71
June 9, 2010 Post By: സിനു

"കദീസുവിന്റെ മൂക്കുസ്മാന്‍"...

ട്ര്‍ണീം..ട്ര്‍ണീം..ഫോണ്‍ നില്‍ക്കാതെ ബെല്ലടിക്കാന്‍ തുടങ്ങി. അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തപ്പോഴേക്കും അത് കട്ടായി.
വീണ്ടും അടിക്കുന്നതും കാത്തു കദീസു ഫോണിന്റെ അടുത്ത് തന്നെ നിന്നു. മേശപ്പുറത്തിരിക്കുന്ന ഉസ്മാന്റെ ഫോട്ടോയിലേക്ക് നോക്കി.
ചിന്തകള്‍ കദീസുവിനെ വിട്ടു ഭൂതകാലത്തേക്ക് മടങ്ങിപ്പോയി..!

പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കണ ഉസ്മാന് ഓരോ ദിവസവും നേരം പുലരുന്നത് കദീസുവിന്റെ മൊഞ്ച് ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
കദീസുവിനെ ഒരു നോക്ക് കാണാന്‍ നേരം വെളുത്താല്‍ മാറ്റി ഒരുങ്ങി സ്കൂളിനടുത്തെ ബാലന്റെ തയ്യല്‍ കടയിലെത്തും കദീസു വരുന്നതും കാത്ത്..
കദീസു സ്കൂളിലേക്ക് തിരിയും വരെ അവളുടെ കുണുങ്ങികൊണ്ടുള്ള നടപ്പും കണ്ടു ഉസ്മാന്‍ പരിസര ബോധമില്ലാതെ നോക്കി നില്‍ക്കും!

ഉസ്മാന്റെ ഹൃദയത്തില്‍ തന്നോടുള്ള സ്നേഹം കൂട് കൂട്ടിയത് കദീസുവിന് ഒരിക്കലും അറിയില്ലായിരുന്നു..
അവളോട തന്റെ അനുരാഗം പറയാനുള്ള അവസരം കിട്ടിയിട്ടുമില്ല. കാരണം അവളെ കാണുമ്പോഴെല്ലാം വാല് പോലെ അവളുടെ ബാപ്പസൈതാലി ഹാജി കൂടെ ഉണ്ടാകും.

ദിവസങ്ങള്‍ കഴിയും തോറും ഉസ്മാന് കദീസുവിനോടുള്ള സ്നേഹം അണപൊട്ടി ഒഴുകാന്‍ തുടങ്ങി. ഹൃദയത്തില്‍ നിന്നും സ്നേഹം തൊണ്ടക്കുഴിയില്‍ എത്തിയപ്പോള്‍ ഉസ്മാന് ശ്വാസം കിട്ടാതെയായി തനിക്കു കദീസുവിനോടുള്ള സ്നേഹം മറച്ചു വെക്കാതെ ഉമ്മയോട് പറയാന്‍ തീരുമാനിച്ചു..
അടുക്കളപ്പുറത്ത് പാത്രം കഴുകിക്കൊണ്ടിരികുന്ന ഉമ്മയുടെ അടുത്ത് ചെന്ന് സ്നേഹത്തോടെ ഉമ്മാന്റെ അരികില്‍ ഇരുന്നു പാത്രങ്ങള്‍ ഉമ്മാക്ക് എടുത്തു കൊടുത്ത്ഉമ്മാനെ സഹായിക്കാന്‍ തുടങ്ങി..
പതിവില്ലാത്ത സ്നേഹവും പെരുമാറ്റവും കണ്ടപ്പോള്‍ ഉമ്മ ജമീലാത്ത ഉസ്മാനോടു ചോദിച്ചു..
"ന്താ..ഉസ്മാനെ അനക്ക് പറ്റിയെ...തിന്ന പാത്രം കൂടി നീക്കി വെക്കാത്ത ഇജ്ജ് ന്റൊപ്പം പാത്രം മോറാന്‍ കൂടേണ്ട"..

ഉസ്മാന്‍ ഉമ്മാ..ഉമ്മാന്നു വിളിച്ചു കൊണ്ട് കുണുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ജമീലാത്താക്ക് ദേഷ്യം വന്നു.
"ഇജ്ജ് കാര്യം പറയ്‌ ഉസ്മാനെ...ഇച്ച് അടുപ്പത്ത് നൂറൂട്ടം പണിള്ളതാ".........

"ഉമ്മാ.....നിക്ക് പാറപ്പറമ്പിലെ കദീസൂനെ പെരുത്തിഷ്ട്ടാ....ങ്ങള് ബാപ്പനോട് പറഞ്ഞിട്ട് ഓളെ ച്ച്..കെട്ടിച്ചെരണം"

ഉസ്മാന്റെ വാക്കുകള്‍ കേട്ട ജമീലാത്താക്ക് അരിശം കയറി..കഴുകിക്കൊണ്ടിരുന്ന അലൂമിനിയം പാത്രം നിലത്തേക്കിട്ടു.
കട കട ശബ്ദത്തോടെ ഉരുണ്ടു വന്ന പാത്രം ഉസ്മാന്റെ കാലില്‍ തട്ടി നിന്നു.

"അനക്കെന്താ ഉസ്മാനെ...പിരാന്താ....?
പണിം കൂലീം ഇല്ലാതെ തെക്കോട്ടും ബടക്കൊട്ടും നടക്കണ അനക്ക് ആരെങ്കിലും പെണ്ണ് തരോ...?
ബാപ്പാന്റൊപ്പം ഒന്ന് പീടീല് പോയിരുന്നോ..ബാപ്പാക്കൊരു കൈസഹായം ആവൂലെന്നു പറയുമ്പം ഇജ് കേക്കൂല..
അല്ലെങ്കിലും പാറപ്പറമ്പില് ഉള്ളോര് കായിക്കാരെല്ലേ..ഓല്‍ക്ക് ഞമ്മളെ പറ്റോ?
ന്റെ മോളെ പത്താം തരം വരെ പഠിപ്പിക്കും ഇന്നട്ട് ഗള്‍ഫ്‌കാര്‍ക്കെ കേട്ടിക്കൂന്ന് ഓളെമ്മ എപ്പളും പറയിണത് ഞാന്‍ എത്രട്ടം കേട്ടതാ....

ജമീലാത്താന്റെ വാക്കുകള്‍ കലന്തന്‍ഹാജിയുടെ മരമില്ലിലെ മരം ഈരുന്ന വാളുപോലെ ഉസ്മാന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു !
ഹൃദയ വേദന ഒരു വിധം കടിച്ചു പിടിക്കുമ്പോള്‍ അവന്റെ മനസ്സില്‍ ഗള്‍ഫില്‍ പോയി പാറപ്പറമ്പുകാരേക്കാള്‍ വലിയ കാശ് കാരനാവണം എന്ന മോഹമായിരുന്നു.
ഗള്‍ഫില്‍ പോയി പൈസക്കാരനായി വന്നാല്‍ കദീസൂനെ ആരെയും കൂസാതെ ഞെളിഞ്ഞു നിന്ന് ചോദിക്കാലോ എന്നായിരുന്നു മനസ്സില്‍...

ഉമ്മാടെ കുടുംബത്തീന്നു ഓഹരി കിട്ടിയ അഞ്ചു സെന്റ്‌ ഭൂമി വിറ്റ് ആ..കാശ് ആമിന ട്രാവല്‍സ് നടത്തുന്ന കുഞ്ഞാണിയുടെ കയ്യില്‍ വിസക്ക് വേണ്ടി കൊടുത്തു.
തികയാതെ വന്ന കാശ് ഉമ്മാന്റെ കാതിലെ ചിറ്റും അരഞ്ഞാണവും വിറ്റുണ്ടാക്കി..!
ഏറെ കാത്തിരിക്കേണ്ടി വന്നില്ല..ഉസ്മാനുള്ള വിസ വിമാനത്തിന്റെ ഫോട്ടോയുള്ള ആമിന ട്രാവല്‍സിന്റെ വെളുത്ത കവറില്‍ കുഞ്ഞാണി ഉസ്മാന്റെ കയ്യില്‍ കൊടുത്തു. ഉസ്മാന്‍ ആ കവറിലുള്ള വിമാനത്തിലേക്കൊന്നു നോക്കി..അറബിക്കുപ്പായവുമിട്ട് കദീസുവിന്റെ വീടിന്റെ ഉമ്മറത്ത്‌ പോയി കദീസുവിനെ ഇറക്കി കൊണ്ട് വരുന്നത് സ്വപ്നം കണ്ടു.!

ഗള്‍ഫിലേക്ക് പോവാനുള്ള ആഹ്ലാദത്തില്‍ മതി മറന്ന ഉസ്മാന്‍...കൂട്ടുകാരന്റെ ബൈക്ക് കടം വാങ്ങി ദൂര ഭാഗങ്ങളിലുള്ള ബന്ധു വീടുകളില്‍ യാത്ര പറയാന്‍ പോവാനോരുങ്ങി.
വീടിന്റെ മുറ്റത്തുനിന്നും ബൈക്ക് സ്റ്റാര്‍ട്ടാക്കി വേലിക്കരികിലെത്തിയപ്പോ ദേ..കെടക്കണ് ഉസ്മാനും ബൈക്കും താഴെ..!!
ശബ്ദം കേട്ട് ഉമ്മ ജമീലാത്തയും ബാപ്പ മൂസാക്കയും ഓടി ഉമ്മറത്തെത്തി നോക്കുമ്പോള്‍ ഉസ്മാന്‍ താഴെയും ബൈക്ക് മുകളിലും..
"എന്താടാ ഉസ്മാനെ...എന്താ ഒരൊച്ച... അനക്കെന്താ അതിന്റെ ചോട്ടില് പണി?
ബൈക്കിനടിയില്‍ കിടക്കുന്ന ഉസ്മാനെ നോക്കി ബാപ്പ ചോദിച്ചു
"ഇതുപ്പാ..കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയാ".. ബാപ്പാന്റെ ചോദ്യത്തിന് മുന്നിലും ഉസ്മാന്‍ വിട്ടു കൊടുത്തില്ല!
"ഇമ്മാതിരി ബണ്ടിമേലോന്നും ഇജ്ജ് പോണ്ട..! നടക്കാന്‍ കാലില്ലെ ഹംക്കേ അനക്ക്"...
ഉപ്പാന്റെ ബാക്കി നാടന്‍ തെറിയും കൂടെ കേള്‍ക്കാന്‍ നില്‍ക്കാതെ.. ഉസ്മാന്‍ ഒരുവിധം ബൈക്ക് താങ്ങിപ്പിടിച്ചുയര്‍ത്തി സ്റ്റാര്‍ട്ടാക്കി മുന്നിലേക്കെടുത്തു നേരെ പോയത് ബഷീറിന്റെ ബാര്‍ബര്‍ ഷോപ്പിലേക്കാണ്...
ബഷീറിനു വലതു കണ്ണിനെ കാഴ്ചയോള്ളൂ..ഇടത്തേ കണ്ണിനു പൂര്‍ണ്ണമായിട്ടും കാഴ്ചയില്ല!
ഉസ്മാന്റെ താടി വടിച്ചു മീശ വെട്ടുന്നതിനിടയിലാണ് മൂക്കിലെ പുറത്തേക്കു വന്ന രോമം ബഷീറിന്റെ വലത്തേ കണ്ണില്‍ പെട്ടത്.. കറങ്ങുന്ന കസേര പിടിച്ചു തിരിച്ചിട്ടു ഉസ്മാന്റെ മൂക്കിനു നേരെ ബഷീര്‍ കത്രിക അടുപ്പിച്ചു.
"എന്റുമ്മാ"..... ഒരലര്‍ച്ച കേട്ട് ബാര്‍ബര്‍ ഷോപ്പില്‍ സിനിമാ വാരിക വായിക്കാന്‍ വന്നിരുന്നിരുന്ന അങ്ങാടിപ്പിള്ളേര് നോക്കിയപ്പോള്‍ ഉസ്മാന്റെ മൂക്കിന്റെ രണ്ടു ദ്വാരം വേര്‍തിരിക്കുന്ന മദ്യ ഭാഗമാണ് കണ്ണ് കാണാത്ത ബഷീര്‍ കട്ട് ചെയ്തത്!!
അങ്ങിനെ അന്ന് മുതല്‍ തല തെറിച്ച അങ്ങാടിപ്പിള്ളേര് ഉസ്മാനെ മൂക്കുസ്മാന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അത് പിന്നെപ്പിന്നെ..നാട്ടില്‍ പരക്കുകയും ചെയ്തു.

മൂക്കിന്റെ മുറിവെല്ലാം ഉണങ്ങി ഒരു ബന്ധു വീട്ടില്‍ യാത്ര പറഞ്ഞു വരുമ്പോള്‍ വഴിയില്‍ കണ്ട പള്ളിയില്‍ കയറി അസര്‍ നിസ്ക്കരിക്കാന്‍ തീരുമാനിച്ചു
ഗള്‍ഫില്‍ ചെന്നാല്‍ നിസ്ക്കാരം ഒഴിവാക്കാന്‍ പറ്റില്ല എന്ന് കാരണവന്മാര്‍ പറയുന്നത് കേട്ടപ്പോള്‍ ഒരു പ്രക്ടീസാവാന്‍ വേണ്ടി അത് വരെ നിസ്ക്കാരമില്ലാതിരുന്ന ഉസ്മാന്‍.. നിസ്ക്കാരം തുടങ്ങിയതാണ്‌!
വുളു എടുത്തു പള്ളിക്കകത്ത്‌ കയറിയ ഉസ്മാന് ആകെ കണ്‍ഫ്യൂഷനായി..
നിസ്ക്കാരപ്പള്ളി ആയതു കാരണം ഖിബല (നിസ്ക്കരിക്കാന്‍ തിരിഞ്ഞു നില്‍ക്കേണ്ട വശം) അടയാളം ഒന്നുമുണ്ടായിരുന്നില്ല.
ഉസ്മാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ലതാനും... രണ്ടും കല്പിച്ചു ഏതോ ഒരു ഭാഗത്തേക്ക് തിരിഞ്ഞു നിസ്ക്കാരം തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോഴാണ് ബാക്കില്‍ നിന്നും കുശു കുശു ശബ്ദം കേട്ടത്........
ഉസ്മാന്‍ പാടുപെട്ടു ബാക്കിലേക്ക് ഇടക്കണ്ണിട്ടു നോക്കിയപ്പോള്‍ തന്നെ പിന്തുടര്‍ന്ന് ഒരുപാട് പേര്‍ നിസ്ക്കരിക്കുന്നു
പിന്നീട് കയറി വന്ന ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു ഇമാം(നിസ്ക്കാരത്തിന് നേതൃത്വം കൊടുക്കുന്നയാള്‍) തിരിഞ്ഞു നില്‍ക്കുന്ന ഭാഗം ശരിയെല്ലെന്ന്!
ഇത് കേട്ട ഉസ്മാന്‍ ഒരൊറ്റ ഡയലോഗ്!!
"എബൌട്ടെന്‍"
ഇത് കേട്ടതും തന്നെ പിന്തുടരുന്ന നിസ്ക്കാരക്കാര്‍ എല്ലാം പിന്നിലേക്ക്‌തിരിഞ്ഞു
ഇമാം ആയി നിന്ന ഉസ്മാന്‍ നോക്കുമ്പോള്‍ തന്നെ പിന്‍തുടര്ന്നവരെല്ലാം മുന്നിലും ഇമാം ആയ താന്‍ ബാക്കിലും!
ഇനിയിപ്പോള്‍ തന്റെ ആവശ്യമില്ലല്ലോ...! ഉസ്മാന്‍ അവിടെ നിന്നും തടിയൂരി..

അങ്ങിനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.....മൂക്ക്ഉസ്മാന്‍ ഗള്‍ഫിലേക്ക് പറന്നു....
എല്ലാവരെയും പോലെ തന്നെ..ഏറെ പ്രതീക്ഷകളുമായാണ് മൂക്കുസ്മാനും പ്രവാസ ലോകത്തേക്ക് കാലെടുത്തു വെച്ചത്.
വകയിലെ ഒരളിയന്റെ റൂമിലേക്കായിരുന്നു ഉസ്മാന്‍ പോയത്.. റൂമിലെത്തുവോളം ഒരു ഫൈവ് സ്റ്റാര്‍ സെറ്റപ്പായിരുന്നു ഉസ്മാന്റെ മനം നിറയെ..
പക്ഷെ..അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഉസ്മാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല..!പത്തിരുപതു പേര്‍ ഒരേ മുറിയില്‍ ഒന്നിച്ചുറങ്ങുന്നു!
പല ട്യൂണിലുള്ള കൂര്‍ക്കം വലികളും കേള്‍ക്കാമായിരുന്നു..അവരുടെ കൂടെ ഒരു വിധം ഉസ്മാനും ആ രാത്രി തള്ളി നീക്കി..
രാവിലെ എണീറ്റപ്പോള്‍ ഉസ്മാന്‍ അളിയനോടായി പറഞ്ഞു..
"അളിയാ ഇന്നലെ രാത്രി ഞാനൊരു പോള കണ്ണടച്ചിട്ടില്ല.. ഒന്ന് തിരിഞ്ഞു കിടക്കാന്‍ ഞാന്‍ പെട്ട പാടെ..!പുറത്തു പോയി തിരിഞ്ഞു വന്നാണ് ഞാനൊന്ന് തിരിഞ്ഞു കിടന്നത്"!

ദിവസങ്ങള്‍ കടന്നു പോയി.....ഒരു ദിവസം അളിയന്‍ വന്നത് ഉസ്മാനുള്ള ജോലിയുമായാണ്‌..
പുതിയ ജോലി കിട്ടിയതറിഞ്ഞു ഒരുങ്ങിയിറങ്ങിയ ഉസ്മാനെ കണ്ട അളിയന്‍ പറഞ്ഞു.." രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെയത് പയ്യെ.. ശരിയായിക്കൊള്ളും!
"നാട്ടിലെ ബുദ്ധിമുട്ട് കാരണമാണ് ഇങ്ങോട്ട് പോന്നത്..ഇവിടെയും ബുദ്ധിമുട്ടോ..?അളിയന്റെ സംസാരത്തില്‍ നീരസം തോന്നിയ ഉസ്മാന്‍ ചോദിച്ചു.
"എന്നാല്‍ പിന്നെ ആ.. രണ്ടു ദിവസത്തെ ബുദ്ധിമുട്ട് കഴിഞ്ഞു പോയാല്‍ പോരെ അളിയാ"...ഉസ്മാന്‍ കളിയാക്കിക്കൊണ്ട് മറുപടി കൊടുത്തു!

ജോലി പിടിച്ചില്ലെങ്കിലും ജോലി സ്ഥലത്തു താമസിക്കുന്ന റൂം ഉസ്മാന് നന്നായി പിടിച്ചു...അളിയന്റെ റൂമിലെ പോലെ തിരിഞ്ഞു കിടക്കാന്‍ പുറത്തു പോയി വരേണ്ട ആവശ്യമില്ല...അത് തന്നെ മഹാ ഭാഗ്യം!!
കൂടെ താമസിക്കുന്നവരെല്ലാം സുഹൃത്തുക്കളായി.. കയ്യില്‍ കാശ് കിട്ടിത്തുടങ്ങി... വീട്ടിലെ പ്രാരാബ്ധങ്ങളും കുറഞ്ഞു വന്നു..
ഓലമേഞ്ഞ പുര പാറപ്പറമ്പുകാരേക്കാള്‍ വലിയ ടെറസായി മാറി..ഇതിനിടയില്‍ കദീസുവിനെ ഉസ്മാന്‍ മറന്നു തുടങ്ങിയിരുന്നു!
മൂക്കുസ്മാന്‍ ശരിക്കും ഗള്‍ഫുകാരനായി മാറി. എന്നാലും തനിക്കു കിട്ടിയ പേര് മാത്രം ആരും മാറ്റി വിളിച്ചില്ല.

വര്‍ഷങ്ങള്‍ രണ്ടു കൊഴിഞ്ഞു...........മൂക്കുസ്മാന്‍ ലീവിന് നാട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തി ഒന്നുറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഉമ്മ ജമീലാത്ത വാതിലിനു മുട്ടിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റു കണ്ണ് തിരുമ്മി മുറിയില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ മുന്നില്‍ ബ്രോക്കെര്‍ കുഞ്ഞിപ്പാത്തു!
മുഖം കഴുകി വന്നപ്പോഴേക്കും ജമീലാത്ത മൂന്നു ഫോട്ടോകള്‍ ഉസ്മാന്റെ മുന്നിലേക്ക്‌ നീട്ടി.. മനസ്സിലാ മനസ്സോടെ പ്രാകി കൊണ്ട് ഉസ്മാന്‍ ഫോട്ടോ വാങ്ങി നോക്കി.. രണ്ടാമത് നോക്കിയ ഫോട്ടോ കണ്ടപ്പോ..ഉസ്മാന്‍ ഒരു നിമിഷം പതറി!
"താന്‍ സ്നേഹിച്ച ഒരുകാലത്ത് തന്റെ സ്വപ്നമായിരുന്ന കദീസു!!

പിറ്റേന്ന് തന്നെ ഉസ്മാന്‍ കദീസുവിനെ പെണ്ണ് കാണാനുള്ള ഒരുക്കത്തിലായിരുന്നു..അപ്പോഴാ കൂട്ടുകാരെല്ലാം പറഞ്ഞത് ആദ്യമായി പെണ്ണ് കാണാന്‍ പോവുമ്പോള്‍ വലിയ ബേജാറാ..! പെണ്ണിനെ കാണുമ്പോള്‍ വിറക്കും ഒന്നും ചോദിക്കാന്‍ കിട്ടില്ലാ..കദീസൂനെ നിനക്കറിയാമെങ്കിലും അവള്‍ക് നിന്നെ കുറിച്ച് അറിയില്ലല്ലോ..
ഉസ്മാന്‍ ഏതായാലും പോവുന്നതിനു മുന്പ് അഡ്വാന്‍സായി കുറച്ചു ചോദ്യങ്ങള്‍ പഠിച്ചു വെക്കാന്‍ തീരുമാനിച്ചു..
ആദ്യമായി പേര്! രണ്ടാമത് എത്രയിലാ പഠിക്കണേ..
പിന്നെ നമ്മുടെ കദീസുവല്ലേ..നിനക്ക് എന്നെ ഇഷ്ട്ടായോ..എനിക്ക് നിന്നെ ഇഷ്ട്ടായി..ഇത്രയും ഉസ്മാന്‍ മനപ്പാടമാക്കി!

പാറപ്പറമ്പില്‍ സൈതാലി ഹാജിയുടെ വീട്ടിലെ കോലായയില്‍ മൂക്കുസ്മാന്‍ ഞെളിഞ്ഞിരുന്നു.
ചായയും പലഹാരങ്ങളും എത്തി..ചായ കുടിച്ചപ്പോള്‍ സൈതാലി ഹാജി ചോദിച്ചു..
"പെണ്ണിനെ കാണേണ്ടേ.. ?
ഉസ്മാന് ആദ്യം നാണമായി പിന്നെ നാണം മാറി ബേജാറായി..
ഉസ്മാന്റെ മുന്നില്‍ തന്റെ ഒരു കാലത്തെ സ്വപ്നമായിരുന്ന കദീസു നില്‍ക്കുന്നു!
വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഇത് സ്വപ്നമോ,യഥാര്‍ത്ഥമോ? ഉസ്മാന്‍ തന്റെ കൈത്തണ്ടയില്‍ ഒന്ന് പിച്ചി നോക്കി..വേദന തോന്നിയപ്പോള്‍ മനസ്സിലായി ഇത് സ്വപ്നമല്ല. കദീസു പഴയതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു.
ഉസ്മാന്‍ കദീസുവിനെ ഒന്ന് നോക്കി വിളറിയ പുഞ്ചിരി സമാനിച്ചു കൊണ്ട് ആദ്യ ചോദ്യം ചോദിച്ചു
"എത്രയിലാ പേര്"..
പഠിച്ചു വെച്ച ചോദ്യങ്ങള്‍ ആദ്യത്തെതും രണ്ടാമത്തെതും മിക്സഡ്‌ ആയി ചോദിച്ചപ്പോള്‍..
പക്ഷെ.. കദീസു പതറിയില്ല.. അവള്‍ ഉടന്‍ ഉത്തരം കൊടുത്തു.
"പത്തില്‍ കദീസു"
ഉസ്മാന്‍ വീണ്ടും മൂന്നാമത്തെയും നാലാമത്തെയും ചോദ്യം കുഴച്ചു മറച്ചു ഒരുമിച്ചു ചോദിച്ചു.
"എനിക്ക് എന്നെ ഇഷ്ട്ടായി..നിനക്ക് നിന്നെ ഇഷ്ട്ടായോ"??
ഈ ചോദ്യത്തിന് മുന്‍പില്‍ കദീസു ഒരു നിമിഷം ആലോചിച്ചുനിന്നു എന്നിട്ട് മറുപടി കൊടുത്തു..
"അത് വലിയ കഷ്ട്ടായി"......
ഇന്റെര്‍വ്യൂ കഴിഞ്ഞപ്പോഴേക്കും കദീസു ഉസ്മാന് ചേര്‍ന്ന പെണ്ണ് തന്നെ എന്ന തീരുമാനെത്തില്‍ എത്തിക്കഴിഞ്ഞിരുന്നു അവന്‍.
വളരെ ആര്‍ഭാടപൂര്‍വം അവരുടെ വിവാഹം കഴിഞ്ഞു. കുറഞ്ഞ മാസങ്ങള്‍ ഒരുമിച്ചു ജീവിച്ചപ്പോഴേക്കും മൂക്കുസ്മാന്റെ ലീവ് കഴിയാറായി.
മൂക്കുസ്മാന്‍ ഗള്‍ഫിലേക്ക് തിരിച്ചു. കദീസു ദിവസങ്ങളും എണ്ണി നാട്ടില്‍ കാത്തിരിപ്പായി...

ട്ര്‍ണീം..ട്ര്‍ണീം..ഫോണിന്റെ ശബ്ദം കദീസുവിനെ ചിന്തയില്‍ നിന്നുണര്‍ത്തി മറു തലക്കല്‍ ഉസ്മാന്‍ തന്നെ..
എന്നെത്തെയും പോലെത്തന്നെ ഇന്റര്‍നെറ്റ്‌ ഫോണില്‍ നിന്നുള്ള ക്ലിയറില്ലാത്ത കോള്‍..!



  1. സീനു ഇത് ഒരു വലിയ ക്യാൻവാസാണല്ലോ? കൊള്ളാം. ബോറടിപ്പിക്കാതെ പറഞ്ഞു. ഇടക്ക് ഒന്ന് രണ്ട് പാരഗ്രാഫുകൾ വേണമെങ്കിൽ ഒഴിവാക്കാമായിരുന്നു. ഏതായാലും കദീസുവിന്റെ മൂക്കുസ്മാൻ ജൈത്രയാത്ര തുടരട്ടെ..

    ഹെന്റെ പടച്ച തമ്പുരാനേ. തേങ്ങ ഉടച്ചത് ഞാനോ? കാത്തോളണേ ഹെന്റെ റബ്ബേ

  1. "എനിക്ക് കഥ ഇഷ്ട്ടായി" മൂക്കുസ്മാനും, കദീസുവും തമ്മിലുള്ള സംഭാഷണം ചിരിപ്പിച്ചു.
    "എന്നെത്തെയും പോലെത്തന്നെ ഇന്റര്‍നെറ്റ്‌ ഫോണില്‍ നിന്നുള്ള ക്ലിയറില്ലാത്ത കോള്‍..!"
    പുത്തന്‍ പ്രവണതയുടെ മര്‍‌മ്മത്തിനിട്ട് തന്നെ കൊടുത്തല്ലോ.:)

  1. സിനൂ, അപ്പൊ അമളിക്കഥകളൊക്കെ കഴിഞ്ഞു സാക്ഷാല്‍ നര്‍മ്മത്തില്‍ തന്നെ കൈവെച്ചുവല്ലെ?നന്നായി. സംഭാഷണ ശകലങ്ങളൊക്കെ ഉഗ്രന്‍!.പിന്നെ പള്ളിയിലെ “എബൌട്ടേണ്‍” കുറച്ചധികപ്പറ്റായോ എന്നൊരു സംശയം?.ഇനി കാര്യത്തിലേക്ക് കടക്കാം.“യാധാര്‍ത്ഥ്യമോ.?” അല്ല,“യഥാര്‍ത്ഥമോ” ആണു വേണ്ടത് എന്നു തോന്നുന്നു(ഞാനും ഭയങ്കര മലയാളിയാ!).പിന്നെ കഥ കതീസുവിന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞാല്‍ മൂക്കുസ്മാന്റെ മുഴുവന്‍ സംഗതികളും പറയാന്‍ പറ്റില്ല!(ചിന്തകള്‍ കദീസുവിനെ വിട്ടു ഭൂതകാലത്തേക്ക് മടങ്ങിപ്പോയി..!).വെറുതെ ഒന്നു വിമര്‍ശിച്ചു നോക്കിയതാ..കഥയെഴുതുന്നതിനേക്കാള്‍ എളുപ്പമാണല്ലോ വിമര്‍ശിക്കുന്നത്!

  1. നന്നായി എഴുതി. പക്ഷേ അവസാനം എന്തോ പ്രതീക്ഷയ്ക്കൊത്ത് അത്രയ്ക്ക് അങ്ങ് വന്നില്ലേന്നൊരു സംശയം.

  1. അങ്ങനെ നര്‍മ്മത്തിലും കൈവച്ചു, കൊള്ളാം... മൊത്തത്തില്‍ കുറച്ചു കൂടി മുറുക്കാമായിരുന്നു.
    "പത്തില്‍ കദീസു" ... "അത് വലിയ കഷ്ട്ടായി".... നല്ല ഉത്തരങ്ങള്‍!
    കഥ എനക്കും ഇഷ്ടായി (കഷ്ടായി!)

  1. "ജമീലാത്താന്റെ വാക്കുകള്‍ കലന്തന്‍ഹാജിയുടെ മരമില്ലിലെ മരം ഈരുന്ന വാളുപോലെ ഉസ്മാന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു !"
    നല്ല ഉപമ! നന്നായിരിക്കുന്നു.
    (എന്റെ ബ്ലോഗിലിട്ട കമന്റ്സിനു നന്ദി കേട്ടോ)

  1. :)
    ആഹാ കൊള്ളാലോ, നന്നായി എഴുതിയിരിക്കുന്നു
    (കദീസൂന് അനിയത്തി ഉണ്ടോ..?? :)

  1. കഥ എനിക്കും ഇഷ്ടായി ടൌ..
    രസായി എഴുതീരിക്കുന്നു..

  1. സിനുവേ..കഥ അസ്സലായീട്ടോ!
    ഇങ്ങനെ ചിലതുമുണ്ട് കയ്യിലല്ലേ..
    പോരട്ടേ പോരട്ടേ..!!

  1. എബൌട്ടേൻ...
    സിനുവിന്റെ എഴുത്തും നേരെ തിരിഞ്ഞല്ലോ. നർമ്മത്തിന്റെ മർമ്മത്തിലേക്കുള്ള പ്രയാണം കൊള്ളാം.
    എന്തായാലും ഇഷ്ടായി...കഷ്ടായി!

  1. << നാട്ടിലെ ബുദ്ധിമുട്ട് കാരണമാണ് ഇങ്ങോട്ട് പോന്നത്..ഇവിടെയും ബുദ്ധിമുട്ടോ..? >>

    കൊള്ളാം ....നന്നായിട്ടുണ്ട്ട്ടാ..
    എനിക്കിഷ്ട്ടായി...

  1. മുഴുവന്‍ വായിച്ചിട്ടും എന്തോ കുറവു അനുഭവപ്പെട്ടു.
    കോമഡി വിറ്റുകള്‍ തമ്മില്‍ പരസ്പരബന്ധമില്ല.

    ബോറടിച്ചില്ലെന്നും പറയട്ടെ
    :-)

  1. സിനു, കൊള്ളാം നല്ല ഒഴുക്കോടെ എഴുതി. ഇച്ച് ആ ബാസ പിടിച്ചിക്കന്,,, ഞ്ഞമന്റെ ബാസ .


    അനിയത്തി ഉണ്ടേ ഒന്ന് പറഞ്ഞു കൊട് കൂതറ ഈസ്‌ ഓണ്‍ ലൈന്‍ :)

  1. This comment has been removed by the author.
  1. സിനൂ കഥ വായിച്ചു.. ചിരിച്ചു ചില തമാശകള്‍ പൊട്ടിച്ചിരിപ്പിച്ചു. ഇങ്ങനത്തെ വെടിക്കെട്ട് എല്ലാം കയ്യില്‍ ഉണ്ട് അല്ലെ? നന്നായി ..

    മുഹമ്മദ്കുട്ടിക്കാടെ വിമര്‍ശനത്തിനു ( കതീസുവിന്റെ കാഴ്ചപ്പാടിലൂടെ പറഞ്ഞാല്‍ മൂക്കുസ്മാന്റെ മുഴുവന്‍ സംഗതികളും പറയാന്‍ പറ്റില്ല!) എനിക്ക് തോനിയ ഒരു മറുപടി ഞാന്‍ പറയുന്നു. കഷമിക്കണം. കഥയുടെ തലക്കെട്ട് തന്നെ “"കദീസുവിന്റെ മൂക്കുസ്മാന്‍"... എന്നാണ്. മൂക്കുസ്മാന്‍ അനുഭവങ്ങള്‍ ഭാര്യയുമായി പങ്ക് വെച്ചിട്ടുണ്ടാവും എന്നു കരുതിക്കൂടെ അവന്‍റെ ഫോട്ടോയിലെക്ക് നോക്കിയാണ് അവള്‍ ഭൂതകാലത്തേക്ക് പോവുന്നത് സ്വാഭാവികമായും അവനെ കുറിച്ചുള്ള ചിന്തകള്‍ തന്നെയല്ലെ വരേണ്ടത്. പിന്നെ ഇതില്‍ തന്നെ അവന്‍റെ മുഴുവന്‍ സംഗതികളും ഉണ്ട് എന്നു നമുക്ക് പറയാന്‍ പറ്റില്ലല്ലോ .

    ഇനിയും ഇതുപോലുള്ള കഥകള്‍ പോരട്ടെ…

  1. ഉസ്മാനും കദീസുവും വല്ലാതെ ചിരിപ്പിച്ചു കേട്ടോ..
    ഞങ്ങളുടെ നാട്ടില്‍ ഈ കദീസു കദീശു ആണ്.

  1. സിനുവില്‍ ഇങ്ങനെ ഒരു ഹാസ്യകഥാകാരി ഉറങ്ങിക്കിടപ്പുണ്ടെന്നു തീരെ അറിഞ്ഞിരുന്നില്ല കേട്ടോ. ചെറിയ ചെറിയ സംഭവങ്ങള്‍ കോര്‍ത്തി ണക്കുന്നതില്‍ പലയിടത്തും പോരായ്മകള്‍ വന്നു പോയിട്ടുണ്ടെങ്കിലും വളരെ രസകരമായി അവതരിപ്പിക്കുന്നതില്‍ വിജയിച്ചിട്ടുണ്ട്.
    ഞാനും ഇങ്ങനെ കിടന്നു കൊണ്ട് ബൈക്ക് സ്ടാര്‍ക്കിയിട്ടുണ്ട്.അതിന്റെ അടയാളം ഇതുവരെ മാറിയിട്ടില്ല. അതൊക്കെ ഒന്ന് കൂടി ഓര്‍മ്മപ്പെടുതാന്‍ സഹായിച്ചു. ചില ഹാസ്യ ശകലങ്ങള്‍ മുന്‍പ്‌ കേട്ടിട്ടുള്ള പോലെ.
    ക്ലൈമാക്സ് വിചാരിച്ച പോലെ 'തകര്‍പ്പന്‍' ആയില്ല. ഏതൊരു നര്‍മ്മകഥക്കും അവസാനം 'വെടിക്കെട്ട്' ഉണ്ടായാലേ ആ കഥ മനസ്സില്‍ മായാതെ നില്‍ക്കൂ.
    എങ്ങനെ ഒക്കെ ആയാലും നന്നായി രസിപ്പിച്ചു.സ്റ്റോക്കുള്ള ഹാസ്യശകലങ്ങളൊക്കെ കോര്‍ത്തിണക്കി നല്ലൊരു ഹാരമായി അടുത്ത പ്രാവശ്യവും പോസ്റ്റുക. ഭാവുകങ്ങള്‍!

  1. സിനു ഒഴിഞ്ഞ കുടം നിറഞ്ഞോണ്ടിരിക്കാണല്ലൊ. ‘കദീസുവിന്റെ മൂക്കുസ്മാൻ’ ഇഷ്ട്ടായിട്ടൊ. നല്ല കഥ. ഇനിയും നല്ല നല്ല കഥകൾ എഴുതാൻ കഴിയട്ടെ. ആശംസകൾ

  1. (ശബ്ദം കേട്ട് ഉമ്മ ജമീലാത്തയും ബാപ്പ മൂസാക്കയും ഓടി ഉമ്മറത്തെത്തി നോക്കുമ്പോള്‍ ഉസ്മാന്‍ താഴെയും ബൈക്ക് മുകളിലും..
    "എന്താടാ ഉസ്മാനെ...എന്താ ഒരൊച്ച... "അനക്കെന്താ അതിന്റെ ചോട്ടില് പണി"?)

    കഥ വളരെ രസകരമായിട്ടുണ്ട്. അഭിനന്ദനങ്ങള്‍ !

  1. ഇതുപ്പാ..കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയാ..
    മൂക്കുസ്മാന്‍ കലക്കി മറിച്ചു.

  1. ടീ സിനൂ തകർപ്പൻ ആണല്ലോ .. നർമ്മം നന്നായി കൈകാര്യം ചെയ്യാനറിയാമല്ലൊ.. (ചെറിയ അസൂയ ഇല്ലാതില്ല ) ചില തമാശകൽ വല്ലാതെ ഇഷ്ട്ടമായി... ഉസ്മാനിക്കാന്റെ ബൈക്ക് കോമഡി അടിപൊളി ... ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ.. ആശംസകൾ

  1. ലളിതമായി വായിക്കാന്‍ കഴിഞ്ഞ എഴുത്തിനു അഭിനന്ദനങ്ങള്‍.
    നര്‍മ്മം വിതറിയ കഥ നന്നായി മനസ്സില്‍ എത്തി.
    കിടന്ന് ബൈക്ക്‌ സ്ടാര്‍ദ്ടാക്കുന്നതിലെ തമാശയെക്കാള്‍ സാധാരണ ലീവിന് വരുന്നവരും മറ്റും തിരിച്ച് പോകുന്നതിനു തൊട്ടടുത്ത ദിവസങ്ങളില്‍ ഇത്തരം യാത്രകള്‍ ഒഴിവാക്കണം എന്ന ഒരു രീതി പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നതിലെ കാര്യത്തെക്കുറിച്ചാണ് ഓര്‍ക്കാനായത്. ഇത്തരം ചെറിയ കാര്യങ്ങള്‍ എന്ന് തോന്നാവുന്ന വലിയ കാര്യങ്ങള്‍ അവിടവിടെ ചേര്‍ത്തത് ഭംഗിയായി.
    പരിചയമില്ലാത്ത നിസ്ക്കാരം, ഗള്‍ഫില്‍ പോകാന്‍ ഉണ്ടായ കാരണം, പിന്നെ സംഭവിക്കുന്ന മാറ്റം എല്ലാം വ്യക്തമാകുംമ്പോഴും വായനസുഖം നര്‍മ്മത്തില്‍ ചാലിച്ച് നല്‍കിയത്‌ ഇഷ്ടായി.

  1. അപ്പൊ ഉസ്മാന് സുഖം തന്നെയല്ലേ കദീസു..??!

    കഥ കൊള്ളാം കേട്ടോ..

  1. ഹെനിക്ക് വയ്യ...

    ആ പെണ്ണുകാണല്‍ ഇന്റര്‍വ്യൂ കലക്കിട്ടോ...

  1. "ഇതുപ്പാ..കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയാ"..

    അവിടം തുടങ്ങിയ ചിരിയാ, സത്യത്തില് ഞെട്ടിപ്പോയി. പൈങ്കിളിസ്റ്റോറിയായിത്തുടങ്ങിയ സാധനം തനി കോമഡിയാക്കി. ബലേഭേഷ്,

    അഭിവാദ്യങ്ങള്

  1. സീനു , നന്നായി എഴുതി. തുടരൂ ...ആശംസകള്‍

  1. സീനു , നന്നായി എഴുതി. തുടരൂ ...ആശംസകള്‍

  1. ന്റെ റബ്ബേ ! ഇത് ഇപ്പോ കഷ്ടായല്ലോ .വന്നിറ്റ് ചിരിക്കാണ്ടും പൂവാന്‍ പറ്റ്ന്നില്ലല്ലാ.

    ആ കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടി വില്‍ക്കാനുണ്ടേല്‍ ഒന്നു അറിയിക്കാന്‍ മൂക്കുസ്മാനോട് പറയണേ .

  1. ഇപ്പോഴാ വായിക്കാന്‍ കഴിഞ്ഞത്.നന്നായിട്ടുണ്ട്.

  1. കൊള്ളാം. ബോറടിപ്പിക്കാതെ പറഞ്ഞു മൂക്കുസ്മാനും, കദീസുവും തമ്മിലുള്ള സംഭാഷണം ചിരിപ്പിച്ചു. ആ കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടി"പത്തില്‍ കദീസു" എന്തായാലും ഇഷ്ടായി...കഷ്ടായി! കൊള്ളാം

  1. ക്ലിയറില്ലാത്ത ഇന്റെർ നെറ്റ് കോളാണെങ്കിലും ഉസ്മാന്റെയും കദീസുന്റയും ജീവിതം ക്ലിയർ കണക്ഷനായാ മതിയായിരുന്നു.

  1. "ജമീലാത്താന്റെ വാക്കുകള്‍ കലന്തന്‍ഹാജിയുടെ മരമില്ലിലെ മരം ഈരുന്ന വാളുപോലെ ഉസ്മാന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു!"

    ഈ ഉപമ ഓര്‍ക്കാനും,മനസ്സില്‍ ഓര്‍ത്തു ചിരിക്കാനും വക തരുന്നുണ്ട്.ഫലിത രസം വിടാതെ ,അനായാസമായി കഥപറയാന്‍ കഥാകാരി എപ്പോഴും ശ്രദ്ധ പുലര്തുന്നതോ,അതോ സ്വതസിദ്ധമായ ഒരു ശൈലി അങ്ങിനെ രൂപപ്പെട്ടു വന്നതോ എന്ന് പറയുക പ്രയാസം. ബ്ലോഗിലെ തുടക്കം മുതലുള്ള
    ഓരോ പോസ്റ്റും, കഥ പറച്ചിലിന്റെ അനായാസകരമായ ശൈലി കൊണ്ട് വായനക്കാരനെ ആകര്‍ഷിക്കും.തീര്‍ച്ച.

    മൂക്കുസ്മാന്റെ ക കഥയിലേക്ക്‌ കടക്കുമ്പോള്‍,ആദ്യാന്തം ഫലിത രസത്തോടെ
    കഥ നമ്മെ ആസ്വദിപ്പിക്കുന്നത്,കഥാകാരിയുടെ,ഏറനാടന്‍ മാപ്പിള മാരുടെ പ്രത്യേക മായ സംസാര ശൈലിയിലുള്ള കഥ പറച്ചിലാണ് എന്നെനിക്ക് തോന്നുന്നു.

    കഥാപാത്രങ്ങള്‍ക്ക് ജീവനുന്ടെന്കിലും, കഥയില്‍ ഒഴിവാക്കാമായിരുന്ന ചില ഭാഗങ്ങള്‍
    വായന സുഖത്തെ കുറയ്ക്കുന്നു .ഉദാ; നിസ്കാര ഭാഗം.വേണ്ടായിരുന്നു.

    ഗള്‍ഫിലെത്തി പണവും സൌകര്യവും കൂടുന്തോറും
    കദീസുവിലെക്കുള്ള മൂക്കുസ്മാന്റെ ദൂരം കൂടി,കദീസുവിനെ മറന്നു തുടങ്ങുന്നു.

    ഫലിതരസം വേണ്ടുവോളം ചേര്‍ത്ത് രുചികരമാക്കിയ മലപ്പുറം വിഭവം, അതിന്റെ സ്വാദ്‌ ഓര്‍ത്താസ്വദി ക്കാന്‍ വക നല്‍കുന്നു.

    കഥാകാരിക്ക് ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്
    --- ഫാരിസ്‌

  1. സിനു മുക്കുസ്മാന്റെ വെട്ടുകൊണ്ട മുക്കിനു അടയാളം വിനോ ആവൊ കദീസുനൊട് ചോയിക്ക നമ്മക്ക് സിനു സമ്മദിച്ചു ചിരിപ്പിക്കാന്‍ കഴിയുന്നത്‌ ഒരു കഴിവ് തന്നെയാ നന്നായി പറഞ്ഞു ചിരിപ്പിച്ചു എന്നെ

  1. കഥ രസികനായി.
    ഗള്‍ഫിലെ റൂമില്‍ തിരിച്ചുകിടക്കാനായി പുറത്തുപോയി തിരിഞ്ഞുവന്നത്, അത്തരം റൂമുകളെമനസ്സിലെക്കെത്തിച്ചു.

    സിനു, ഫലിതവും വഴങ്ങും എന്ന് തെളിയിച്ചു.

  1. aavashyathinu haasyam, aavashyathinu kaaryam. Kollam. nalla post
    beena

  1. സീനു.. മുഖസ്തുതി പറഞ്ഞു സുഖിപ്പിക്കാനും വെറുതെ പറഞ്ഞു പ്രകോപിപ്പിക്കാനും ഞാനില്ല.
    കഥയുടെ കലം അടുപ്പത്തു വെച്ചിട്ടാണ്' മീനു വെള്ളം ഒഴിച്ചത് .ഒഴിച്ചവെള്ളം കൂടിപ്പോയി.വെന്തുവന്ന നര്‍മ്മത്തിന്റെ കഷണങ്ങളില്‍ ഏറനാടന്‍ സ്ലാങ്ങിന്റെ പീരയും ചേര്‍ത്ത് കഥാസാരത്തിന്റെ ഉപ്പ് പാകത്തിനിട്ടെങ്കിലും ഇടയ്ക്കൊന്ന് തുണിയലക്കാന്‍ പോയതാണ്' സുഖത്തിന്റെ ചേരുവകള്‍ ചേര്‍ക്കാന്‍ മറന്നു പോയതിന്റെ കാറണം  വെള്ളം  കൂടിയെങ്കിലും മൊത്തത്തില്‍ ഒരു രുചിയൊക്കെയുണ്ട് കെട്ടോ....

  1. സീനു ന്റെ അമ്മായിഅമ്മ ഒരിക്കല്‍ എന്റെ ഇളയച്ചന്‍ പെണ്ണ് കാണാന്‍ ആദ്യമായി ഇറങ്ങിയപ്പോള്‍ വിളിച്ചു പറഞ്ഞു "പത്തില്‍ പാത്തുമ്മ എന്നാ ഉത്തരം കിട്ടുന്ന ചോദ്യം ഒന്നും ചോദിചെക്കല്ലേ പെണ്ണിനോട് എന്ന് "...അവന്‍ ഒന്ന് ചിരിച്ചു കാറും വിട്ടു ബ്രോക്കരെയും തുക്കി പോയി ..ആ കഥയുടെ ഗുട്ടന്‍സ് പിടുത്തം കിട്ടാതെ ഇമ്മാനോട്‌ തന്നെ ചോദിച്ചു ...അപ്പോള്‍ ഇമ്മ പറഞ്ഞു ഇങ്ങിനെ ഒരു വിറ്റ്..പത്തില്‍ പഠിക്കുന്ന പാതുമ്മയോടു ചെക്കന്‍ " "എത്രയിലാ പേര്".." പാത്തുമ്മ :"പത്തില്‍ പാത്തുമ്മ "...ഇമ്മന്റെ ആ കഥപറച്ചില്‍ ആണ് മനസ്സിലേക്ക് ഓടി വന്നത് ..കൊള്ളാം സാബി പറഞ്ഞപോലെ ചിരിപ്പിക്കാന്‍ ഉള്ള കഴിവ് അപാരം ..ഈ വരികള്‍ കുടുതല്‍ നര്‍മം കലര്‍ന്നത് " "എനിക്ക് എന്നെ ഇഷ്ട്ടായി..നിനക്ക് നിന്നെ ഇഷ്ട്ടായോ"??

  1. നല്ല കഥ.
    നന്നായി അവതരിപ്പിച്ചു.
    ഏതായാലും കഥാ നായകന് ആശിച്ച പെണ്ണിനെ തന്നെ കിടിയല്ലോ..

  1. ചിന്തകള്‍ കദീസുവിനെ വിട്ടു ഭൂതകാലത്തേക്ക് മടങ്ങിപ്പോയി....
    എന്ന് പറഞ്ഞ് ഉസ്മാന്റെ ഓര്‍മകളിലൂടെ കഥ സഞ്ചരിപ്പിക്കുന്നതായി എനിക്ക് തോന്നിയത് ദൃതിയിലുള്ള വായനയുടെ തകരാറായിരിക്കാം അല്ലെ?

    എങ്കിലും നര്‍മ്മശകലങ്ങള്‍ വായിച്ച് ഒറ്റക്ക് ചിരിച്ചപ്പോഴും എന്റെ ചിന്ത മറ്റൊന്നായിരുന്നു. ബാര്‍ബര്‍ഷാപ്പിനെക്കുറിച്ച് ഇത്രയും വിശദമാക്കാന്‍ ഒരാണിന്റെ സഹായം ഉണ്ടാവണമല്ലൊ !

    പിന്നെ, മുസ്ഥഫ പെണ്ണ് കാണാന്‍ വന്നപ്പോള്‍ ചോദിച്ച/പറഞ്ഞതിങ്ങനെ ആയിരുന്നല്ലെ?
    നന്ദിയോടെ,,

  1. പല സ്ഥലത്തും നന്നായി ചിരിപ്പിച്ചു :)
    രണ്ട് മൂന്ന് ചോദ്യങളുമായി പോയത് നന്നായി. ചോദ്യങൾ അധികമുണ്ടായിരുന്നെങ്കിൽ, അവസാനം രണ്ടിനേം കറണ്ടടിപ്പിക്കേണ്ടി വന്നേനേ..

  1. കഥ കൊള്ളാം കേട്ടോ..

  1. സിനു ...കൊള്ളാം കഥ നന്നായി ട്ടോ ...
    പത്തില്‍ സിനു ആയിരുന്നോ ....?
    നര്‍മ്മം നിറച്ചു നന്നായി എയുതി ...
    ആശംസകള്‍ .....

  1. എനിക്ക് വളരെയതികം ഇഷ്ട്ടമായ്‌ ഇപ്പോയാണ്ണ്‍ വായിക്കാന്‍ കയിഞ്ഞത് മുക്കുസ്മന്‍ ഒരായിരം നന്ദി
    നൌഷാദ് noushad kk
    dhsmmam

  1. എന്താ സീനു ഞാനീ കാണുന്നത്. വളരെ വളരെ മനോഹരമായി എഴുതി. ഉസ്മാന്‍റെ 'അസര്‍ നമസ്കാരം' പോലെ ഒട്ടേറെ നര്‍മ്മത്തിന്റെ മാല കോര്‍ത്തു എഴുതിയ ഒരു സുന്ദര കഥ. ബാപ്പയുടെ "എന്താ അനക്ക് ബൈക്കിനു അടിയില്‍ പണി" എന്ന ചോദ്യവും ഉസ്മാന്‍റെ മറുപടിയും മുതല്‍ ഞാന്‍ ചിരിക്കാന്‍ തുടങ്ങിയതാണ്‌. ധാരാളം എഴുതുക. ഒഴിഞ്ഞ കുടം എന്ന പേര് ഇനി മാറ്റാം . അഭിനന്ദനങ്ങള്‍ സീനു.

  1. ഹായ് സിനുത്താതത
    മൂക്കുസ്മാന്‍ തകര്‍ത്തു...
    കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയും,പെണ്ണുകാണലും,അസര്‍ നിസ്കാരവും
    ചിരിച്ചു ചിരിച്ചു വയ്യാണ്ടായി...
    ഈ കഥ വായിച്ചപ്പോള്‍ എന്റെ ഒരു കൂട്ടുകാരന്‍ പെണ്ണു കാണാന്‍ പോയത്
    ഓര്‍മ്മ വന്നു..ഒരുപാട് നന്ദിയുണ്ട്...

  1. >>"എന്താടാ ഉസ്മാനെ...എന്താ ഒരൊച്ച... അനക്കെന്താ അതിന്റെ ചോട്ടില് പണി?
    ബൈക്കിനടിയില്‍ കിടക്കുന്ന ഉസ്മാനെ നോക്കി ബാപ്പ ചോദിച്ചു
    "ഇതുപ്പാ..കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയാ<<


    ആ രംഗമോർത്ത് ചിരിക്കാതിരിക്കാൻ കഴിയുമോ :)

    നിസ്കാരവും പെണ്ണ് കാണലും എല്ലാം ഒന്നിനൊന്ന് മെച്ചം ..

    ആതമകഥകൾ വീണ്ടും വരട്ടെ :)

  1. നന്നായിട്ടുണ്ട്

  1. നന്നായിടുണ്ട്
    ഞാന്‍ നിങ്ങളുടെ നാട്ടു കരിയാണ്‌
    എന്നെ ഒന്ന് കണാന്‍ വരൂ

  1. OT:

    ഒരു വഴിക്ക് പോകുന്ന വഴിക്ക് ഈ വഴി വീണ്ടും വന്നു. ഒരനക്കവുമില്ലല്ലോ !!

  1. വായിച്ചു തുടങ്ങിയപ്പോള്‍ നിര്‍ത്താന് തോന്നീല... നല്ല അരത്തില് വായിച്ചോയി.. ഇന്ഞും ബെരാം. പൊതുവേ കമന്റാന്‍ കുയിമടിയാ എനിക്ക്... അതൊന്നു മാറ്റി കൊണ്ടേരുന്നുണ്ട് ഞാന്‍! :) എനിക്ക് എന്നെ ഇസ്റ്റായി, അനക്ക് അന്നെയൊ? :D

  1. സീനു ക്ഷമിക്കണം. കഥ ഒരൽ‌പ്പം കൂടി എഡിറ്റ് ചെയ്ത് നന്നാക്കാമായിരുന്നു എന്നു പറയുവാൻ എന്നെ അനുവദിക്കുക. ചില വാക്കുകളും ചില വരികളും ഒഴിവാക്കിയിരുന്നെങ്കിൽ.... ഉദാഹരണത്തിന്; തുടക്കത്തിലെ ആ “ട്‌ർ‌ണിം” ഒഴിവാക്കിയാൽ എന്താണു പ്രശ്നം? ഒന്നുകൂടി വായിച്ച് നോക്കി മിനുക്കിയെങ്കിൽ...
    ആശംസകൾ!!

  1. ഹനീഫ്...

    ഞാന്‍ കുറച്ചു വൈകിയിട്ടാ എത്തിയതു...എങ്കിലും അഭിപ്പ്രായം പറയ്യാലൊ...നന്നായിരിക്കുന്നു...

  1. This comment has been removed by the author.
  1. 10/9/24 sinu muthu

    ഹലോ..
    അസ്സലാമു അലൈക്കും
    സുഖല്ലേ?v k padiyil mampuram roadil
    aanu veed.kachadi yilekku kallyanam kayichu.ente blog kandittundo?chenganiyil enikkoru friend unde.aneesa.thottasheriyarayil kudumbakkarund.ippol nattilundo?

  1. This comment has been removed by the author.
  1. നല്ല നര്‍മം!
    അനുഭവങ്ങളല്ലേ ഇനിയും എഴുതുക.
    "എത്രയാ പേര്" !

  1. ഈ കമെന്റ്റ്‌ പ്രളയത്തിന്റെ ഇടയില്‍ എന്റെ കമെന്റ്റ്‌ ആരും കാണാതിരുന്നാല്‍ മതിയായിരുന്നു ...

    കുറെ ചിരിച്ചു ..എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഭാഗം ആ തിരിഞ്ഞു കിടക്കാന്‍ വേണ്ടി പുറത്തു പോയതാ ....

  1. ഇപ്പോഴാ പരിചയപ്പെട്ടത്‌ ..
    ഫോട്ടോ നോക്കി ഓര്‍മകളിലേക്ക്
    ഉള്ള പ്രയാണം ഭംഗി ആയിട്ടുണ്ട്‌..കുറിക്കു കൊള്ളുന്ന നര്‍മം..
    ബൈക്കില്‍ നിന്നു വീണത്‌ കഥയുടെ ട്വിസ്റ്റ്‌ ആയി എന്നാ ആദ്യം
    കരുതിയത്‌..

    ഒരു പൊരുത്തക്കേട് മാത്രം തോന്നിയത്. വെറും ഒരു വായി നോക്കി
    ആയിരുന്നില്ലല്ലോ ഉസ്മാന്‍ ..എന്നിട്ടും പിന്നെ കദീസുവിനെ മറന്നു തുടങ്ങി ഇരുന്നു എന്ന ഒറ്റ വാചകം കഥ നായകന്റെ മൊത്തം സ്വഭാവ ഹത്യ അല്ലെ നടത്തിയത്.ഗള്‍ഫില്‍ പോയത്
    പോലും കദീസുവിനു വേണ്ടി ആയിരുന്നു എന്നോര്‍ക്കുമ്പോള്‍ ആണ് ആ
    അനൌചിത്യം.

    ഒത്തിരി വലിയ ഒരു കാന്‍വാസ് തന്നെ...എന്നിട്ടും ബോര്‍ അടിപ്പിക്കാതെ തീര്‍ത്തു...
    അഭിനന്ദനങ്ങള്‍ .

  1. ഒരുപാട് വൈകിയിട്ടാണ് ബ്ലോഗ്‌ ലോകത്തെത്തിയത്
    അതാ അഭിപ്രായം പറയാന്‍ വൈകിയത്

    ഏതായാലും നല്ല കഥ

  1. വൈകി എങ്കിലും വായിച്ചു ,,,,നല്ല രസം ഉണ്ട് ....മലപുറം ശൈലി

  1. ബഷീര്‍ പറഞ്ഞ പോലെ ഇവരെല്ലാം പുരയും പൂട്ടി എവിടെപ്പോയി?
    സിനു എല്ലാവരെയും വിസ കൊടുത്തു ഗള്‍ഫിന് വിട്ടോ?അവസ്സാനത്തെ ബൈക്കില്‍
    കയറി സിനുവും പോയോ?അതോ അടിയില്‍ കിടന്നു സ്റ്റാര്‍ട്ട്‌ ആക്കുക ആണോ?
    venjaaran:- പറഞ്ഞത് ശരിയാ..ഫോണ്‍ ബെല്‍ അടിക്കുന്ന ശബ്ദം മാറ്റാം ആയിരുന്നു...
    trinim എന്നതിന് പകരം കിണിം എന്ന് ആകാമായിരുന്നു..പിണങ്ങല്ലേ ..വായിച്ചപ്പോള്‍
    ചിരി വന്നു പോയി..

  1. സീനുതാനെ നേരിട്ടൊന്നു വന്നു പറയണമെന്ന് ഉപ്പ പറഞ്ഞിരുന്നു നേരം കിട്ടാത്തത് കൊണ്ടാണ് വൈകിയത് ഇതാ
    ഞാന്‍ സിദ്ധീക്ക് തോഴിയൂരിന്റെ മോള്‍ ഒരു ബ്ലോഗു തുടങ്ങി നാലാമത്തെ പോസ്റ്റും ഇട്ടിട്ടുണ്ട് ഒന്ന് വന്നു നോക്കണേ സമയം കിട്ടുമ്പോള്‍ .
    സ്നേഹത്തോടെ- നേന

  1. This comment has been removed by the author.
  1. ഞാന്‍ ഈ വഴി ആദ്യമായിട്ടാണ്.
    എനിക്കിങ്ങോട്ട് വഴി കാണിച്ചത് മുഖ പുസ്തകത്തിലെ കൂട്ടുകാരാണ്., ഇവിടെ വന്നതും കഥയെ വായിച്ചു തുടങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ നടന്ന നാട്ടു വഴികളിലേക്ക് ഒരു മടക്കയാത്ര നടത്തി. ആ വഴിയിലെല്ലാം ഞാന്‍ തേടിയത്. സൈതാലിയെയും കദീസുവിനെയും ആയിരുന്നു. പക്ഷെ, അവരെയെനിക്ക് കണ്ടെത്താന്‍ സാധിച്ചില്ലാ.നിസ്കാരത്തില്‍ എബൌട്ടണ്‍ അടിച്ച ഉസ്മാനെ { മുക്കോളി മയ്മാലി} ഞാന്‍ കണ്ടിട്ടുണ്ട്. ഉസ്മാന്‍റെ മൂക്ക് മുറിച്ച ബാര്‍ബര്‍ ബഷീര്‍ {ഒസ്സാന്‍ അസൈന്‍} അവന്‍ എന്‍റെയും മുടി മുറിച്ചിട്ടുണ്ട്.പിന്നെ, ബ്രോക്കര്‍ കുഞ്ഞിപ്പാത്തു {പെങ്കട്ടാരിത്തി കുഞ്ഞിക്കദിയുമ്മാത്ത } എന്‍റെ അനിയത്തിക്ക് ചെറുക്കനെ കൊണ്ടുവന്നത് അവരാണ്. ചുരുക്കത്തില്‍, ഞാന്‍ ഒഴികെ പലര്‍ക്കും ഇത് ചിരിക്ക് വക നല്‍കിയെങ്കില്‍, എന്നില്‍ ഒരു വല്ലാത്ത ജിജ്ഞാസയാണ് ഇതുണ്ടാക്കിയത്..
    ഒരു പക്ഷെ, എല്ലാം കേവലം എന്‍റെ തോന്നലുകള്‍ മാത്രവുമാകാം.

  1. ഞാന്‍ പഴയ ചില ബൂലോകരെ തിരക്കി ഇറങ്ങിയതാ സീനു ..വഴിയെ ഇവിടെയും എത്തി
    2010 ജൂണ്‍ 9 നു ശേഷം ഒന്നും പോസ്റ്റി ക്കാനുന്നില്ല , എന്ത് പറ്റി ?
    ഏഴു മാസം ആയില്ലേ ? ഇനി ഒന്നാവാം ..പ്ലീസ് ..

  1. നന്നായി എഴുതിയിരിക്കുന്നു.
    കാർന്നല്ലൂര് ഞാനറിയുന്ന സ്ഥലമാണ്.

  1. നന്നായി എഴുതിയിരിക്കുന്നു.

  1. എന്തോകെയോ കുറവ് ഉണ്ട്ട്ടോ എനാലും ബോറടികില..."പത്തില്‍ കദീസു" ... "അത് വലിയ കഷ്ട്ടായി".... നല്ല ഉത്തരങ്ങള്‍!

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ