഞ്ഞായിരുന്നു ആ നിലവിളി ശബ്ദം.!

അപ്പോഴാണ് എനിക്ക് കാര്യം മനസ്സിലായത്. ഞാ൯ ഇടവഴിയാണന്നു കരുതി ചാടിയത് ഉറക്കത്തില്‍ കട്ടിലില്നിന്നും താഴേക്കാണ്..!

താഴെ എന്റെ അമ്മാവന്റെ മകള്‍ കിടക്കുന്നുണ്ടായിരുന്നു. ചൂടു കാരണം അവള് താഴേക്ക് കിടന്നത് ഞാനറിഞ്ഞിട്ടില്ലായിരുന്നു. അവളുടെ മുകളിലേക്കാണ് ചക്ക പോലെ ഞാന്‍ വീണത്‌..

അതുകഴിഞ്ഞു അന്ന് രാവിലെ ഞാ൯ സ്കൂളിലേക്കു പോയി. ഉച്ചയൂണിനുവേണ്ടി വീട്ടിലേക്ക് വന്നപ്പോള്‍ അവളെ അവിടെങ്ങും കണ്ടില്ല. അവളെവിടെ എന്നു തിരക്കിയപ്പോഴാണ് അവള്‍ക്കു നെഞ്ചുവേദന ആയിട്ട് അമ്മായി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയിരിക്കുന്നു എന്നറിഞ്ഞത്. 

അതറിഞ്ഞപ്പോള്‍ ഞാന്‍ ശരിക്കും പേടിച്ചു. തലേന്നത്തെ സംഭവം എന്റെ ഓര്‍മ്മയില്‍ വന്നു. അതുകൊണ്ടായിരിക്കുമോ നെഞ്ചുവേദന വന്നത് എന്ന് ഞാ൯ എന്നോടുതെന്നെ ചോദിക്കുകയായിരുന്നു.

വീടിലുള്ള എല്ലാവരെയും ഞാന്‍ ശ്രദ്ധിച്ചു. പക്ഷെ അവരാരും ഒന്നും അറിഞ്ഞ ഭാവം കാണുന്നില്ല. സ്കൂള്‍ വിട്ടു വന്ന് ഇക്കാര്യം പറഞ്ഞു ചിരിക്കണം എന്ന് കരുതിയതായിരുന്നു ഞാന്‍  പിന്നെ ഞാനൊന്നും മിണ്ടിയില്ല. 

ഊണുകഴിഞ്ഞ് വിശമത്തോടെയാണ് അന്ന് ഞാന്‍ സ്കൂളിലേക്ക് പോയത്. സ്കൂളിലെത്തിയിട്ടും എന്റെ മനസ്സിലെ ചിന്തകള്‍ മുഴുവനും അവളെ കുറിച്ചായിരുന്നു. അവള്‍ക്ക് എന്തായിരിക്കും പറ്റിയിട്ടുണ്ടാവുക എന്നുള്ള ഭയമായിരുന്നു. വൈകുന്നേരം സ്കൂള്‍ വിട്ടു പേടിയോടെയാണ് ഞാ൯ വീട്ടിലേക്കു നടന്നുനീങ്ങിയത്..

വീടിനു മുമ്പിലെത്തിയപ്പോള്‍ ഉമ്മറപ്പടിയില്‍ ചിരിച്ചുകൊണ്ട് അവള്‍ ഇരിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഓടിച്ചെന്ന് അവളോട് കാര്യങ്ങള് തിരക്കി..!

ഞാന്‍ നിന്റെ മുകളിലേക്ക് വീണതുകൊണ്ടാണോ നിനക്കു നെഞ്ചുവേദന വന്നത്? ഹോസ്പിറ്റലില്‍ പോയിട്ട് എന്തുപറഞ്ഞു? അങ്ങിനെ ഒരുപാട് ചോദ്യങ്ങള്‍ ഞാന്‍ ചോദിച്ചു കൊണ്ടിരിക്കുന്നതിനിടയില്‍ അവള്‍ ഇടയ്ക്കു കേറിപറഞ്ഞു.

നീ വീണതുകാരണമൊന്നുമല്ല വേദന വന്നത്. നീര് കാരണമാണ് നെഞ്ചുവേദനയെന്നു ഡോക്ടര്‍ പറഞ്ഞെന്നും അവള്‍ പറഞ്ഞപ്പോഴാണ് എനിക്കെന്റെ നെഞ്ചിന്റെ പുകച്ചില്‍ മാറിയത്.!!

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ