71
June 9, 2010 Post By: സിനു

"കദീസുവിന്റെ മൂക്കുസ്മാന്‍"...

ട്ര്‍ണീം..ട്ര്‍ണീം..ഫോണ്‍ നില്‍ക്കാതെ ബെല്ലടിക്കാന്‍ തുടങ്ങി. അടുക്കളയില്‍ നിന്നും ഓടി വന്നു ഫോണ്‍ എടുത്തപ്പോഴേക്കും അത് കട്ടായി.
വീണ്ടും അടിക്കുന്നതും കാത്തു കദീസു ഫോണിന്റെ അടുത്ത് തന്നെ നിന്നു. മേശപ്പുറത്തിരിക്കുന്ന ഉസ്മാന്റെ ഫോട്ടോയിലേക്ക് നോക്കി.
ചിന്തകള്‍ കദീസുവിനെ വിട്ടു ഭൂതകാലത്തേക്ക് മടങ്ങിപ്പോയി..!

പണിയൊന്നുമില്ലാതെ തേരാ പാരാ നടക്കണ ഉസ്മാന് ഓരോ ദിവസവും നേരം പുലരുന്നത് കദീസുവിന്റെ മൊഞ്ച് ആസ്വദിക്കാന്‍ വേണ്ടി മാത്രമായിരുന്നു.
കദീസുവിനെ ഒരു നോക്ക് കാണാന്‍ നേരം വെളുത്താല്‍ മാറ്റി ഒരുങ്ങി സ്കൂളിനടുത്തെ ബാലന്റെ തയ്യല്‍ കടയിലെത്തും കദീസു വരുന്നതും കാത്ത്..
കദീസു സ്കൂളിലേക്ക് തിരിയും വരെ അവളുടെ കുണുങ്ങികൊണ്ടുള്ള നടപ്പും കണ്ടു ഉസ്മാന്‍ പരിസര ബോധമില്ലാതെ നോക്കി നില്‍ക്കും!

ഉസ്മാന്റെ ഹൃദയത്തില്‍ തന്നോടുള്ള സ്നേഹം കൂട് കൂട്ടിയത് കദീസുവിന് ഒരിക്കലും അറിയില്ലായിരുന്നു..
അവളോട തന്റെ അനുരാഗം പറയാനുള്ള അവസരം കിട്ടിയിട്ടുമില്ല. കാരണം അവളെ കാണുമ്പോഴെല്ലാം വാല് പോലെ അവളുടെ ബാപ്പസൈതാലി ഹാജി കൂടെ ഉണ്ടാകും.

ദിവസങ്ങള്‍ കഴിയും തോറും ഉസ്മാന് കദീസുവിനോടുള്ള സ്നേഹം അണപൊട്ടി ഒഴുകാന്‍ തുടങ്ങി. ഹൃദയത്തില്‍ നിന്നും സ്നേഹം തൊണ്ടക്കുഴിയില്‍ എത്തിയപ്പോള്‍ ഉസ്മാന് ശ്വാസം കിട്ടാതെയായി തനിക്കു കദീസുവിനോടുള്ള സ്നേഹം മറച്ചു വെക്കാതെ ഉമ്മയോട് പറയാന്‍ തീരുമാനിച്ചു..
അടുക്കളപ്പുറത്ത് പാത്രം കഴുകിക്കൊണ്ടിരികുന്ന ഉമ്മയുടെ അടുത്ത് ചെന്ന് സ്നേഹത്തോടെ ഉമ്മാന്റെ അരികില്‍ ഇരുന്നു പാത്രങ്ങള്‍ ഉമ്മാക്ക് എടുത്തു കൊടുത്ത്ഉമ്മാനെ സഹായിക്കാന്‍ തുടങ്ങി..
പതിവില്ലാത്ത സ്നേഹവും പെരുമാറ്റവും കണ്ടപ്പോള്‍ ഉമ്മ ജമീലാത്ത ഉസ്മാനോടു ചോദിച്ചു..
"ന്താ..ഉസ്മാനെ അനക്ക് പറ്റിയെ...തിന്ന പാത്രം കൂടി നീക്കി വെക്കാത്ത ഇജ്ജ് ന്റൊപ്പം പാത്രം മോറാന്‍ കൂടേണ്ട"..

ഉസ്മാന്‍ ഉമ്മാ..ഉമ്മാന്നു വിളിച്ചു കൊണ്ട് കുണുങ്ങി നില്‍ക്കുന്നത് കണ്ടപ്പോള്‍ ജമീലാത്താക്ക് ദേഷ്യം വന്നു.
"ഇജ്ജ് കാര്യം പറയ്‌ ഉസ്മാനെ...ഇച്ച് അടുപ്പത്ത് നൂറൂട്ടം പണിള്ളതാ".........

"ഉമ്മാ.....നിക്ക് പാറപ്പറമ്പിലെ കദീസൂനെ പെരുത്തിഷ്ട്ടാ....ങ്ങള് ബാപ്പനോട് പറഞ്ഞിട്ട് ഓളെ ച്ച്..കെട്ടിച്ചെരണം"

ഉസ്മാന്റെ വാക്കുകള്‍ കേട്ട ജമീലാത്താക്ക് അരിശം കയറി..കഴുകിക്കൊണ്ടിരുന്ന അലൂമിനിയം പാത്രം നിലത്തേക്കിട്ടു.
കട കട ശബ്ദത്തോടെ ഉരുണ്ടു വന്ന പാത്രം ഉസ്മാന്റെ കാലില്‍ തട്ടി നിന്നു.

"അനക്കെന്താ ഉസ്മാനെ...പിരാന്താ....?
പണിം കൂലീം ഇല്ലാതെ തെക്കോട്ടും ബടക്കൊട്ടും നടക്കണ അനക്ക് ആരെങ്കിലും പെണ്ണ് തരോ...?
ബാപ്പാന്റൊപ്പം ഒന്ന് പീടീല് പോയിരുന്നോ..ബാപ്പാക്കൊരു കൈസഹായം ആവൂലെന്നു പറയുമ്പം ഇജ് കേക്കൂല..
അല്ലെങ്കിലും പാറപ്പറമ്പില് ഉള്ളോര് കായിക്കാരെല്ലേ..ഓല്‍ക്ക് ഞമ്മളെ പറ്റോ?
ന്റെ മോളെ പത്താം തരം വരെ പഠിപ്പിക്കും ഇന്നട്ട് ഗള്‍ഫ്‌കാര്‍ക്കെ കേട്ടിക്കൂന്ന് ഓളെമ്മ എപ്പളും പറയിണത് ഞാന്‍ എത്രട്ടം കേട്ടതാ....

ജമീലാത്താന്റെ വാക്കുകള്‍ കലന്തന്‍ഹാജിയുടെ മരമില്ലിലെ മരം ഈരുന്ന വാളുപോലെ ഉസ്മാന്റെ ഹൃദയത്തിലൂടെ തലങ്ങും വിലങ്ങും പാഞ്ഞു കൊണ്ടിരുന്നു !
ഹൃദയ വേദന ഒരു വിധം കടിച്ചു പിടിക്കുമ്പോള്‍ അവന്റെ മനസ്സില്‍ ഗള്‍ഫില്‍ പോയി പാറപ്പറമ്പുകാരേക്കാള്‍ വലിയ കാശ് കാരനാവണം എന്ന മോഹമായിരുന്നു.
ഗള്‍ഫില്‍ പോയി പൈസക്കാരനായി വന്നാല്‍ കദീസൂനെ ആരെയും കൂസാതെ ഞെളിഞ്ഞു നിന്ന് ചോദിക്കാലോ എന്നായിരുന്നു മനസ്സില്‍...

ഉമ്മാടെ കുടുംബത്തീന്നു ഓഹരി കിട്ടിയ അഞ്ചു സെന്റ്‌ ഭൂമി വിറ്റ് ആ..കാശ് ആമിന ട്രാവല്‍സ് നടത്തുന്ന കുഞ്ഞാണിയുടെ കയ്യില്‍ വിസക്ക് വേണ്ടി കൊടുത്തു.
തികയാതെ വന്ന കാശ് ഉമ്മാന്റെ കാതിലെ ചിറ്റും അരഞ്ഞാണവും വിറ്റുണ്ടാക്കി..!
ഏറെ കാത്തിരിക്കേണ്ടി വന്നില്ല..ഉസ്മാനുള്ള വിസ വിമാനത്തിന്റെ ഫോട്ടോയുള്ള ആമിന ട്രാവല്‍സിന്റെ വെളുത്ത കവറില്‍ കുഞ്ഞാണി ഉസ്മാന്റെ കയ്യില്‍ കൊടുത്തു. ഉസ്മാന്‍ ആ കവറിലുള്ള വിമാനത്തിലേക്കൊന്നു നോക്കി..അറബിക്കുപ്പായവുമിട്ട് കദീസുവിന്റെ വീടിന്റെ ഉമ്മറത്ത്‌ പോയി കദീസുവിനെ ഇറക്കി കൊണ്ട് വരുന്നത് സ്വപ്നം കണ്ടു.!

ഗള്‍ഫിലേക്ക് പോവാനുള്ള ആഹ്ലാദത്തില്‍ മതി മറന്ന ഉസ്മാന്‍...കൂട്ടുകാരന്റെ ബൈക്ക് കടം വാങ്ങി ദൂര ഭാഗങ്ങളിലുള്ള ബന്ധു വീടുകളില്‍ യാത്ര പറയാന്‍ പോവാനോരുങ്ങി.
വീടിന്റെ മുറ്റത്തുനിന്നും ബൈക്ക് സ്റ്റാര്‍ട്ടാക്കി വേലിക്കരികിലെത്തിയപ്പോ ദേ..കെടക്കണ് ഉസ്മാനും ബൈക്കും താഴെ..!!
ശബ്ദം കേട്ട് ഉമ്മ ജമീലാത്തയും ബാപ്പ മൂസാക്കയും ഓടി ഉമ്മറത്തെത്തി നോക്കുമ്പോള്‍ ഉസ്മാന്‍ താഴെയും ബൈക്ക് മുകളിലും..
"എന്താടാ ഉസ്മാനെ...എന്താ ഒരൊച്ച... അനക്കെന്താ അതിന്റെ ചോട്ടില് പണി?
ബൈക്കിനടിയില്‍ കിടക്കുന്ന ഉസ്മാനെ നോക്കി ബാപ്പ ചോദിച്ചു
"ഇതുപ്പാ..കിടന്നു സ്റ്റാര്‍ട്ടാക്കുന്ന വണ്ടിയാ".. ബാപ്പാന്റെ ചോദ്യത്തിന് മുന്നിലും ഉസ്മാന്‍ വിട്ടു കൊടുത്തില്ല!
"ഇമ്മാതിരി ബണ്ടിമേലോന്നും ഇജ്ജ് പോണ്ട..! നടക്കാന്‍ കാലില്ലെ ഹംക്കേ അനക്ക്"...
ഉപ്പാന്റെ ബാക്കി നാടന്‍ തെറിയും കൂടെ കേള്‍ക്കാന്‍ നില്‍ക്കാതെ.. ഉസ്മാന്‍ ഒരുവിധം ബൈക്ക് താങ്ങിപ്പിടിച്ചുയര്‍ത്തി സ്റ്റാര്‍ട്ടാക്കി മുന്നിലേക്കെടുത്തു നേരെ പോയത് ബഷീറിന്റെ ബാര്‍ബര്‍ ഷോപ്പിലേക്കാണ്...
ബഷീറിനു വലതു കണ്ണിനെ കാഴ്ചയോള്ളൂ..ഇടത്തേ കണ്ണിനു പൂര്‍ണ്ണമായിട്ടും കാഴ്ചയില്ല!
ഉസ്മാന്റെ താടി വടിച്ചു മീശ വെട്ടുന്നതിനിടയിലാണ് മൂക്കിലെ പുറത്തേക്കു വന്ന രോമം ബഷീറിന്റെ വലത്തേ കണ്ണില്‍ പെട്ടത്.. കറങ്ങുന്ന കസേര പിടിച്ചു തിരിച്ചിട്ടു ഉസ്മാന്റെ മൂക്കിനു നേരെ ബഷീര്‍ കത്രിക അടുപ്പിച്ചു.
"എന്റുമ്മാ"..... ഒരലര്‍ച്ച കേട്ട് ബാര്‍ബര്‍ ഷോപ്പില്‍ സിനിമാ വാരിക വായിക്കാന്‍ വന്നിരുന്നിരുന്ന അങ്ങാടിപ്പിള്ളേര് നോക്കിയപ്പോള്‍ ഉസ്മാന്റെ മൂക്കിന്റെ രണ്ടു ദ്വാരം വേര്‍തിരിക്കുന്ന മദ്യ ഭാഗമാണ് കണ്ണ് കാണാത്ത ബഷീര്‍ കട്ട് ചെയ്തത്!!
അങ്ങിനെ അന്ന് മുതല്‍ തല തെറിച്ച അങ്ങാടിപ്പിള്ളേര് ഉസ്മാനെ മൂക്കുസ്മാന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. അത് പിന്നെപ്പിന്നെ..നാട്ടില്‍ പരക്കുകയും ചെയ്തു.

മൂക്കിന്റെ മുറിവെല്ലാം ഉണങ്ങി ഒരു ബന്ധു വീട്ടില്‍ യാത്ര പറഞ്ഞു വരുമ്പോള്‍ വഴിയില്‍ കണ്ട പള്ളിയില്‍ കയറി അസര്‍ നിസ്ക്കരിക്കാന്‍ തീരുമാനിച്ചു
ഗള്‍ഫില്‍ ചെന്നാല്‍ നിസ്ക്കാരം ഒഴിവാക്കാന്‍ പറ്റില്ല എന്ന് കാരണവന്മാര്‍ പറയുന്നത് കേട്ടപ്പോള്‍ ഒരു പ്രക്ടീസാവാന്‍ വേണ്ടി അത് വരെ നിസ്ക്കാരമില്ലാതിരുന്ന ഉസ്മാന്‍.. നിസ്ക്കാരം തുടങ്ങിയതാണ്‌!
വുളു എടുത്തു പള്ളിക്കകത്ത്‌ കയറിയ ഉസ്മാന് ആകെ കണ്‍ഫ്യൂഷനായി..
നിസ്ക്കാരപ്പള്ളി ആയതു കാരണം ഖിബല (നിസ്ക്കരിക്കാന്‍ തിരിഞ്ഞു നില്‍ക്കേണ്ട വശം) അടയാളം ഒന്നുമുണ്ടായിരുന്നില്ല.
ഉസ്മാന്‍ നോക്കിയപ്പോള്‍ ആരെയും കണ്ടില്ലതാനും... രണ്ടും കല്പിച്ചു ഏതോ ഒരു ഭാഗത്തേക്ക് തിരിഞ്ഞു നിസ്ക്കാരം തുടങ്ങി.
കുറച്ചു കഴിഞ്ഞപ്പോഴാണ് ബാക്കില്‍ നിന്നും കുശു കുശു ശബ്ദം കേട്ടത്........
ഉസ്മാന്‍ പാടുപെട്ടു ബാക്കിലേക്ക് ഇടക്കണ്ണിട്ടു നോക്കിയപ്പോള്‍ തന്നെ പിന്തുടര്‍ന്ന് ഒരുപാട് പേര്‍ നിസ്ക്കരിക്കുന്നു
പിന്നീട് കയറി വന്ന ആ നാട്ടുകാരനായ ഒരാള്‍ പറഞ്ഞു ഇമാം(നിസ്ക്കാരത്തിന് നേതൃത്വം കൊടുക്കുന്നയാള്‍) തിരിഞ്ഞു നില്‍ക്കുന്ന ഭാഗം ശരിയെല്ലെന്ന്!
ഇത് കേട്ട ഉസ്മാന്‍ ഒരൊറ്റ ഡയലോഗ്!!
"എബൌട്ടെന്‍"
ഇത് കേട്ടതും തന്നെ പിന്തുടരുന്ന നിസ്ക്കാരക്കാര്‍ എല്ലാം പിന്നിലേക്ക്‌തിരിഞ്ഞു
ഇമാം ആയി നിന്ന ഉസ്മാന്‍ നോക്കുമ്പോള്‍ തന്നെ പിന്‍തുടര്ന്നവരെല്ലാം മുന്നിലും ഇമാം ആയ താന്‍ ബാക്കിലും!
ഇനിയിപ്പോള്‍ തന്റെ ആവശ്യമില്ലല്ലോ...! ഉസ്മാന്‍ അവിടെ നിന്നും തടിയൂരി..

അങ്ങിനെ കാത്തിരുന്ന ആ ദിവസം വന്നെത്തി.....മൂക്ക്ഉസ്മാന്‍ ഗള്‍ഫിലേക്ക് പറന്നു....
എല്ലാവരെയും പോലെ തന്നെ..ഏറെ പ്രതീക്ഷകളുമായാണ് മൂക്കുസ്മാനും പ്രവാസ ലോകത്തേക്ക് കാലെടുത്തു വെച്ചത്.
വകയിലെ ഒരളിയന്റെ റൂമിലേക്കായിരുന്നു ഉസ്മാന്‍ പോയത്.. റൂമിലെത്തുവോളം ഒരു ഫൈവ് സ്റ്റാര്‍ സെറ്റപ്പായിരുന്നു ഉസ്മാന്റെ മനം നിറയെ..
പക്ഷെ..അവിടെ എത്തിയപ്പോള്‍ കണ്ട കാഴ്ച ഉസ്മാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല..!പത്തിരുപതു പേര്‍ ഒരേ മുറിയില്‍ ഒന്നിച്ചുറങ്ങുന്നു!
പല ട്യൂണിലുള്ള കൂര്‍ക്കം വലികളും കേള്‍ക്കാമായിരുന്നു..അവരുടെ കൂടെ ഒരു വിധം ഉസ്മാനും ആ രാത്രി തള്ളി നീക്കി..
രാവിലെ എണീറ്റപ്പോള്‍ ഉസ്മാന്‍ അളിയനോടായി പറഞ്ഞു..
"അളിയാ ഇന്നലെ രാത്രി ഞാനൊരു പോള കണ്ണടച്ചിട്ടില്ല.. ഒന്ന് തിരിഞ്ഞു കിടക്കാന്‍ ഞാന്‍ പെട്ട പാടെ..!പുറത്തു പോയി തിരിഞ്ഞു വന്നാണ് ഞാനൊന്ന് തിരിഞ്ഞു കിടന്നത്"!

ദിവസങ്ങള്‍ കടന്നു പോയി.....ഒരു ദിവസം അളിയന്‍ വന്നത് ഉസ്മാനുള്ള ജോലിയുമായാണ്‌..
പുതിയ ജോലി കിട്ടിയതറിഞ്ഞു ഒരുങ്ങിയിറങ്ങിയ ഉസ്മാനെ കണ്ട അളിയന്‍ പറഞ്ഞു.." രണ്ടു ദിവസം ചെറിയ ബുദ്ധിമുട്ടുണ്ടാകും പിന്നെയത് പയ്യെ.. ശരിയായിക്കൊള്ളും!
"നാട്ടിലെ ബുദ്ധിമുട്ട് കാരണമാണ് ഇങ്ങോട്ട് പോന്നത്..ഇവിടെയും ബുദ്ധിമുട്ടോ..?അളിയന്റെ സംസാരത്തില്‍ നീരസം തോന്നിയ ഉസ്മാന്‍ ചോദിച്ചു.
"എന്നാല്‍ പിന്നെ ആ.. രണ്ടു ദിവസത്തെ ബുദ്ധിമുട്ട് കഴിഞ്ഞു പോയാല്‍ പോരെ അളിയാ"...ഉസ്മാന്‍ കളിയാക്കിക്കൊണ്ട് മറുപടി കൊടുത്തു!

ജോലി പിടിച്ചില്ലെങ്കിലും ജോലി സ്ഥലത്തു താമസിക്കുന്ന റൂം ഉസ്മാന് നന്നായി പിടിച്ചു...അളിയന്റെ റൂമിലെ പോലെ തിരിഞ്ഞു കിടക്കാന്‍ പുറത്തു പോയി വരേണ്ട ആവശ്യമില്ല...അത് തന്നെ മഹാ ഭാഗ്യം!!
കൂടെ താമസിക്കുന്നവരെല്ലാം സുഹൃത്തുക്കളായി.. കയ്യില്‍ കാശ് കിട്ടിത്തുടങ്ങി... വീട്ടിലെ പ്രാരാബ്ധങ്ങളും കുറഞ്ഞു വന്നു..
ഓലമേഞ്ഞ പുര പാറപ്പറമ്പുകാരേക്കാള്‍ വലിയ ടെറസായി മാറി..ഇതിനിടയില്‍ കദീസുവിനെ ഉസ്മാന്‍ മറന്നു തുടങ്ങിയിരുന്നു!
മൂക്കുസ്മാന്‍ ശരിക്കും ഗള്‍ഫുകാരനായി മാറി. എന്നാലും തനിക്കു കിട്ടിയ പേര് മാത്രം ആരും മാറ്റി വിളിച്ചില്ല.

വര്‍ഷങ്ങള്‍ രണ്ടു കൊഴിഞ്ഞു...........മൂക്കുസ്മാന്‍ ലീവിന് നാട്ടിലേക്ക് തിരിച്ചു.
വീട്ടിലെത്തി ഒന്നുറങ്ങാന്‍ കിടന്നപ്പോഴാണ്‌ ഉമ്മ ജമീലാത്ത വാതിലിനു മുട്ടിയത്. ഉറക്കത്തില്‍ നിന്നെഴുന്നേറ്റു കണ്ണ് തിരുമ്മി മുറിയില്‍ നിന്ന് പുറത്തേക്കു വന്നപ്പോള്‍ മുന്നില്‍ ബ്രോക്കെര്‍ കുഞ്ഞിപ്പാത്തു!
മുഖം കഴുകി വന്നപ്പോഴേക്കും ജമീലാത്ത മൂന്നു ഫോട്ടോകള്‍ ഉസ്മാന്റെ മുന്നിലേക്ക്‌ നീട്ടി.. മനസ്സിലാ മനസ്സോടെ പ്രാകി കൊണ്ട് ഉസ്മാന്‍ ഫോട്ടോ വാങ്ങി നോക്കി.. രണ്ടാമത് നോക്കിയ ഫോട്ടോ കണ്ടപ്പോ..ഉസ്മാന്‍ ഒരു നിമിഷം പതറി!
"താന്‍ സ്നേഹിച്ച ഒരുകാലത്ത് തന്റെ സ്വപ്നമായിരുന്ന കദീസു!!

പിറ്റേന്ന് തന്നെ ഉസ്മാന്‍ കദീസുവിനെ പെണ്ണ് കാണാനുള്ള ഒരുക്കത്തിലായിരുന്നു..അപ്പോഴാ കൂട്ടുകാരെല്ലാം പറഞ്ഞത് ആദ്യമായി പെണ്ണ് കാണാന്‍ പോവുമ്പോള്‍ വലിയ ബേജാറാ..! പെണ്ണിനെ കാണുമ്പോള്‍ വിറക്കും ഒന്നും ചോദിക്കാന്‍ കിട്ടില്ലാ..കദീസൂനെ നിനക്കറിയാമെങ്കിലും അവള്‍ക് നിന്നെ കുറിച്ച് അറിയില്ലല്ലോ..
ഉസ്മാന്‍ ഏതായാലും പോവുന്നതിനു മുന്പ് അഡ്വാന്‍സായി കുറച്ചു ചോദ്യങ്ങള്‍ പഠിച്ചു വെക്കാന്‍ തീരുമാനിച്ചു..
ആദ്യമായി പേര്! രണ്ടാമത് എത്രയിലാ പഠിക്കണേ..
പിന്നെ നമ്മുടെ കദീസുവല്ലേ..നിനക്ക് എന്നെ ഇഷ്ട്ടായോ..എനിക്ക് നിന്നെ ഇഷ്ട്ടായി..ഇത്രയും ഉസ്മാന്‍ മനപ്പാടമാക്കി!

പാറപ്പറമ്പില്‍ സൈതാലി ഹാജിയുടെ വീട്ടിലെ കോലായയില്‍ മൂക്കുസ്മാന്‍ ഞെളിഞ്ഞിരുന്നു.
ചായയും പലഹാരങ്ങളും എത്തി..ചായ കുടിച്ചപ്പോള്‍ സൈതാലി ഹാജി ചോദിച്ചു..
"പെണ്ണിനെ കാണേണ്ടേ.. ?
ഉസ്മാന് ആദ്യം നാണമായി പിന്നെ നാണം മാറി ബേജാറായി..
ഉസ്മാന്റെ മുന്നില്‍ തന്റെ ഒരു കാലത്തെ സ്വപ്നമായിരുന്ന കദീസു നില്‍ക്കുന്നു!
വിശ്വസിക്കാന്‍ കഴിയുന്നില്ല.. ഇത് സ്വപ്നമോ,യഥാര്‍ത്ഥമോ? ഉസ്മാന്‍ തന്റെ കൈത്തണ്ടയില്‍ ഒന്ന് പിച്ചി നോക്കി..വേദന തോന്നിയപ്പോള്‍ മനസ്സിലായി ഇത് സ്വപ്നമല്ല. കദീസു പഴയതിനേക്കാള്‍ സുന്ദരിയായിരിക്കുന്നു.
ഉസ്മാന്‍ കദീസുവിനെ ഒന്ന് നോക്കി വിളറിയ പുഞ്ചിരി സമാനിച്ചു കൊണ്ട് ആദ്യ ചോദ്യം ചോദിച്ചു
"എത്രയിലാ പേര്"..
പഠിച്ചു വെച്ച ചോദ്യങ്ങള്‍ ആദ്യത്തെതും രണ്ടാമത്തെതും മിക്സഡ്‌ ആയി ചോദിച്ചപ്പോള്‍..
പക്ഷെ.. കദീസു പതറിയില്ല.. അവള്‍ ഉടന്‍ ഉത്തരം കൊടുത്തു.
"പത്തില്‍ കദീസു"
ഉസ്മാന്‍ വീണ്ടും മൂന്നാമത്തെയും നാലാമത്തെയും ചോദ്യം കുഴച്ചു മറച്ചു ഒരുമിച്ചു ചോദിച്ചു.
"എനിക്ക് എന്നെ ഇഷ്ട്ടായി..നിനക്ക് നിന്നെ ഇഷ്ട്ടായോ"??
ഈ ചോദ്യത്തിന് മുന്‍പില്‍ കദീസു ഒരു നിമിഷം ആലോചിച്ചുനിന്നു എന്നിട്ട് മറുപടി കൊടുത്തു..
"അത് വലിയ കഷ്ട്ടായി"......
ഇന്റെര്‍വ്യൂ കഴിഞ്ഞപ്പോഴേക്കും കദീസു ഉസ്മാന് ചേര്‍ന്ന പെണ്ണ് തന്നെ എന്ന തീരുമാനെത്തില്‍ എത്തിക്കഴിഞ്ഞിരുന്നു അവന്‍.
വളരെ ആര്‍ഭാടപൂര്‍വം അവരുടെ വിവാഹം കഴിഞ്ഞു. കുറഞ്ഞ മാസങ്ങള്‍ ഒരുമിച്ചു ജീവിച്ചപ്പോഴേക്കും മൂക്കുസ്മാന്റെ ലീവ് കഴിയാറായി.
മൂക്കുസ്മാന്‍ ഗള്‍ഫിലേക്ക് തിരിച്ചു. കദീസു ദിവസങ്ങളും എണ്ണി നാട്ടില്‍ കാത്തിരിപ്പായി...

ട്ര്‍ണീം..ട്ര്‍ണീം..ഫോണിന്റെ ശബ്ദം കദീസുവിനെ ചിന്തയില്‍ നിന്നുണര്‍ത്തി മറു തലക്കല്‍ ഉസ്മാന്‍ തന്നെ..
എന്നെത്തെയും പോലെത്തന്നെ ഇന്റര്‍നെറ്റ്‌ ഫോണില്‍ നിന്നുള്ള ക്ലിയറില്ലാത്ത കോള്‍..!

‘ഒഴിഞ്ഞ കുടം’ രൂപകല്പന ചെയ്തത്.. കൂതറHashimܓ