ഒരോ൪മ്മ
എല്ലാ ബ്ലോഗ് വായനകാര്‍ക്കും എന്റെ ഈദ് മുബാറക്ക്.!
ആഘോഷങ്ങള്‍ വരുമ്പോഴാണല്ലോ നാട് കൂടുതല്‍ മിസ് ചെയ്യുന്നത്. ഇവിടെ എന്ത് പെരുന്നാള്‍ ഈ ഫ്ലാറ്റിന്റെ അടച്ചിട്ട മുറിക്കുള്ളില്‍ എന്താഘോഷം.!
കുടുമ്പങ്ങള്‍ കൂടെയില്ലാത്ത പലരും പെരുന്നാള്‍ ദിവസം ഇവിടെ ഉറങ്ങി തീര്‍ക്കാരാണ് പതിവ്.
ജോലിക്കും, ടെന്‍ഷനും, വിരഹത്തിനുമിടയില്‍ ആകെ കിട്ടുന്ന ഒഴിവു ദിനമല്ലേ പാവങ്ങള്‍ ഉറങ്ങട്ടെ...!
നാട്ടില്‍ കുട്ടിക്കാലത്തൊക്കെ തറവാട്ടില്‍ പെരുന്നാള്‍ ദിവസം എന്ത് രസമായിരുന്നു. വീട്ടിലെ കുട്ടികളും അടുത്ത വീട്ടിലെ കൂട്ടുകാരികളുമൊന്നിച്ചു ഏതെങ്കിലും വേലക്കരികിലേക്ക് മൈലാഞ്ചി ഇല ഊരിയെടുക്കാന്‍ പോകും. ഇല ഊരിയിടാന്‍ എല്ലാവരുടെ കയ്യിലും ഒരു കവറും ഉണ്ടാകും..
ഇല കിട്ടിക്കഴിഞ്ഞാല്‍ പിന്നെ വീട്ടിലുള്ള ഉമ്മമാര്‍ക്ക് ഒരു സ്വസ്ഥതയും കൊടുക്കില്ല. അത് അരച്ച് തരാത്തതിലുള്ള ബഹളമായിരിക്കും.
ചക്ക ഉണ്ടാവുന്ന കാലത്ത് വലിയുമ്മ വെളഞ്ഞിന്‍ (ചക്കയുടെ കറ) കൊള്ളിയില്‍ ചുറ്റി വീടിന്റെ ഇറയത്ത് തിരുകി സൂക്ഷിക്കും. പെരുന്നാള്‍ തലേന്നാണ് വെളഞ്ഞിന്‍ കൊള്ളി ഇറയത്തു നിന്നും ഇറങ്ങുന്നത്.
പിന്നെ അത് ഉരുക്കി ചൂടോടെ ഊതി ഊതി ഉമ്മമാര് ഓരോരുത്തര്‍ക്കും കയ്യില്‍ ഡിസൈന്‍ ചെയ്തു തരും. മുകളില്‍ അരച്ചെടുത്ത മൈലാഞ്ചി പരത്തിയിടും. മൈലാഞ്ചി മേലാവാതിരിക്കാന്‍ കൈ ഒരു കവറിനുള്ളിലാക്കിയാണ് രാത്രി കിടന്നുറങ്ങുന്നത്.
പിറ്റേന്ന് രാവിലെ തന്നെ അടുത്ത വീട്ടിലെ കൂട്ടുകാരൊക്കെ വരും ആരുടെ കൈ ആണ് കൂടുതല്‍ ചുവന്നതെന്നറിയാന്‍ ആ മൈലാഞ്ചി കൈകള്‍ക്ക് എന്തൊരു വാസനനയായിരുന്നു. പിന്നെ മേലാകെ എണ്ണ തേച്ചുള്ള കുളിയും പുത്തനുടുപ്പു ധരിക്കലും...
വീടിലുള്ളവര്‍ പള്ളിയില്‍ പോയി തിരിച്ചു വന്നാല്‍ പിന്നെ ഊണ് കഴിക്കാനുള്ള ഒരുക്കമാവും. കൊച്ചുള്ളിയും ഉലുവയുമിട്ട തെങ്ങാചോറും,കോഴിക്കറിയും,ബീഫ് വരട്ടിയതും കൂട്ടത്തില്‍ വലിയൊരു പപ്പടവും ഉണ്ടാകും..
നിലത്തു പായ വിരിച്ചു എല്ലാരും കൂടെ ഒന്നിച്ചിരുന്നാണ് കഴിക്കുന്നത്. പെരുന്നാള്‍ ദിവസമാണ് രാവിലെ പത്തു മണി ആകുമ്പോഴേക്ക് ഊണ് കഴിക്കുന്നത്.
പിന്നീട് ബന്ധു വീടുകളില്‍ പോവലും തിരിച്ചു ബന്ധുക്കള്‍ വിരുന്നിനു വരുന്നതും പടക്കം പൊട്ടിക്കലും കളിയും ചിരിയും കഥ പറയലും വര്‍ത്തമാനവുമായി എന്ത് രസമായിരുന്നു അന്നത്തെ പെരുന്നാള്‍ ഇന്നത്തെ കുട്ടികള്‍ക്ക് ഇതൊന്നുമറിയില്ല. അവര്‍ക്കെന്നും പെരുന്നാള്‍ ദിവസം തന്നെ....!
മതി മതി! കൊതിപ്പിച്ചല്ലൊ!
ഇപ്പൊ വിശക്കാന് തുടങ്ങി!!
സംഭവം നന്നായി ട്ടൊ.